Politics| അന്ന് കരുണാകരനെങ്കിൽ ഇന്ന് ശരത് പവാർ! ചെന്നിത്തല ഇത് മറക്കരുത്
Feb 16, 2024, 11:05 IST
_മിൻ്റാ മരിയ തോമസ്_
(KVARTHA) ചില രാഷ്ട്രീയ വമ്പൻമാർ വീഴുന്നത് ഒരു പോലെയാകാറുണ്ട്. തങ്ങളുടെ പാർട്ടി, കുടുംബത്തിന് തീറെഴുതാൻ എപ്പോൾ നേതാക്കൾ വെമ്പുന്നുവോ അപ്പോൾ പാർട്ടിയിലും വ്യക്തിപരമായും അവർക്ക് ഇടർച്ചയനുഭവപ്പെടുന്നത് കാണാം. അങ്ങനെ ഇല്ലാതെ പിടിച്ചു നിന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ ചുരുക്കം ചില നേതാക്കൾ മാത്രം. ഇപ്പോൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതും മറ്റൊന്നല്ല. വളരെക്കാലം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെ ആയിരുന്ന ആളായിരുന്നു എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഒരുകാലത്ത് മഹാരാഷ്ട്രയിൽ എതിരാളികൾ പോലും ഇല്ലാതിരുന്ന അനിഷേധ്യ നേതാവ്. മറ്റൊരു സമയത്ത് ദേശീയ രാഷ്ട്രീയത്തിലെ കിങ്ങ് മേക്കർ. ഇന്നത്തെ രാഹുലിൻ്റെയും സോണിയായുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലും വിരൽത്തുമ്പിൽ ഇട്ട് അമ്മാനമാടിയ ആൾ എന്ന് വേണമെങ്കിലും ശരത് പവാറിനെ വിശേഷിപ്പിക്കാം.
(KVARTHA) ചില രാഷ്ട്രീയ വമ്പൻമാർ വീഴുന്നത് ഒരു പോലെയാകാറുണ്ട്. തങ്ങളുടെ പാർട്ടി, കുടുംബത്തിന് തീറെഴുതാൻ എപ്പോൾ നേതാക്കൾ വെമ്പുന്നുവോ അപ്പോൾ പാർട്ടിയിലും വ്യക്തിപരമായും അവർക്ക് ഇടർച്ചയനുഭവപ്പെടുന്നത് കാണാം. അങ്ങനെ ഇല്ലാതെ പിടിച്ചു നിന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിൽ ചുരുക്കം ചില നേതാക്കൾ മാത്രം. ഇപ്പോൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതും മറ്റൊന്നല്ല. വളരെക്കാലം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെ ആയിരുന്ന ആളായിരുന്നു എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഒരുകാലത്ത് മഹാരാഷ്ട്രയിൽ എതിരാളികൾ പോലും ഇല്ലാതിരുന്ന അനിഷേധ്യ നേതാവ്. മറ്റൊരു സമയത്ത് ദേശീയ രാഷ്ട്രീയത്തിലെ കിങ്ങ് മേക്കർ. ഇന്നത്തെ രാഹുലിൻ്റെയും സോണിയായുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലും വിരൽത്തുമ്പിൽ ഇട്ട് അമ്മാനമാടിയ ആൾ എന്ന് വേണമെങ്കിലും ശരത് പവാറിനെ വിശേഷിപ്പിക്കാം.
ഇപ്പോൾ സ്വന്തം പാർട്ടിയുടെ ലീഡർഷിപ്പ് തൻ്റെ കൈയ്യിൽ മഹാരാഷ്ട്രയിൽ പോലും നിലനിർത്താൻ ശരത് പവാർ ഈ 83 -ാം വയസ്സിൽ സ്വന്തം സഹോദരപുത്രനോട് പോരാടുന്ന ദയനീയ കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറും സഹോദരപുത്രൻ അജിത് പവാറും തമ്മിൽ പാർട്ടി ലീഡർഷിപ്പ് പിടിച്ചെടുക്കാനുള്ള പോരാട്ടം ഇപ്പോൾ നാൾക്ക് നാൾ ശക്തി പ്രാപിച്ചു വന്നുകൊണ്ട് ഇരിക്കുകയാണ്.
