അരുവിക്കര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

 


അരുവിക്കര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
P.M Pramal, S. Anujith, Ajeesh. A
തിരുവനന്തപുരം: അരുവിക്കര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് മഞ്ച പോളി ടെക്‌നിക്കിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളായ അനുജിത്ത്, അജീഷ്,  പ്രമല്‍ എന്നിവരെയാണ് കാണാതായിരുന്നത്.
തിങ്കളാഴ്ച  രാവിലെ 10.30 ന് മഞ്ച ഗവ. പോളിടെക്‌നിക്കില്‍ നിന്നും ആറംഗ വിദ്യാര്‍ഥിസംഘം അരുവിക്കര ഡാം സന്ദര്‍ശിക്കാന്‍ പോയത്.
ഡാം സന്ദര്‍ശിച്ചശേഷം ഡാമിന് സമീപമുള്ള പാറയില്‍ ഫോട്ടോക്ക് പോസ്സുചെയ്യുന്നതിനിടയില്‍ പ്രമല്‍ കാല്‍വഴുതി പാറയില്‍ നിന്നും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. പ്രമലിനെ രക്ഷിക്കുന്നതിനിടയില്‍ അജീഷും, അനുജിത്തും അപകടത്തില്‍ പെടുകയായിരുന്നു. ഇവരോടൊപ്പം വന്ന മൂന്ന് പേര്‍ മാറി മറ്റൊരിടത്ത് നില്‍ക്കുന്നതിനിടയില്‍ ബഹളം കേട്ട് ഓടി എത്തി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. 12.45ഓടെ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കരക്കെടുത്തത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ മറ്റു കുട്ടികള്‍ ബോധമറ്റു വീണു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു.
മരിച്ച പ്രമല്‍ കടവിള വിളയ്ക്കാട്ടുവിള വീട്ടില്‍ പ്രകാശിന്റെയും മല്ലികയുടെയും മകനാണ്. സഹോദരി റീമ കിളിമാനൂര്‍ എച്ച് എസില്‍ 10 ക്ലാസ് വിദ്യാര്‍ഥിനിയാണ്. കടവിള വിപഞ്ചികയില്‍ കെ സിദ്ധാര്‍ത്ഥന്റെയും പ്രശോഭയുടെയും മകനാണ് മരിച്ച അനുജിത്ത്. സഹോദരന്‍ അഭിജിത്ത്. നെടുംപറമ്പ് നന്തായ്വനം കുന്നുവിള വീട്ടില്‍ പരേതനായ അനില്‍കുമാറിന്റെയും ലതയുടെയും മകനാണ് മരിച്ച അജീഷ്. സഹോദരന്‍ അനീഷ്.
  വൈകിട്ട് ആറ് മണിയോടെ ഇവരുടെ മൃതദേഹങ്ങള്‍ നഗരൂരില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയിരുന്നു.അഡ്വ. എ സമ്പത്ത് എം പി, എം എല്‍ എ മാരായ അഡ്വ. ബി സത്യന്‍, വി ശശി, പഞ്ചായത്ത് പ്രസിഡന്റ് എസ് സുഷ്മ, വൈസ് പ്രസിഡന്റ്, എം രഘു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. ഷിഹാബുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് കെ സുനി, സി പി എം ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നോവല്‍ രാജ്, കെ പി സി സി അംഗം ഇബ്രാഹീംകുട്ടി തുടങ്ങിയവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മരണപ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടു വളപ്പുകളില്‍ സംസ്‌കരിച്ചു.

Keywords:Obituary, Kerala, Thiruvananthapuram, Drowned, Aruvikkara Dam.

Also read:
  അരുവിക്കര ഡാമില്‍ 3 വിദ്യാര്‍ത്ഥികളെ കാണാതായി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia