Mystery | ബിജെപി യുവ വനിതാ നേതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍; കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തക
● ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
● പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണം.
● കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്.
● മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
സൂററ്റ്: (KVARTHA) ബിജെപി യുവ വനിതാ നേതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൂററ്റിലെ മഹിളാ മോര്‍ച്ച നേതാവായ ദീപിക പട്ടേല്‍ (34) ആണ് മരിച്ചത്. ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും അതേസമയം, ജീവനൊടുക്കാനുള്ള കാരണമായി പറയുന്ന കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണെന്നും പൊലീസ് അറിയിച്ചു.
മരണത്തിന് മുന്‍പ് കോര്‍പ്പറേറ്ററും സുഹൃത്തുമായ ചിരാഗ് സോലങ്കിയെ ദീപിക ഫോണ്‍ ചെയ്തിരുന്നതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ജീവിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് ദീപിക പറഞ്ഞതെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ചിരാഗ് സോലങ്കിയും അവരുടെ കുടുംബവും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചിരാഗും കുടുംബവും വീട്ടിലെത്തുമ്പോള്‍ ദീപികയുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. മൂന്നു മക്കള്‍ വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്നു. ചിരാഗ് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ദീപികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദീപികയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#BJP #Surat #India #death #mystery #investigation #politicalnews