NEET | യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മോദിക്ക് സാധിക്കും; എന്നാല്‍ ഇന്‍ഡ്യയിലെ ചോദ്യപേപര്‍ ചോര്‍ച തടയാനാകില്ലെന്ന പരിഹാസവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ആരും ഭയപ്പെടുന്നില്ല
നേരത്തെ മോദിക്ക് 56 ഇഞ്ച് നെഞ്ചളവായിരുന്നുവെങ്കില്‍ ഇപ്പോള്‍ നമ്പര്‍ പറയാന്‍ സാധിക്കില്ലെങ്കിലും 30-32 ആയി ചുരുങ്ങി
നേരത്തെ പ്രവര്‍ത്തിച്ചിരുന്നത് ജനങ്ങളെ ഭയപ്പെടുത്തി
ന്യൂഡെല്‍ഹി: (KVARTHA) തുടര്‍ചയായുള്ള ചോദ്യപേപര്‍ ചോര്‍ച വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പരിഹാസം. ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദിക്കെതിരെയുള്ള രാഹുലിന്റെ പരിഹാസം. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനം ആര്‍ എസ് എസ് - ബിജെപി കയ്യടക്കിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ആരും ഭയപ്പെടുന്നില്ല. നേരത്തെ 56 ഇഞ്ച് നെഞ്ചളവായിരുന്നുവെങ്കില്‍ ഇപ്പോള്‍ നമ്പര്‍ പറയാന്‍ സാധിക്കില്ലെങ്കിലും 30-32 ആയി ചുരുങ്ങിയെന്നും രാഹുല്‍ പരിഹസിച്ചു. നേരത്തെ ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍, ഇപ്പോള്‍ ആ ഭയം മാറി. നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല, വരാണസിയില്‍ നിന്ന് അദ്ദേഹത്തിന് ചെരിപ്പുകൊണ്ട് അടിയേറ്റത്. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നുവെങ്കില്‍ അടിക്കാന്‍ പേടിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ ഭയം മാറിയിരിക്കുന്നു. അവരുടെ പാര്‍ടിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നു. മോദി എന്ന പൊതുധാരണയെ പ്രതിപക്ഷം ഇല്ലാതാക്കിയിരിക്കുന്നു, മോദി എന്ന ധാരണ കഴിഞ്ഞു. ഇപ്പോള്‍ ശക്തമായ ഒരു പ്രതിപക്ഷമാണ് ഉള്ളത്. ഇതാണ് ശരിക്കുള്ള സമയം എന്നും രാഹുല്‍ പറഞ്ഞു.
മൂന്നാം മോദി സര്‍കാരിനെ 'പേപര്‍ ലീക് സര്‍കാര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. നീറ്റ് പരീക്ഷാ പേ ചര്‍ച സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി ജീ, നിങ്ങള്‍ പരീക്ഷയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇനി എപ്പോഴാണ് നിങ്ങള്‍ നീറ്റ് പരീക്ഷാ പേ ചര്‍ച സംഘടിപ്പിക്കുക? യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്. യുവജനങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കിയ മോദി സര്‍കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഖാര്‍ഗെ പറഞ്ഞു.
നീറ്റ് പരീക്ഷാ പേപര്‍ ചോര്‍ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് വിഷയത്തില്‍ ബിഹാര്‍, ഗുജറാത്ത്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്തുവെന്നും ഖാര്‍ഗെ പറഞ്ഞു. എപ്പോഴാണ് നീറ്റ് പരീക്ഷ റദ്ദ് ചെയ്യുന്നത് എന്ന് ചോദിച്ച ഖാര്‍ഗെ, പേപര്‍ ലീകുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രശ്‌നം ഇല്ലാതിരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്നും ചോദിച്ചു.
'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന യുജിസി നെറ്റ് പരീക്ഷ പേപര്‍ ചോര്‍ചയെ തുടര്‍ന്ന് പിറ്റേദിവസം റദ്ദ് ചെയ്യുന്നു. നീറ്റ് പരീക്ഷയുടെ പേപര്‍ ആദ്യം ചോരുന്നു, ഇപ്പോള്‍ യുജിസി നെറ്റ് പേപറും. മോദി സര്‍കാര്‍ പേപര്‍ ചോര്‍ച സര്‍കാരായി മാറി'- എന്ന് കോണ്‍ഗ്രസ് ഔദ്യോഗിക എക് സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍:
ചോദ്യ പേപര്‍ ചോര്‍ച രാജ്യത്തെ വലിയ പ്രശ്‌നമാണെന്ന് ഭാരത് ജോഡോ യാത്രാ വേളയില്‍ ഒരുപാട് വിദ്യാര്‍ഥികള്‍ എന്നോട് പരാതിപ്പെട്ടിരുന്നു. നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളുടെ ചോദ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ചോര്‍ന്നു. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇസ്രാഈലും ഗാസയും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാനും നരേന്ദ്ര മോദിക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
പക്ഷേ. ചില കാരണങ്ങളാല്‍ ഇന്‍ഡ്യയിലെ ചോദ്യ പേപര്‍ ചോര്‍ച തടയാനോ, തടയണമെന്ന് ആഗ്രഹിക്കാനോ മോദിക്ക് സാധിക്കുന്നില്ല. ഇത്തരം സംഭവങ്ങളിലൂടെ വിദ്യാര്‍ഥികളുടെ ഭാവിയാണ് അപകടത്തിലാകുന്നത്. വിദ്യാഭ്യാസ സംവിധാനത്തില്‍ ബിജെപിയുടെ മാതൃസംഘടനയുടെ സ്വാധീനമാണ് പ്രശ്‌നങ്ങളുടെ കാരണം. ഇതു പരിഹരിച്ചില്ലെങ്കില്‍ ഇത്തരം ചോദ്യ പേപര്‍ ചോര്‍ചകള്‍ ആവര്‍ത്തിക്കും.
മോദിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ഇത് രാജ്യവിരുദ്ധ പ്രവൃത്തിയാണ്. ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നുഴഞ്ഞുകയറുകയും നശിപ്പിക്കുകയുമാണ്. നോട നിരോധനത്തിലൂടെ സമ്പദ്വ്യവസ്ഥയെ മോദി നശിപ്പിച്ചപോലെ വിദ്യാഭ്യാസത്തെയും മോശമാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
11.21 ലക്ഷം പേരെഴുതിയ കോളജ് അധ്യാപന യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. നീറ്റ് യുജി പരീക്ഷയിലെ വിവാദങ്ങളെ തുടര്‍ന്നു പ്രതിരോധത്തിലായ ദേശീയ പരീക്ഷാ ഏജന്‍സിയാണ് (എന്‍ടിഎ) യുജിസി നെറ്റ് പരീക്ഷയും നടത്തിയത്. ഈ മാസം തന്നെ എന്‍ടിഎക്ക് റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണിത്. നാല് വര്‍ഷ ബിഎഡ് പ്രോഗ്രാമിലേക്ക് ജൂണ്‍ 12ന് നടത്തിയ നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (എന്‍സിഇടി) റദ്ദാക്കിയിരുന്നു.