പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് 3 തവണ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം

 


മുംബൈ: (www.kvartha.com 16.07.2021) പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.

2018 ലും 2020 ലും രണ്ട് മസ്തിഷ്‌കാഘാതങ്ങള്‍ സുരേഖയ്ക്ക് സംഭവിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. സുരേഖയുടെ മാനേജരാണ് മരണവിവരം സ്ഥിരീകരിച്ചത്.

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് 3 തവണ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം

സുരേഖയുടെ മരണത്തില്‍ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം അനുശോചനം അറിയിച്ചു. മനോജ് ബാജ്പേയി, പൂജ ഭട്ട്, ദിവ്യേന്ദു, ദിവ്യ ദത്ത എന്നിവരും ഇതില്‍ ഉള്‍പെടുന്നു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആദരാഞ്ജലി അര്‍പിച്ചു. 'മുതിര്‍ന്ന നടി സുരേഖ സിക്രി ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം അവരുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ,' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുര്‍സി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

1995 ല്‍ മാമ്മോ, 2019 ല്‍ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ റെകോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും ഇവര്‍ വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്റ്റോറീസ് ആണ് അവസാന ചിത്രം.

1990 കള്‍ മുതല്‍ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. കഭി കഭി, സമയ്, കേസര്‍, സാഥ് ഫേരേ, ബാലിക വധു എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷന്‍ സീരീസുകള്‍.

പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭര്‍ത്താവ്. പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരിയാണ്.

Keywords:  Actor Surekha Sikri dies of cardiac arrest, Mumbai, News, Cinema, Actress, Bollywood, Dead, Obituary, Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia