അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ വച്ച് കളിക്കില്ല; പരമാവധി ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇന്‍ഡ്യ

 


ന്യൂഡെല്‍ഹി: (www.kvartha.com 16.08.2021) വിചാരിച്ചതിലും വേഗത്തില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇതിനിടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ പരമാവധി ആളുകളെ അഫ്ഗാന്‍ മണ്ണില്‍ നിന്നും രക്ഷിക്കാനുള്ള ഉദ്യമത്തിലാണ് ഇന്‍ഡ്യ. 129 യാത്രക്കാരെയും വഹിച്ചു കൊണ്ട് കാബൂളില്‍ നിന്നുള്ള ആദ്യ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഡെല്‍ഹിയില്‍ എത്തിചേര്‍ന്നു. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ വച്ച് കളിക്കില്ല; പരമാവധി ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇന്‍ഡ്യ


അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് അഹമിദസായ് ഉള്‍പെടെയുള്ള യാത്രക്കാരുമായാണ് ഈ വിമാനം ഡെല്‍ഹിയില്‍ ഇറങ്ങിയത്. തന്റെ ജീവന്‍ ഏതു സമയത്തും അപകടത്തില്‍പ്പെടാം എന്നു മനസിലാക്കിയതിനാലാണ് രാജ്യം വിട്ടതെന്നും എത്രയും വേഗം തന്റെ കുടുംബാംഗങ്ങളെയും അവിടെ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അഹമിദസായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാബൂളിലെ വിമാനത്താവളം ഇപ്പോഴും അമേരികന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ തന്നെ ഇന്‍ഡ്യന്‍ വിമാനങ്ങള്‍ ഇപ്പോഴും സെര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇത് അധികം ദിവസം ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ രണ്ട് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി തിരിച്ച് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്‍ഡ്യ.

എംബസികളെയും ഉദ്യോഗസ്ഥരെയും ആക്രമിക്കില്ലെന്ന് താലിബാന്റെ ഉറപ്പ് ലഭിച്ചതിനാല്‍ റഷ്യ ഒഴിപ്പിക്കലിന് തിടുക്കം കാണിക്കുന്നില്ല. എന്നാല്‍ എന്നും താലിബാന്റെ കണ്ണിലെ കരടായ ഇന്‍ഡ്യക്ക് ഇത്തരത്തിലൊരു ഉറപ്പ് ലഭിക്കാത്തതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജീവന്‍ വച്ച് കളിക്കാന്‍ ഇന്‍ഡ്യ മുതിരാന്‍ സാധ്യതയില്ല.

അതേസമയം അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. 

ഇതിനിടെ അഫ്ഗാനിസ്ഥാനിലെ സാഹചര്യം പരിഗണിച്ച് റഷ്യ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന കൗണ്‍സിലിന്റെ യോഗം തിങ്കളാഴ്ച ചേരാനാണ് സാധ്യത. 

അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്റ് അശ്‌റഫ് ഗനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂര്‍ത്തിയാവും വരെ ഇടക്കാല സര്‍കാരിനെ ഭരണമേല്‍പിക്കാനാണ് ധാരണ. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സര്‍കാരിനെ നയിക്കുകയെന്നാണ് വിവരം. 

കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മന്‍ സേനയും കാബൂളിലെത്തി. വാഷിംഗ്ടണും ലന്‍ഡനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന്‍ അറിയിച്ചിരുന്നു.

ലന്‍ഡന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലന്‍ഡന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിടീഷ് പ്രതിരോധ സെക്രടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരികക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.

അമേരികയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് താലിബാന്‍ ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹമായിരിക്കും ഇന്‍ഡ്യപോലുള്ള ലോകരാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്‌നം. താജികിസ്ഥാന്‍, ഇറാന്‍ മുതലായ രാഷ്ട്രങ്ങളിലേക്കാണ് അഫ്ഗാനിസ്ഥാനികള്‍ കൂടുതലും പാലായനം ചെയ്യുന്നതെങ്കിലും ഇന്‍ഡ്യയിലേക്കും ഇവരുടെ ഒഴുക്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇന്‍ഡ്യ അഭയം നല്‍കാന്‍ സാധ്യതയുണ്ട്.

Keywords:  News, National, India, New Delhi, War, Taliban Terrorists, Afghanistan, Trending, We have contingency plans, says govt. sources on evacuation of Indian staff from embassy in Kabul
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia