Actor Prathap Pothen | ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

 



ചെന്നൈ: (www.kvartha.com) പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി.  പ്രശസ്ത നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്.

1952 ല്‍ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തന്‍ ഊട്ടിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിന് ശേഷം മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്തു.

Actor Prathap Pothen | ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു


1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം 'ആരവ'ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് 80 കളിലെ നിറവസന്തമായിരുന്നു. മലയാളം, തമിഴ് സിനിമകളില്‍ തരംഗമായിരുന്നു. ഭരതന്‍ ചിത്രം 'തകര'യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. 

1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.

പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അയത്‌നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകന്‍ എന്ന നിലയിലും നിര്‍മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്‍ഡ്യന്‍ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസുകളില്‍ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.  

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങള്‍ തലമുറയില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ശരിയായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. 

തന്റെ അവസാനകാലത്തും ഊര്‍ജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


Keywords:  News,National,chennai,India,Actor,Death,Obituary,Top-Headlines, Actor Prathap Pothen passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia