Viral song | പാകിസ്താനി ഗായകന്‍ ചാഹത്ത് ഫത്തേ അലി ഖാന്റെ 'ബഡോ ബാഡി' എന്ന വൈറല്‍ ഗാനം യൂട്യൂബ് നീക്കംചെയ്തു
പ്രശസ്ത പാകിസ്താനി ഗായിക നൂര്‍ജഹാന്റെ ഗാനത്തിന്റെ കവര്‍ പതിപ്പായിരുന്നു ചാഹത്ത് ഫത്തേ അലി ഖാന്റെ ആലാപനത്തില്‍ ഏറെ ശ്രദ്ധനേടിയത്
ടോക് ഷോകളിലൂടെയും മറ്റും ശ്രദ്ധേയനായ ചാഹത് മുന്‍ ക്രികറ്റ് താരം കൂടിയാണ്. നിരവധി മീമുകളിലൂടെയും പ്രശസ്തനാണ്
ന്യൂഡെല്‍ഹി: (KVARTHA) പാകിസ്താനി ഗായകന്‍ ചാഹത്ത് ഫത്തേ അലി ഖാന്റെ 'ബഡോ ബാഡി' എന്ന വൈറല്‍ ഗാനം യൂട്യൂബ് നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഗാനമാണ് പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി യൂട്യൂബ് നീക്കം ചെയ്തത്. പ്രശസ്ത പാകിസ്താനി ഗായിക നൂര്‍ജഹാന്റെ ഗാനത്തിന്റെ കവര്‍ പതിപ്പായിരുന്നു ചാഹത്ത് ഫത്തേ അലി ഖാന്റെ ആലാപനത്തില്‍ ഏറെ ശ്രദ്ധനേടിയത്.
വ്യാഴാഴ്ചയാണ് ഖാന്റെ ഗാനം യൂട്യൂബില്‍ നിന്ന് നീക്കിയത്. പാകിസ്താന് പുറമേ ഇന്‍ഡ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഗാനം ഏറെ ചര്‍ച ചെയ്തിരുന്നു. 28 മില്യന്‍ പേര്‍ ഇതുവരെ ഗാനം കണ്ടുകഴിഞ്ഞു. ടോക് ഷോകളിലൂടെയും മറ്റും ശ്രദ്ധേയനായ ചാഹത് മുന്‍ ക്രികറ്റ് താരം കൂടിയാണ്. നിരവധി മീമുകളിലൂടെയും പ്രശസ്തനാണ്.
കാഷിഫ് റാണ എന്നാണ് 56-കാരനായ ചാഹത് ഫത്തേ അലി ഖാന്റെ യഥാര്‍ഥ പേര്. ലാഹോര്‍ നിവാസിയായ ഇദ്ദേഹം 2020-ല്‍ കോവിഡ് കാലത്താണ് പ്രശസ്തിയിലേക്കുയര്‍ന്നത്.1973-ല്‍ പുറത്തിറങ്ങിയ 'ബനാര്‍സി തഗ്' എന്ന ചിത്രത്തിലെ ഗാനമാണ് 'ബഡോ ബാഡി'. ഈ പാട്ടിന്റെ ഒരു ഭാഗമാണ് ചാഹത് ഖാന്‍ തന്റെ ശൈലിയിലാക്കി പാടിയത്. കവര്‍ സോങ് ഒരുക്കി ഒരു ക്ലാസിക് ഗാനത്തെ നശിപ്പിച്ചു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ആദ്യ കാലങ്ങളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും റീല്‍സിലടക്കം പിന്നീട് പാട്ട് ട്രെന്‍ഡായിരുന്നു.
വജ് ധാന്‍ റാവു റംഘാര്‍ എന്ന മോഡലാണ് ഗാനരംഗത്തില്‍ ചാഹത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഗാനരംഗത്തില്‍ അഭിനയിച്ചതിന് നിരവധി പേര്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നുവെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വജ് ധാന്‍ റാവു റംഘാര്‍ പറഞ്ഞിരുന്നു. ഈ ഗാനം തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും വസ്ത്രം വാങ്ങാന്‍പോലും പണമില്ലാതിരുന്ന അവസ്ഥയിലാണ് ഈ ഗാനത്തില്‍ അഭിനയിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.