കേന്ദ്ര സര്‍കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു; ഇനി മമതയുടെ മുഖ്യ ഉപദേഷ്ടാവ്
May 31, 2021, 19:01 IST
കൊല്‍ക്കത്ത: (www.kvartha.com 31.05.2021) കേന്ദ്ര സര്‍കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രടറി ആലാപന്‍ ബന്ദോപാധ്യായ തല്‍സ്ഥാനത്തുനിന്ന് വിരമിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും മമത അറിയിച്ചു. ബംഗാള്‍ ചീഫ് സെക്രടറിയെ ഡെല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദേശം പാലിക്കില്ലെന്നും മമത അറിയിച്ചു. അദ്ദേഹം ഡെല്‍ഹിയിലെത്തണമെന്ന് കേന്ദ്ര സര്‍കാര്‍ നിര്‍ബന്ധം പിടിക്കുകയാണ്. എന്നാല്‍ ബന്ദോപാധ്യായ വിരമിച്ച ഒഴിവില്‍ എച്ച് കെ ദ്വിവേദി പുതിയ ചീഫ് സെക്രടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
'അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സര്‍കാര്‍ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കോവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം ബംഗാളില്‍ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കോവിഡിന്റെയും യാസ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ആവശ്യമുണ്ട്. ജോലി ചെയ്യുന്നതിനായി ജീവിതം സമര്‍പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നും മമത ചോദിച്ചു.
അവര്‍ കരാര്‍ തൊഴിലാളികളാണോ? നിരവധി ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ ഇല്ലേ? ആരോടും ആലോചിക്കാതെ ഞാന്‍ അവരെ തിരിച്ച് വിളിച്ചാല്‍ എന്താകും സ്ഥിതി .. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, തിരക്കുള്ള പ്രധാനമന്ത്രി, മന് കി ബാത്ത് പ്രധാനമന്ത്രീ ...' എന്നിങ്ങനെ മമത പരിഹസിച്ചു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ നിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രടറിയെ കേന്ദ്ര സര്‍കാര്‍ തിരിച്ചുവിളിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കേന്ദ്രത്തില്‍ റിപോര്‍ടു ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിരുന്നു. അവലോകന യോഗത്തില്‍നിന്ന് വിട്ടുനിന്ന മമത ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ പോകുകയും ചെയ്തു.
മമതയുടെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് തൊട്ടുപിന്നാലെ കേന്ദ്ര സര്‍കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രടറിയെ തിരിച്ചുവിളിച്ചത്.
Keywords: West Bengal chief secretary retires, appointed CM Mamata's adviser amid Centre-state row, Kolkota, West Bengal, Mamata Banerjee, Criticism, Prime Minister, Narendra Modi, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.