ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

 


ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കാഞ്ഞങ്ങാട്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള സിറ്റൗട്ടില്‍ നിന്ന് താഴേക്ക് വീണു മരിച്ചു. കുശാല്‍നഗറില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്തുള്ള ഡ്രീം ലാന്റ് അപ്പാര്‍ട്‌മെന്‍സില്‍ താമസിക്കുന്ന പുഞ്ചാവി കല്ലിയില്‍ ഹൗസിലെ സി എച്ച് അക്ബറിന്റെയും എന്‍ പി ഷംലയുടെയും മകള്‍ ഒരു വയസുകാരി അഫീഫയാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഫീഫ ഗ്രില്‍സിനിടയിലൂടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വൈകിട്ട് ആറര മണിയോടെ അഫീഫയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും രാത്രി 11 മണിയോടെ മരണപ്പെട്ടു. നിലത്ത് വീണ് അഫീഫയുടെ തലയിടിച്ചതിനെ തുടര്‍ന്ന് രക്തം കട്ട പിടിച്ചതാണ് മരണത്തിന് കാരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ പുഞ്ചാവി ജമാഅത്ത് ഖബര്‍ സ്ഥാനില്‍ സംസ്‌കരിച്ചു.

ഡ്രൈവറായ അക്ബര്‍ ഒരു വര്‍ഷമായി കുശാല്‍നഗറിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. അപകടം നടക്കുമ്പോള്‍ അക്ബര്‍ മംഗലാപുരത്തായിരുന്നു. ഉച്ചക്ക് സിറ്റൗട്ടില്‍ വെച്ച് മകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ഉമ്മ ഷംല അടുക്കളയിലേക്ക് പോയി മടങ്ങിവരുന്നതിനിടയിലാണ് കുഞ്ഞ് സിറ്റൗട്ടില്‍ നിന്ന് താഴേക്ക് വീണത്. മൂന്ന് വയസുകാരി അഫ്‌സീന അഫീഫയുടെ സഹോദരിയാണ്.

Keywords: Child, Obituary, Kanhangad, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia