Birth Certificate | 'ജനനത്തീയതിക്ക് ആധാറോ പാൻ കാർഡോ പോര; ജനന സർട്ടിഫിക്കറ്റ് തന്നെ പ്രധാന രേഖ'; ഹൈകോടതി വിധി ചർച്ചയായി


● 'ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകളിലെ തീയതികൾ തെളിവായി കണക്കാക്കാനാവില്ല'
● 'ജനന, മരണ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയാണ് ശരിയായ ജനനത്തീയതി'
● ജനന സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ അനുവദനീയമല്ലെന്ന് കോടതി.
ഗാന്ധിനഗർ: (KVARTHA) ആധാർ, പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതികൾ ആധികാരികമായ തെളിവായി കണക്കാക്കാനാവില്ലെന്ന ഗുജറാത്ത് ഹൈകോടതിയുടെ വിധി ചർച്ചയായിരിക്കുകയാണ്. ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിയാണ് ഒരാളുടെ ശരിയായ ജനനത്തീയതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനന, മരണ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതിയാണ് ഒരാളുടെ ശരിയും സ്ഥിരീകരിക്കപ്പെട്ടതുമായ ജനനത്തീയതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. മറ്റ് രേഖകളിൽ വ്യക്തികൾ നൽകുന്ന വിവരങ്ങൾ പ്രകാരമാണ് ജനനത്തീയതി രേഖപ്പെടുത്തുന്നത്. എന്നാൽ ആശുപത്രി അധികൃതർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനന സർട്ടിഫിക്കറ്റിൽ തീയതി രേഖപ്പെടുത്തുന്നത്. അതിനാൽ ഇത് വിശ്വസനീയമായ ഒരു രേഖയാണെന്നും കോടതി നിരീക്ഷിച്ചു.
ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതിയും മറ്റ് രേഖകളിലെ തീയതിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി, ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ബർത്ത് ആൻഡ് ഡെത്ത് ആക്ട് 1969 പ്രകാരം ജനന സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ അനുവദനീയമല്ലെന്ന് എഎംസി വാദിച്ചു. ആശുപത്രി അധികൃതർ നൽകിയ രേഖകളും ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളും ഒത്തുപോകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ ഇതിനു മുൻപും ഹൈക്കോടതിയിൽ സമാനമായ ഹർജി നൽകിയിരുന്നു. അത് സിംഗിൾ ജഡ്ജ് ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് പ്രണവ് ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഹർജി തള്ളുകയും സിംഗിൾ ജഡ്ജ് ബെഞ്ചിന്റെ വിധി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ ജനന സർട്ടിഫിക്കറ്റ് തന്നെയാണ് ജനനത്തീയതിയുടെ ആധികാരിക രേഖയെന്ന വിഷയം കോടതി ഒരിക്കൽ കൂടി വ്യക്തമാക്കി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The Gujarat High Court rules that only the birth certificate is valid for confirming birth dates, while Aadhaar or PAN card details are not authoritative.
#GujaratHC #BirthCertificate #Aadhaar #PANCard #CourtRuling #IndianJudiciary