ശരത് പവാറിന് ഇപ്പോൾ 83 വയസായി. ഏറെക്കാലമൊന്നും ഇനി പാർട്ടി നേതൃത്തിൽ ഇരുന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അനന്തരവൻ അജിത് പവാറിന് നന്നായി അറിയാം. ശരത് പവാറിൻ്റെ മനസ്സിൽ താൻ മരിക്കുന്നതിന് മുൻപ് സ്വന്തം മകൾ സുപ്രിയ സുലേയെ പാർട്ടി നേതൃത്വം ഏൽപ്പിക്കുകയെന്നുള്ളതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം സീനിയർ നേതാക്കളെ പലരെയും കടത്തിവെട്ടി മകളെ എം.പി വരെ ആക്കി കൊണ്ടുവരികയും ചെയ്തു. ഈ അപകടം മുമ്പെ മണത്ത അജിത് പവാർ ശരത് പവാർ ജീവിച്ചിരിക്കെ തന്നെ പാർട്ടി തൻ്റെ കൈപ്പിടിയിൽ കൊണ്ടുവരുവാൻ മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. ഇപ്പോൾ അജിത് പവാർ പാർട്ടിയെ രണ്ട് കക്ഷണങ്ങളാക്കി പിളർത്തിയിരിക്കുന്നു. ബി.ജെ.പി യോടൊപ്പം ചേർന്ന് ഭരണം കൈയ്യാളുകളും ചെയ്യുന്നു. ഇലക്ഷൻ കമ്മീഷൻ്റെ ഔദ്യോഗിക അംഗീകാരവും അജിത് പവാർ നേതൃത്വം കൊടുക്കുന്ന എൻ.സി.പി ഘടകത്തിന് ലഭിക്കുകയും ചെയ്തു.
നിലവിൽ ശരത് പവാർ കോൺഗ്രസിലേയ്ക്ക് തിരിച്ചു വരുന്നു എന്നുള്ള വാർത്തകളാണ് കേൾക്കുന്നത്. അജിത് പവാർ വർഷങ്ങളായി മഹാരാഷ്ട്ര എൻ.സി.പി പാർട്ടി നേതൃത്വത്തിൽ ഉണ്ട്. ശരത് പവാറിൻ്റെ തണലിൽ വളർന്ന അജിത് പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി വരെയായി. മുഖ്യമന്ത്രി പദത്തിലെത്താൻ അജിത് പവാറിന് അവസരം ഉണ്ടായിട്ടും ശരത് പവാർ അതിന് പിന്തുണകൊടുത്തില്ല. ഇതാണ് അജിത് പവാറിനെ ചൊടിപ്പിപ്പിച്ചത്. മറ്റൊരിടത്ത് പാർട്ടി പ്രവർത്തന പരിചയമൊന്നും അത്രകണ്ട് ഇല്ലാതിരുന്ന മകളെ ശരത് പവാർ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ പിടിച്ചില്ലെങ്കിൽ പാർട്ടീ ഇനി ഒരിക്കലും പിടിച്ചെടുക്കാൻ കഴിയില്ലെന്നും ശരത് പവാർ ജീവിച്ചിരിക്കുമ്പോൾ മകളെ ശരത് പവാർ തന്നെ തൻ്റെ പിൻ ഗാമിയായി പ്രഖ്യപിക്കുമെന്നും അജിത് പവാറിന് അറിയാമായിരുന്നു. അതിന് തടയിടാനുള്ള ശ്രമമാണ് അജിത് പവാർ മുമ്പേ നടത്തിയത്. ഇതൊക്കെ മുതലാക്കി കലക്ക വെള്ളത്തിൽ മീൻ പിടിച്ച് ബി.ജെ.പിയും രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ ലക്ഷ്യം ഫലിക്കുകയും ചെയ്തു. എൻ.സി.പി പിളർത്തി അതിലെ ഒരു ഘടകത്തെ തങ്ങൾക്ക് ഒപ്പം നിർത്താൻ ബി.ജെ.പി ക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.
