പത്മഭൂഷണ്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

 


മുംബൈ: (www.kvartha.com 17.05.2014) ലീലാ ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായ സംരംഭങ്ങളുടെ അമരക്കാരനുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മോശം ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറി സ്വപ്നതുല്യമായ ജീവിതവിജയം കൈവരിച്ച ചരിത്രമാണ് കൃഷ്ണന്‍ നായരുടേത്.

2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കാല്‍ നൂറ്റാണ്ടോളം ലീല ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് ഉത്തരവാദിത്തങ്ങള്‍ മക്കളെ എല്‍പിച്ച ശേഷം  ഗ്രൂപ്പിന്റെ എമിററ്റസ് ചെയര്‍മാനായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഇന്ത്യയിലെ പ്രധാനനഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുമായി പടര്‍ന്നുപന്തലിച്ചുകിടക്കുന്ന ഒരു വന്‍ ഹോട്ടല്‍ ശൃംഖല കൃഷ്ണന്‍നായര്‍ പടുത്തുയര്‍ത്തി.

ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണന്‍നായര്‍ എന്ന ക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍ നായര്‍ കണ്ണൂര്‍ ജില്ലയിലെ അലവില്‍, കുന്നാവില്‍ അപ്പനായരുടെയും മാധവിയമ്മയുടേയും അഞ്ചാമത്തെ മകനായി 1922 ഫെബ്രുവരി ഒമ്പതിനാണ് ജനിച്ചത്. അമ്മ കര്‍ഷക സ്ത്രീയായിരുന്നു. അച്ഛന്‍  അംശം കോല്‍ക്കാരന്‍.

ഇന്റര്‍മീഡിയറ്റ് പാസായശേഷം 1942 ല്‍ പട്ടാളത്തില്‍ ചേരാനായി കൃഷ്ണന്‍ നായര്‍ ബാംഗ്ലൂരിലേക്കു പോയി. അവിടെ റിക്രൂട്ടിംഗ് ഓഫീസില്‍  കണ്ട ഒരു ഓഫീസറോട് ചോദിച്ചു. കാന്‍ യു ഗിവ് മി എ ജോബ്,സര്‍?  ആ ആത്മവിശ്വാസം ബോധ്യപ്പെട്ടിട്ടാകണം ഇന്റര്‍വ്യൂവിനു ശേഷം കൃഷ്ണന്‍ നായര്‍ പട്ടാളത്തിലെത്തി. സാലറി അഡ്വാന്‍സായി കിട്ടിയ 120 രൂപയില്‍ നിന്ന് രണ്ട് ജോഡി ട്രൗസറും ഷര്‍ട്ടും വാങ്ങി. ബാക്കി തുക വീട്ടില്‍ അമ്മയ്ക്കയച്ചുകൊടുത്തു. അമ്മ അത് കിട്ടി കരഞ്ഞിട്ടുണ്ടാകണം എന്ന് പിന്നീട് കൃഷ്ണന്‍ നായര്‍ വിവരിച്ചിട്ടുണ്ട്.

സൈന്യത്തിലായിരിക്കുമ്പോള്‍ തന്നെയായിരുന്നു കൃഷ്ണന്‍ നായരുടെ വിവാഹം. 1950 ല്‍ കണ്ണൂരിലെ പ്രശസ്ത വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.കെ.നായരുടെ മകള്‍ ലീലയുമായി വിവാഹം. പിന്നീട് ഭാര്യയുടെ പേര് ലോകത്തിലെ പ്രശസ്തമായ ഹോട്ടല്‍ ശൃംഖലയുടെ പേരിലേക്ക് മൊഴിമാറ്റിയ ചരിത്രമാണ് ഉണ്ടായത്.

പത്മഭൂഷണ്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു1957 ല്‍ ലീലാ ലെയ്‌സ് എന്ന വസ്ത്ര കമ്പനിയിലൂടെയായിരുന്നു വ്യവസായരംഗത്ത് കൃഷ്ണന്‍ നായരുടെ അരങ്ങേറ്റം. മുപ്പതാം വയസില്‍ മുംബൈയില്‍ വച്ചു സൈനിക സേവനം അവസാനിപ്പിച്ച് കൈത്തറി മേഖലയിലും വസ്ത്രവ്യവസായത്തിലും കൈവച്ചു. അവിടെ നിന്നു ഹോട്ടല്‍ ബിസിനസിലേക്കു കളം മാറ്റിയതാകട്ടെ അറുപത്തിയഞ്ചാം വയസില്‍. ഇന്ത്യന്‍ നഗരങ്ങളിലെങ്ങും വളര്‍ന്നുപന്തലിച്ച ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന് വിദേശങ്ങളില്‍ പോലും വേരുറപ്പിക്കാന്‍ കൃഷ്ണന്‍ നായരിലെ വ്യവസായിക്കായി. പതിവനുസരിച്ച്, ആളുകള്‍ ജോലിയില്‍നിന്നു വിരമിക്കുന്ന പ്രായവും പിന്നിട്ട ശേഷം ഹോട്ടല്‍ ബിസിനസിലേക്ക് കടന്ന ശേഷമാണ് കൃഷ്ണന്‍നായര്‍ ഈ നേട്ടങ്ങളെല്ലാം കയ്യടക്കിയത്.

മക്കള്‍: വിവേക് നായര്‍, ദിനേശ് നായര്‍ (രണ്ടുപേരും ലീല ഹോട്ടല്‍സ് സാരഥികള്‍). മരുമക്കള്‍:  മധുനായര്‍,   ലക്ഷ്മിനായര്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മുംബൈ ജുഹുവില്‍.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പയ്യന്നൂരും, കല്യാശേരിയും ഇടത് കോട്ട കാത്തു; മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ സിദ്ദീഖിനൊപ്പം

Keywords:  Mumbai, Dies, Obituary, Hospital, Hotel, Business Man, Captain, Leela Group, Leela Hotels, Business, Captain Krishnan Nair passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia