Ancient Warfare | ആനകളെ യുദ്ധങ്ങൾക്ക് ഉപയോഗിച്ചിരുന്നത് എന്തിന്? 

 
Elephants used in ancient warfare, historical war tactics
Elephants used in ancient warfare, historical war tactics

Representational Image Generated by Meta AI

● ആദിമകാലത്ത് പല സാമ്രാജ്യങ്ങളുടെയും സൈന്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു ആനകൾ. 
● പിൽക്കാലത്ത് കരയുദ്ധത്തിലെ ടാങ്കുകൾ പോലെ ഇവ യുദ്ധഭൂമിയിൽ വിഹരിച്ചു. 
● 4000 വർഷങ്ങൾക്ക് മുൻപ് പ്രാചീന ഇന്ത്യയിലാണ് ആദ്യമായി ആനകളെ ഇണക്കിയെടുത്തതെന്ന് കരുതുന്നു. 

കെ ആർ ജോസഫ് 

(KVARTHA) ആനകൾ എന്ന് കേട്ടാൽ ചെറുതായി ഒന്ന് നോക്കാത്തവർ ആരും തന്നെയുണ്ടാകില്ല. അത്രയ്ക്ക് ചന്തമാണ് ആനകൾക്ക്. ഒപ്പം തന്നെ ഏറ്റവും വലിയ മൃഗവും. ആനകളുടെ കുലുങ്ങി കുലുങ്ങിയുള്ള നടത്തത്തിന് തന്നെ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഇന്ന് നമ്മുടെ നാട്ടിൽ ഭാരമേറിയ തടികൾ വലിക്കുന്നതിനും അമ്പലങ്ങളിലെ എഴുന്നുള്ളിപ്പിനുമൊക്കെയാണ് ആനകളെ പ്രധാനമായും ഉപയോഗിച്ചു വരുന്നത്. എന്നാൽ ആദിമകാലത്തെ പല ചരിത്രങ്ങളും പരിശോധിച്ചാൽ ആനകളെ പണ്ട് കാലത്ത് യുദ്ധങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി കാണാം. പല ചരിത്ര പുസ്തകളിലും ഇത് സൂചിപ്പിക്കുന്നുണ്ട്. ആനകളെ  യുദ്ധങ്ങൾക്ക് ഉപയോഗിച്ചിരുന്നത് എന്തിന്? എന്ന് സുചിപ്പിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ ആകർഷിക്കുകയാണ്.

കുറിപ്പിൽ പറയുന്നത്: ആദിമകാലത്ത് പല സാമ്രാജ്യങ്ങളുടെയും സൈന്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു ആനകൾ. ആനകളുടെ വലിയ രൂപവും പേടിപ്പെടുത്തുന്ന ചിന്നം വിളിയും എതിർ സൈന്യത്തിന്റെ സൈനികരിൽ ഭീതി നിറച്ചു. പിൽക്കാലത്ത് കരയുദ്ധത്തിലെ ടാങ്കുകൾ പോലെ ഇവ യുദ്ധഭൂമിയിൽ വിഹരിച്ചു. ഭാരമേറിയ യുദ്ധോപകരണങ്ങൾ വഹിച്ച് കൊണ്ട് തീർത്തും ദുർഘടമായ ഭൂമേഖലകൾ പോലും താണ്ടാനുള്ള കഴിവാണ് ആനകളെ യുദ്ധരംഗത്ത് നിർണായകമാക്കിയത്. ആനകളുടെ കൊമ്പുകളിൽ മൂർച്ചയേറിയ ഘടനകൾ വയ്ക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. 

അമ്പും വില്ലും ഉപയോഗിക്കുന്ന വർ ആനപ്പുറത്ത് യുദ്ധം ചെയ്യുന്നത് താഴെ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് ഇവരെ സംരക്ഷിച്ചു. 4000 വർഷങ്ങൾക്ക് മുൻപ് പ്രാചീന ഇന്ത്യയിലാണ് ആദ്യമായി ആനകളെ ഇണക്കിയെടുത്തതെന്ന് കരുതുന്നു. യുദ്ധാവശ്യത്തിനല്ല, മറിച്ച് കാർഷികമായ ആവശ്യങ്ങൾക്കായിരുന്നു ആദ്യം ഇവ ഉപയോഗിക്കപ്പെട്ടത്. ഇന്ത്യയിലെ വിവിധ സാമ്രാജ്യങ്ങൾ പിന്നീട് ആനകളെ തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്തി. അക്കാലത്ത് ഇന്ത്യൻ സാമ്രാജ്യങ്ങളുടെ സൈന്യങ്ങൾ ചതുരംഗ സമ്പ്രദായം ഉപയോഗിച്ചവയാണ്. നാലു ഘടനയുള്ള ചതുരംഗത്തിൽ ഒരെണ്ണം ആനകളായിരുന്നു. 