മുൻപ് ഇതിന് സമാനമായ ഒരു കാഴ്ച ചെറുതാണെങ്കിലും കേരളത്തിലും ഉണ്ടായി. ഒരു വേളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരളത്തിലെ എക്കാലത്തെയും കിങ്ങ് മേക്കർ ലീഡർ കെ.കരുണാകരൻ തന്നെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്തും രാജീവ് ഗാന്ധിയുടെ കാലത്തും ഒരാളെ രാഷ്ട്രീയത്തിൽ വാഴിക്കാനും വീഴിക്കാനും കെൽപ്പുള്ള ഏക നേതാവ് കേരളത്തിൽ ലീഡർ കെ.കരുണാകരൻ തന്നെ ആയിരുന്നു. അന്ന് കോൺഗ്രസിൽ കേരളത്തിൽ രണ്ട് പ്രബലഗ്രൂപ്പുകൾ തന്നെയുണ്ടായിരുന്നു. കരുണാകരൻ്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും, എ കെ ആൻ്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും. ഇതൊക്കെ ആണെങ്കിൽ പോലും കേന്ദ്രത്തിൽ അന്ന് സ്വാധീനമുള്ള ഗ്രൂപ്പ് കരുണാകരൻ്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് തന്നെയായിരുന്നു. ലീഡർ അങ്ങനെ പാർട്ടിയെയും അധികാരം കിട്ടുമ്പോൾ സംസ്ഥാനത്തെയും അടക്കിഭരിച്ചു പോന്നു. അതുകൊണ്ട് തന്നെ പല വിശ്വസ്തരും അധികാരങ്ങളും സ്ഥാനങ്ങളും മോഹിച്ച് കരുണാകരനെ ചുറ്റിപ്പറ്റി നിന്നു.
കരുണാകരൻ പറയുന്നതിൽ അന്ന് വിശ്വസ്തർക്ക് എതിർവാക്ക് ഇല്ലായിരുന്നു. എന്നു മാത്രമല്ല. കരുണാകരന് ശേഷം താൻ ആകും പിൻഗാമി എന്ന് വിശ്വസിച്ചു നടന്ന പലരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അപ്പോഴാണ് ലീഡർ മകൻ കെ മുരളീധരനെ രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ ശ്രമം ആരംഭിച്ചത്. അപ്പോൾ മുതൽ ലീഡറുടെ കൂടെ നിന്ന പല വിശ്വസ്തർക്കും കല്ലുകടി ആരംഭിച്ചു. ആദ്യം ലീഡർ കെ. കരുണാകരൻ മകനെ കോൺഗ്രസ് സേവദൾ ചെയർമാൻ ആക്കി ഉയർത്തിക്കൊണ്ടു വന്നു. ഈ അവസരം മുതലാക്കി എ. കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും കളിച്ചു.
ഐ ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരു വിള്ളൽ സൃഷ്ടിക്കുവാൻ മുരളിക്ക് വേണ്ട പിന്തുണ നിർലോഭം നൽകുകയായിരുന്നു അവർ. തൽഫലമോ എ കെ. ആൻ്റണിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിൽ ജൂനിയർ ആയ കെ. മുരളീധരൻ സീനിയർ നേതാക്കൾ ഇരിക്കെ എം.പിയും, കെ.പി.സി.സി പ്രസിഡൻ്റു കടന്ന് സംസ്ഥാന വൈദ്യുതി മന്ത്രി വരെ ആയെന്ന് ചരിത്രം. രമേശ് ചെന്നിത്തല, ജി.കാർത്തികേയൻ, എം.ഐ. ഷാനവാസ് തുടങ്ങി പാർട്ടിക്ക് വേണ്ടി തല്ലും അടിയും കൊണ്ട് വളർന്ന് കരുണാകരൻ്റെ കൂട്ടത്തിൽ എന്നും അടിയുറച്ചു നിന്ന പല സീനിയർ നേതാക്കളെയും വെട്ടിയൊതുക്കിയായിരുന്നു മുരളീധരൻ്റെ ഈ വളർച്ച മുഴുവനും.
ലീഡർ കരുണാകരനെപ്പറ്റി പറയുകയാണെങ്കിൽ, കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയാൽ ഭാവി മുഖ്യമന്ത്രിയായി കെ.മുരളീധരനെ കണ്ടാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് വളരെ വ്യക്തമാണ്. താൻ എന്തുകൊണ്ട് വന്നാലും കൂട്ടത്തിൽ നിൽക്കുന്നവർ അത് അപ്പാടെ വിഴുങ്ങിക്കൊള്ളുമെന്ന് ലീഡർക്ക് അമിതവിശ്വാസമായിരുന്നു. അവിടെ വിള്ളൽ വീഴുകയായിരുന്നു. ആ വിശ്വാസത്തിനാണ് ശരിക്കും വിള്ളൽ ഉണ്ടായത്. ഇതുമൂലം ലീഡറുടെ ഐ ഗ്രൂപ്പിൽ തന്നെ രമേശ് ചെന്നിത്തല, ജി.കാർത്തികേയൻ, എം. ഐ ഷാനവാസ് എന്നിവരുടെ നേതൃത്തിൽ തിരുത്തൽ വാദി എന്ന പേരിൽ പുതിയ വിമത ഗ്രൂപ്പ് തന്നെ ഉടലെടുത്തു. പിന്നീട് ഇവരൊക്കെ പുതിയ ഗ്രൂപ്പ് ആയി നിന്നുകൊണ്ട് കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന് ലീഡറുടെ നയങ്ങളെ നഖശിഖാന്തം എതിർക്കുന്നതാണ് കണ്ടത്. കളിയിൽ വിജയിച്ചത് ശരിക്കും എ ഗ്രൂപ്പ് തന്നെ ആയിരുന്നു. അവർ ഉദ്ദേശിച്ചത് നടന്നു. കരുണാകരനെയും ഐ ഗ്രൂപ്പിനെയും ഒതുക്കുക.
കരുണാകരൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നാൽ, താൻ എവിടെയെങ്കിലും മാറുകയോ മറ്റോ ചെയ്താൽ അധികാരം എ. ഗ്രൂപ്പിലെ എത്ര സീനിയർ നേതാക്കൾ ഉണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ആളുകൾക്ക് സമ്മാനിക്കുകയായിരുന്നു പതിവ്. മുഖ്യമന്ത്രിയായിരുന്ന ലീഡർ കരുണാകരൻ ഒരിക്കൽ കാർ ആക്സിഡൻ്റ് പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ പകരം ചുമതല നൽകിയത് തൻ്റെ മന്ത്രി സഭയിലെ രണ്ടമനായിരുന്ന ഉമ്മൻ ചാണ്ടിക്ക് അല്ലായിരുന്നു. അദ്ദേഹം എ ഗ്രൂപ്പ് കാരൻ ആയതിനാൽ അദ്ദേഹത്തെ ഒഴിവാക്കി, ആ ചുമതല അത്രയൊന്നും പ്രാധാന്യം ഇല്ലാത്ത തൻ്റെ ഗ്രൂപ്പിലെ വിശ്വസ്തൻ സി.വി.പത്മരാജന് നൽകുകയായിരുന്നു. ഇതൊക്കെ ശരിക്കും എ ഗ്രൂപ്പിനെയും പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയെപ്പോലുള്ളവരെയും ശത്രുക്കൾ ആക്കി.
പിന്നീട് മുരളിയുടെ വരവും ഗ്രൂപ്പിലെ തിരുത്തൽ വാദി ഗ്രൂപ്പും ഒക്കെ ആയപ്പോൾ ശക്തി ക്ഷയിച്ച ഐ ഗ്രൂപ്പിനെയും ലീഡറെയും ആണ് കാണാൻ കഴിഞ്ഞത്. ചാരക്കേസ് ഉയർത്തി കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ എ ഗ്രൂപ്പ് ഘടക കക്ഷികളെയും ചേർത്ത് ചരട് വലിച്ചപ്പോൾ തൻ്റെ ഗ്രൂപ്പിൽ നിന്ന് വേണ്ടപ്പെട്ടവരുടെ പിന്തുണ പോലും കിട്ടാതെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പടിയിറങ്ങേണ്ടി വന്ന കരുണാകരനെ ആയിരുന്നു എല്ലാവരും കണ്ടത്. പകരം മുഖ്യമന്ത്രിയായി വന്നത് എ ഗ്രൂപ്പിൻ്റെ അനിഷേധ്യ നേതാവ് എ കെ ആൻ്റണിയും. അതോടെ എ ഗ്രൂപ്പിൻ്റെ കേരളത്തിലെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയും ഐ ഗ്രുപ്പ് ക്ഷയിക്കുകയും ആയിരുന്നു. പിന്നീട് കുറച്ച് കാലം കരുണാകരൻ കേന്ദ്രത്തിൽ കേന്ദ്രമന്ത്രി ആയിരുന്നെങ്കിലും പഴയ പ്രതാപം ഉണ്ടാക്കാനോ പിന്നീട് ഒരിക്കൽ പോലും കേരളത്തിൽ മുഖ്യമന്ത്രിയാകാനോ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
പിന്നീട് കോൺഗ്രസുമായി ഇടഞ്ഞ് പുതിയ പാർട്ടി ഡി.ഐ.സി രൂപീകരിച്ചെങ്കിലും അതും ക്ലച്ച് പിടിച്ചില്ല. ഇടതുമുന്നണിയുമായി സംഖ്യത്തിൽ ഏർപ്പെടാൻ ഡി. ഐ.സി പോയെങ്കിലും വി.എസ് അച്യുതാനന്ദനെപ്പോലുള്ള മുതിർന്ന നേതാക്കൾ അതിന് തടയിടുകയായിരുന്നു. പിന്നീട് ഡി.ഐ.സി ശരത് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി യിൽ ലയിച്ചു. കെ. മുരളീധരൻ എൻ.സി.പി യുടെ സംസ്ഥാന പ്രസിഡൻ്റുമായി. എന്നിട്ട് പോലും ഒന്നുമാകാൻ അച്ഛനോ മകനോ പറ്റിയില്ലെന്നു മാത്രമല്ല. പഴയ ശക്തി തെളിയിക്കുവാനും ഇവർക്ക് സാധിച്ചില്ല. ഒടുവിൽ 3 രൂപ മെമ്പർഷിപ്പ് വീണ്ടും എടുത്ത് കരുണാകരനും മകനും തങ്ങളുടെ പഴയ തറവാട്ടിലേയ്ക്ക് മടങ്ങി വരുന്നതാണ് കണ്ട്. പണ്ട് മെമ്പർഷിപ്പ് ധാരാളം പേർക്ക് കൊടുത്തിരുന്നവർ മെമ്പർഷിപ്പ് എടുത്ത് വരേണ്ട ഗതികേട്. ഇത് ഒരുപക്ഷേ, ഇവരുടെ മാത്രം ഗതികേട് ആയിരിന്നിരിക്കാം.
അതോടെ കെ.കരുണാകരൻ പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. പാർട്ടിയിൽ തിരിച്ചെത്തിയ കെ. മുരളിധരൻ ഇപ്പോൾ കോൺഗ്രസിൻ്റെ കരുത്തനായി നേതാവ് ആയി തുടരുന്നു. പാർട്ടി വിട്ട് അന്ന് പോയിരുന്നില്ലെങ്കിൽ കെ.മുരളീധരൻ ഇന്ന് ഒരുപക്ഷേ കേരളത്തിൻ്റെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഒക്കെ ആകേണ്ട ആളായിരുന്നു. മുരളീധരൻ പാർട്ടി യിൽ നിന്ന് മാറി നിന്ന കാലത്ത് പല ജൂനിയർ നേതാക്കളും മുരളിധരനെക്കാളും വളർന്നു എന്നതാണ് യാഥാർത്ഥ്യം. ശരിക്കും പറഞ്ഞാൽ കൂട്ടത്തിൽ ഉള്ളവർ എന്തിൻ്റെ പേരിൽ ആയാലും എത്ര മാറിയാലും സീനിയർ നേതാക്കൾക്ക് അത് നഷ്ടം തന്നെയാണ്.
മഹാരാഷ്ട്രയിൽ അനന്തരവൻ ആണ് ശരത് പവാറിന് പാർ ട്ടി യിൽ പ്രശ്നം ആയതെങ്കിൽ കേരളത്തിൽ കരുണാകരന് പാരയായത് വിശ്വസ്ത സുഹൃത്തുക്കൾ തന്നെ. വിഷയം രണ്ടും ഒന്ന് തന്നെ, അതായത്, മക്കൾ രാഷ്ട്രിയം. രമേശ് ചെന്നിത്തലയൊക്കെ ഇത് ഓർക്കുന്നുണ്ടോ ആവോ.?
Keywords: News-Malayalam-News, National, Politics, Congress, NCP, What happened for NCP and Sharad Pawar?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.