ചന്തേരമാഷിന് നാടിന്റെ വിട

 


ചന്തേരമാഷിന് നാടിന്റെ വിട
കണ്ണൂര്‍: നാടന്‍ കലാ ഗവേഷണരംഗത്തെ അതികായന്‍ എന്നു വിശേഷിപ്പിക്കാവുന്ന ചന്തേര മാഷിന് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. വടക്കേ മലബാറിലെ നാടന്‍ കലാരൂപങ്ങളുടെ ഗവേഷണങ്ങളില്‍ അവസാനവാക്കായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

നാടന്‍കലാ പഠനത്തിന് തുടക്കമിട്ട ആദ്യകാല ഗവേഷകന്‍, അധ്യാപകന്‍, കവി, പ്രസംഗകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, ഗാന്ധിയന്‍, സോഷ്യലിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് സി.എം.എസ്. ചന്തേര. കാസര്‍കോട് ജില്ലയില്‍ ചന്തേര റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറാണ് ചന്തേര മാഷിന്റെ തറവാട്. അധ്യാപകനായിരിക്കെ വിദ്യാഭ്യാസരംഗത്ത് നടമാടുന്ന അനീതിക്കും അഴിമതിക്കുമെതിരെ ലേഖനങ്ങള്‍ എഴുതി.

അധ്യാപക അവാര്‍ഡിലെ അഴിമതിയെക്കുറിച്ച് പത്രങ്ങളില്‍ എഴുതിയതിന് 1987ല്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഹൈക്കോടതി വഴി പോരാടി സ്‌കൂളില്‍ 1988ല്‍ ജോലിക്ക് തിരിച്ചുകയറി. ആദ്യകാലങ്ങളില്‍ കവിതയും ലേഖനങ്ങളും സി.എം. ശങ്കരന്‍ നായര്‍ എന്ന പേരിലാണ് എഴുതിയത്. പിന്നീട് 1960ഓടെ സി.എം.എസ്. ചന്തേര എന്ന പേരിലറിയപ്പെട്ടു. 1997-1998 കാലഘട്ടത്തില്‍ തെയ്യത്തെ തെരുവിലിറക്കി വികൃതമാക്കുന്നതിനെതിരെ ചന്തേര ശക്തമായി പ്രതികരിച്ചു. തെയ്യാട്ടക്കാര്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ചന്തേരമാഷ്.

തെയ്യം ഒരു അനുഷ്ഠാനമാണെന്നും ഉത്തരകേരളത്തിലെ ദൈവാരാധനാ സമ്പ്രദായങ്ങളിലൊന്നാണെന്നും അതുകൊണ്ട് ജാഥകളിലും തെരുവുകളിലും തെയ്യത്തെ പ്രദര്‍ശിപ്പിക്കുന്നത് തെറ്റാണെന്നും ചന്തേര വാദിച്ചു. അക്കാലത്ത് ഈ വിഷയം വലിയ ചര്‍ചയായി മാറിയിരുന്നു. ഉത്തരകേരള അനുഷ്ഠാന കലാസംരക്ഷണകേന്ദ്രം എന്ന സംഘടന രൂപീകരിക്കുകയും തെയ്യത്തെ പേക്കോലമാക്കുന്നതിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുംചെയ്തു.

ഗവേഷകനായ ചന്തേര അക്കാദമിക്ക് രംഗത്തെ സത്യസന്ധതയ്ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമാണ്. അതിലൊന്നാണ് തോറ്റം വിവാദം. സംഘക്കളിക്കും തിരിയുഴിച്ചിലിനും പാനയ്ക്കും കളമെഴുത്തിനും മറ്റും ചൊല്ലുന്ന കേരളമെങ്ങും പ്രചാരമുള്ള തിരുവര്‍കാട്ട് ഭഗവതി ഗദ്യത്തെ തെയ്യം തോറ്റമാക്കി സര്‍വകലാശാല പാഠപുസ്തകമാക്കിയ വിഷയത്തിലായിരുന്നു വാദപ്രതിവാദം നടന്നത്. ഫോക്‌ലോര്‍ ഗവേഷണ ചരിത്ര ത്തിലെ ഒരു പ്രധാന സംഭവമാണ് തോറ്റം വിവാദം. അടിയന്തരാവസ്ഥ കാലത്ത് സാഹിത്യ അക്കാദമി കണ്ണൂരില്‍ നടത്തിയ ചെറുശ്ശേരി സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച ബത്ത ചന്തേര തിരിച്ചയച്ച് പ്രതിഷേധിച്ചത് അക്കാലത്ത് സാഹിത്യരംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു.

അധ്യാപകര്‍ ശമ്പളവര്‍ദ്ധനവിനു വേണ്ടി പഠിപ്പുമുടക്കി സമരം നടത്തുന്ന പ്രവണതയെ ചന്തേര എതിര്‍ത്തു. അധ്യാപകന്‍ തൊഴിലാളിയല്ലെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പഠിപ്പുമുടക്കാതെ ഗാന്ധിയന്‍ സമരരീതി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അക്കാദമിക്ക് തലങ്ങളില്‍ നാടന്‍കലകള്‍ പഠനവിധേയമാകും മുമ്പ് ഉത്തര കേരളത്തിലെ കീഴാളകലകളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകനാണ് സി.എം.എസ്. ചന്തേര. തെയ്യം, പൂരക്കളി, കള മെഴുത്ത്, കോമരം തുള്ളല്‍ തുടങ്ങിയ അനുഷ്ഠാനകലകളെ കുറിച്ച് നടത്തിയ സമഗ്രപഠനമാണ് ഏറ്റവും ശ്രദ്ധേയം.

1967ല്‍ പ്രസിദ്ധീകരിച്ച കളിയാട്ടം എന്ന ചന്തേരയുടെ ഗ്രന്ഥം തെയ്യത്തെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനഗ്രന്ഥമാണ്. തെയ്യം അക്കാദമിക്ക് രംഗത്ത് ഒരു പഠനവിഷയമാകാനും ധാരാളം ഗവേഷകര്‍ ഈ വഴിക്ക് തിരിയാനും ഇടയാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് ചന്തേരയുടെ ഗ്രന്ഥങ്ങളാണ്. തെയ്യത്തോറ്റങ്ങള്‍ സര്‍വ്വകലാശാലാ തലത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തമായി വാദി ച്ചുകൊണ്ടാണ് 1967ല്‍ കളിയാട്ടം പ്രസിദ്ധീകരിച്ചത്. പിന്നീട് പത്തുവര്‍ഷം കഴിയുമ്പോഴേക്കും സര്‍വ്വകലാശാല തലത്തില്‍ ഫോക്‌ലോര്‍ ഗവേഷണം പുരോഗമിക്കുകയും തെയ്യം പാഠ്യവിഷയമാക്കുകയും ചെയ്തു. 'കളിയാട്ടം' അങ്ങനെ തെയ്യ ത്തെക്കുറിച്ചുള്ള ആദി പഠനഗ്രന്ഥമായി പില്‍ക്കാല ഗവേഷകര്‍ക്ക് വഴികാട്ടിയായി.

ഉത്തരകേരളത്തിലെ 400 ലധികം വരുന്ന തെയ്യങ്ങളെ പ്രതിഷ്ഠാടിസ്ഥാനത്തില്‍ വകുപ്പ് തിരിച്ചു പഠനം നടത്തി എന്നുള്ളതും എടുത്തുപറയത്തക്ക നേട്ടമാണ്. കോലത്തിരി രാജാവും മണക്കാടന്‍ ഗുരുക്കള്‍ എന്ന തെയ്യം കലാകാരനും ചേര്‍ന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തെയ്യത്തെ പരിഷ്‌കരിച്ച സംഭവവും പുറംലോകത്തെ അറിയിച്ചത് ചന്തേരയുടെ കളിയാട്ടമാണ്. മണക്കാടന്‍ ഗുരുക്കളും കോലത്തിരിയും കൂടി നടത്തിയ പരിഷ്‌കരണം വഴി തെയ്യത്തിന് രാജകീയ അംഗീകാരം കിട്ടി. കോലസ്വരൂപത്തിന്റെ കുലപരദേവതയായി തെയ്യം മാറ്റപ്പെട്ടു. മുപ്പത്തൈവര്‍ എന്ന ആദി തെയ്യസംഘം രൂപപ്പെട്ടു.

ഇക്കാര്യങ്ങളൊക്കെ വിശദമായി കളിയാട്ടം എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് ആദ്യകാല കലാകാര ന്മാരെ പരിചയപ്പെടുത്തി കൊണ്ട് കഥകളി കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ തെയ്യാട്ടക്കാര്‍ക്കും വേണമെന്ന് ചന്തേര ശക്തമായി വാദിച്ചു. ഇതോടെ അക്കാദമികള്‍ തെയ്യാട്ടക്കാരേയും ആദരിച്ചുതുടങ്ങി. ശിവപ്രതിഷ്ഠ, ശക്തിപ്രതിഷ്ഠ, വിഷ്ണു പ്രതിഷ്ഠ, മര്‍ത്ത്യപ്രതിഷ്ഠ (വീരപ്രതിഷ്ഠ, പ്രേതപ്രതിഷ്ഠ), നാഗപ്രതിഷ്ഠ, മൃഗപ്രതിഷ്ഠ എന്നീ രീതിയില്‍ ചന്തേര തെയ്യങ്ങളെ വകുപ്പ്തിരിച്ചത് തെയ്യം പഠനത്തില്‍ ഒരു വഴിത്തിരിവായി.

ചന്തേരയുടെ പഠനങ്ങളില്‍ ഏറെ ശ്രദ്ധി ക്കപ്പെട്ട മറ്റൊരു കൃതിയാണ് കണ്ണകിയും ചീര്‍മ്മക്കാവും. ഉത്തരകേരളത്തിലെ കാവുകളെ ക്കുറിച്ചും അനുഷ്ഠാന കലകളെക്കുറിച്ചുമുള്ള ആധികാരിക വാക്കാണ് ചന്തേരയുടെ പ്രബന്ധങ്ങള്‍. ശൂരനാട് കുഞ്ഞന്‍ പിള്ള, ഡോ. കെ.എന്‍. എഴുത്തച്ഛന്‍, ഡോ. അയ്യപ്പന്‍, പ്രഫ. എസ്. ഗുപ്തന്‍ നായര്‍, എന്‍.വി. കൃഷ്ണവാര്യര്‍, കാവാലം നാരായണപ്പണിക്കര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. എന്‍.എം. നമ്പൂതിരി തുടങ്ങിയവര്‍ ചന്തേരയുടെ പഠനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ചരിത്രപണ്ഡിതന്മാരില്‍ ചിലരാണ്. നാടന്‍കലകളെക്കുറിച്ച് ഏക ദേശം നാനൂറോളം പ്രബന്ധങ്ങള്‍ ചന്തേരയുടേതായിട്ടുണ്ട്. ചന്തേരമാഷിന്റെ വിയോഗത്തില്‍ നാട് കണ്ണീരണിഞ്ഞു.

- ജോസഫ് പ്രിയന്‍ 
Keywords:  C.M.S. Chandera, C.M. Shangaran, Kasaragod,  Obituary, Kannuur, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia