Chandrasekhar Azad | ചന്ദ്രശേഖർ ആസാദിൻ്റെ രക്തസാക്ഷിത്വത്തിന് 94 വർഷം; വെടിയുണ്ട കൊണ്ട് ചരിത്രമെഴുതിയ ധീര വിപ്ലവകാരി


● 1906 ജൂലൈ 23ന് മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിലാണ് ജനനം.
● ചെറുപ്രായത്തിൽ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി.
● 1931 ഫെബ്രുവരി 27ന് സ്വയം രക്തസാക്ഷിത്വം വരിച്ചു.
● ഭഗത് സിംഗിന്റെ ഗുരുവായി കരുതുന്നു.
(KVARTHA) സ്വാതന്ത്ര്യ സമര വിപ്ലവ പോരാട്ട ചിന്തകളുമായി ജീവിക്കുകയുംഒരു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്ത ധീര ദേശാഭിമാനിയാണ് ചന്ദ്രശേഖർ ആസാദ്. വളരെ ചെറിയപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തി 25-ാം വയസ്സിൽ ധീര രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്രസമര വിപ്ലവ പോരാളിയും രക്തസാക്ഷികളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കുന്ന ഭഗത് സിംഗിന്റെ ഗുരുവായി കരുതുന്ന വ്യക്തിയുമായ ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വത്തിന് 94 വർഷം.
1906 ജൂലൈ 23ന് മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിൽ ജനിച്ച ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ നിസ്സഹകരണപ്രസ്ഥാനത്തിൽ സഹകരിച്ചിരുന്നു. സ്വാതന്ത്ര സമര സേനാനികൾക്കെതിരെ പോലീസുകാർക്ക് അമിതാധികാരം നൽകുന്ന റൗലറ്റ് ആക്ടിനെതിരെ 1919 ഏപ്രിൽ 13 ന് ബൈശാഖി ദിനത്തിൽ പ്രതിഷേധിക്കാൻ പഞ്ചാബിലെ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു.
നിരായുധരായി പൊതുയോഗം കൂടിയ സ്വാതന്ത്രസമര പോരാളികളുടെ നേരെ ജനറൽ ഡയറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരമായ കൂട്ടക്കൊലയായ ജാലിയൻവാലാബാഗ് സംഭവം കേവലം 13 കാരനായ ആ കുട്ടിയുടെ മനസ്സിനെ വല്ലാത്ത പ്രതികാരമുള്ള ഒന്നാക്കി മാറ്റി. അതിക്രൂരരായ ബ്രിട്ടീഷുകാരെ നേരിടാൻ സമാധാന സമരങ്ങൾ പോരായെന്നും സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗം വിപ്ലവത്തിലൂടെയാണെന്നും വിശ്വസിച്ച് ആ വഴിയിലേക്കു തിരിയാൻ ഇത് കാരണമായി. .
ചെറുപ്രായത്തിൽ തന്നെ ധീരദേശാഭിമാനികളുടേയും മറ്റും വീരകഥകൾ ചന്ദ്രശേഖറിൽ വല്ലാത്തൊരു ഉണർവ് സൃഷ്ടിച്ചിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല. വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് ആ യുവാവ് ദേശീയ പ്രസ്ഥാനത്തിന്റെ പാതയിലേക്ക് ചുവടുവെച്ചു. ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്.
പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്റെ പേര് ഇൻഡിപെൻഡൻസ് എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി. ചൂരലുകൊണ്ടുള്ള പതിനഞ്ച് അടിയാണ് കോടതി ചന്ദ്രശേഖറിന് ശിക്ഷ വിധിച്ചത്. കൂസലന്യേന ആസാദ് ആ ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴും മഹാത്മാ ഗാന്ധീ കീ ജയ് എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി.
പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ ഈ യുവാവിന്റെ തോളിലേറ്റി ചന്ദ്രശേഖർ, ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ് എന്നിങ്ങനെ ഉറക്കെ വിളിക്കാൻ തുടങ്ങി. ചന്ദ്രശേഖർ തിവാരി അപ്രകാരം ചന്ദ്രശേഖർ ആസാദായി മാറി. ചൗരി ചൗര സംഭവത്തെ തുടർന്ന് മഹാത്മജി നിസ്സഹകരണ സമരം ഉപേക്ഷിച്ചതിൽ ഇന്ത്യയിലെ യുവതലമുറ നിരാശരാണെന്ന് മനസ്സിലാക്കിയ വിപ്ലവ സംഘടന നേതാക്കൾ സചിന്ദ്രനാഥ് സന്യലിന്റെ നേതൃത്വത്തിൽ ഇവരെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു.
അറിയപ്പെടുന്ന വിപ്ലവസംഘടനയായ അനുശീലൻ സമിതി, ചന്ദ്രശേഖറിന്റെ പ്രവർത്തന കേന്ദ്രമായ ബനാറസിൽ ഒരു ശാഖ തുറന്നു. കല്യാണ സമിതി എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന പേരു സ്വീകരിച്ചു. സംഘടനയുടെ നേതൃത്വം ചന്ദ്രശേഖറിനെകണ്ട് സംസാരിക്കുകയും അദ്ദേഹത്തിൽ ആകൃഷ്ടനാവുകയുംചെയ്തു. ഏറെ വൈകാതെ ചന്ദ്രശേഖറും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായി ചന്ദ്രശേഖർ ആസാദ് പെട്ടെന്ന് തന്നെ മാറി.
വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് ഈ സമയത്താണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. തുടർന്ന് ഇവരുടെ കൂട്ടായ നേതൃത്വത്തിൽ നിരവധി ഒളിപ്പോരാട്ടങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ നടക്കുകയുണ്ടായി. ലാലാ ലജ് പത് റായിയുടെ മരണവുമായി ബന്ധപ്പെട്ട് വിപ്ലവകാരികൾ ഒരു പോലീസുകാരനെ കൊല ചെയ്തതും പാർലമെന്റ് ബോംബ് ആക്രമണവും ഒക്കെ ഈ സമയത്ത് നടന്നതാണ്. പോലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടാണ് ഭഗത് സിംഗ് രക്തസാക്ഷിയായത്.
സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് ആസാദ് പൊലീസിനാൽ വളയപ്പെടുകയും പിടിക്കപ്പെടും എന്ന അവസ്ഥ വന്നപ്പോൾ ഒരു കാരണവശാലും ജീവനോടെ അവർക്ക് കീഴടങ്ങില്ല എന്ന കഠിനമായ തീരുമാനത്തിന്റെ ബാക്കിയായി സ്വന്തം റിവോൾവർ കൊണ്ട് സ്വന്തം നെഞ്ചിലേക്ക് നിറയൊഴിച്ച് ധീര രക്തസാക്ഷിത്വം ഏറ്റുവാങ്ങുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തിലേറാൻ തയ്യാറല്ലാത്തതുകൊണ്ട് മരണത്തിന്റെ അന്ത്യഘട്ടം വരെ കൈത്തോക്കുകൊണ്ട് പൊരുതി നിന്നു ഈ ധീര ദേശാഭിമാന വിപ്ലവ പോരാളി.
അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.
This article commemorates the 94th martyrdom anniversary of Chandrasekhar Azad, a brave revolutionary who played a significant role in India's freedom struggle. It highlights his life, revolutionary activities, and ultimate sacrifice.
#ChandrasekharAzad, #Martyrdom, #FreedomStruggle, #Revolution, #India, #History