Suresh Gopi | നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്? മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും
ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ നിര്‍ണായക യോഗം
എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു
ന്യൂഡെല്‍ഹി: (KVARTHA) ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ നിര്‍ണായക യോഗം ആരംഭിച്ചു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് സര്‍കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.
എന്‍ഡിഎയിലെ നിര്‍ണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന. സഖ്യകക്ഷികള്‍ക്ക് വീതിച്ച് നല്‍കുന്ന വകുപ്പുകളും മറ്റും ചര്‍ച ചെയ്ത് തീരുമാനമായെന്ന വിവരവും പുറത്തുവരുന്നുണ്ട്. സര്‍കാര്‍ ഉണ്ടാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ സഖ്യകക്ഷികള്‍ വിലപേശല്‍ തുടരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കേരളത്തില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ലോക് സഭ സീറ്റ് നേടിക്കൊടുത്ത തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം നിര്‍ദേശിച്ചതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് സുരേഷ് ഗോപി എത്തുമെന്നാണ് വിവരം. മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കിയെന്നും തമിഴ് നാടിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നതെന്നുമുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ വിജയിക്കുകയാണെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്നും അടുത്ത രണ്ടുവര്‍ഷത്തേക്ക് തനിക്ക് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അതിനുശേഷം മന്ത്രിയാകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞ് സുരേഷ് ഗോപി തൃശൂരില്‍ നിന്നും വിജയിച്ചതോടെ അദ്ദേഹത്തിന് അര്‍ഹമായ പദിവി നല്‍കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സുരേഷ് ഗോപിക്കൊപ്പം തിരുവനന്തപുരത്തുനിന്നും മത്സരിച്ച് നല്ല ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം നേടിയ രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനൊപ്പം ഇഞ്ചോടിഞ്ച് പൊരുതിയാണ് രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തെത്തിയത്.
തെലുങ്കുദേശം പാര്‍ടിക്ക് മൂന്ന് കാബിനറ്റ് പദവിയുള്‍പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങളും സ്പീകര്‍ സ്ഥാനവും നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ജെഡിയു അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത. നിലവില്‍ ജെഡിയുവിന് രണ്ട് കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേകപദവിയുമാണ് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. നിതീഷ് കുമാര്‍ ആവശ്യത്തിലുറച്ചുനിന്നാല്‍ മുന്നണി ചര്‍ചകള്‍ വീണ്ടും സങ്കീര്‍ണമാകും. റെയില്‍വേ മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെട്ടതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.