കാട്ടാനകളെ കെണിവച്ച് പിടിച്ച് ഇണക്കിയെടുത്തായിരുന്നു സൈന്യത്തിൽ ചേർത്തിരുന്നത്. ആണാനകൾ മാത്രമാണ് യുദ്ധരംഗത്ത് ഇറങ്ങിയിരുന്നത്. ആണാനകളുമായി യുദ്ധം ചെയ്യുമ്പോൾ പെണ്ണാനകൾ തിരിഞ്ഞോടുന്നതാണ് പെണ്ണാനകളെ യുദ്ധരംഗത്ത് നിന്ന് ഒഴിവാക്കാൻ കാരണം. എന്നാൽ യുദ്ധാവശ്യത്തിനുള്ള ഭാരം വഹിക്കലിനും മറ്റും പെണ്ണാനകൾ ഉപയോഗിക്കപ്പെട്ടു. ആനകൾ വളരെ ബുദ്ധിശക്തിയുള്ള ജീവികളായതിനാൽ ഇവയെ പരിശീലിപ്പിക്കാൻ എളുപ്പമായിരുന്നു. യുദ്ധരംഗത്ത് സൈനികരോടും ഇവ സഹകരിച്ചു. എന്നാൽ ചിലപ്പോഴൊക്കെ ഇവ അനുസരണക്കേട് കാട്ടുകയും യുദ്ധരംഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 

അതിനാൽ തന്നെ പാപ്പാൻമാരുടെ സേവനം യുദ്ധഭൂമിയിലും ആവശ്യമായിരുന്നു. ഇതു തിരിച്ചറിഞ്ഞ ശത്രുസൈനികർ പാപ്പാൻമാരെ വകവരുത്താൻ നോക്കുന്നത് പതിവായിരുന്നു. ഇന്ത്യൻ മേഖലയിൽ ചരിത്രകാലത്ത് ആനകളെ ഉപയോഗിച്ച് നടത്തിയ യുദ്ധങ്ങളിൽ ഏറ്റവും പ്രശസ്തം അലക്‌സാണ്ടറും പോറസ് രാജാവും തമ്മിലുള്ള യുദ്ധമാണ്. 326 ബിസിയിൽ സിന്ധു നദിക്കരയിൽ നടന്ന ഈ യുദ്ധത്തിൽ ഇരുന്നൂറോളം യുദ്ധ ആനകൾ പോറസിന്റെ പടയിൽ രംഗത്തിറങ്ങി. ഈ ആനകൾ അലക്‌സാണ്ടറുടെ ഗ്രീക്ക് പടയെ തീർത്തും പ്രതിസന്ധിയിലാക്കിയെന്ന് ചരിത്രകാരൻമാർ പറയുന്നു. 

എന്നാൽ പേർഷ്യൻ രാജാവായ ഡാരിയസിന്റെ ആനപ്പടയുമായി തൊട്ടുമുൻപ് യുദ്ധം ചെയ്ത അലക്‌സാണ്ടറിന് യുദ്ധഭൂമിയിലെ ആനകൾ ഒരു പുതിയ കാഴ്ച ആയിരുന്നില്ല. പ്രാചീന ഗ്രീക്ക്, റോമൻ, പേർഷ്യൻ സൈന്യങ്ങളൊക്കെ ആനകളെ പടയിൽ ഉൾപ്പെടുത്തിയതായി ചരിത്രമുണ്ട്. പിൽക്കാലത്ത് പല യുദ്ധമുറകളും കാലഹരണപ്പെട്ടതിനനുസരിച്ച് ആനകളെ ഉപയോഗിച്ചുള്ള പോരാട്ടരീതിയും കാലഹരണപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ ബർമയിലെയും തായ്‌ലൻഡിലെയുമൊക്കെ ചതുപ്പുകൾ മറികടക്കാൻ ജപ്പാൻ സൈന്യം ആനകളെ ഉപയോഗിച്ചിരുന്നു. യുഎസ് പങ്കെടുത്ത വിയറ്റ്‌നാം യുദ്ധത്തിൽ വിയറ്റ് കോങ് പ്രക്ഷോഭകാരികൾ തെക്കൻ വിയറ്റ്‌ നാമിലേക്ക് ആയുധങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചിരുന്നത് ആനകളെ ഉപയോഗിച്ചാണ്'.

ആനകളെക്കുറിച്ച് വലിയൊരു അറിവ് നൽകുന്നു ഈ വിവരണത്തിലൂടെ. വിദ്യാർത്ഥികൾക്കും മറ്റ് ചരിത്രാനേഷികൾക്കുമൊക്കെ പുതിയൊരു അറിവാകും ഇതിലൂടെ ലഭിക്കുക. ആനകൾ എന്നാൽ ഇന്ന് പാരമ്പര്യത്തിൻ്റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകങ്ങളായി കാണുന്നവരും അനേകർ ആണ്. അതിനാൽ വളരെയധികം ഗജവീരന്മാരെ അണിനിരത്തി പരിപാടികൾ പൊലിപ്പിക്കുന്നതും ഇന്ന് പലരുടെയും ഒരു വിനോദമായിരിക്കുന്നു. അതിന് എത്ര തുക മുടക്കാനും പലരും തയാറാകുന്നു എന്നതാണ് യാഥാർത്ഥ്യം.

#ElephantsInWarfare, #AncientBattles, #HistoryOfWar, #ElephantHistory, #IndianMilitary, #WarAnimals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia