Cremated | കണ്ണീരോടെ വിട ചൊല്ലി നാട്; ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം: (KVARTHA) ആമയിഴഞ്ചാന്‍ (Amayizhanchan) തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ (Sanitation Work) ഒഴുക്കില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയി(47)യുടെ മൃതദേഹം സംസ്‌കരിച്ചു (Cremated). മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റുമോര്‍ടം (Postumortem) നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കാണാതായി 46 മണിക്കൂറിന് ശേഷം മൂന്നാം നാളാണ് ജോയിയുടെ മൃതദേഹം കനാലില്‍ പൊങ്ങിയത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച (15.07.2024) രാവിലെ പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂര്‍ റോഡിലെ കനാലില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
റെയില്‍വേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയാണ് തിരച്ചില്‍ നടത്തിയിരുന്നത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തില്‍ തട്ടി തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ റെയില്‍വേയുടെ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും തിരച്ചിലിനെത്തിയിരുന്നു. തിങ്കളാഴ്ചത്തെ തിരച്ചിലിനിടെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി, മൃതദേഹം ജോയിയുടേ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ച (13.07.2024) രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്.
ജോയിയും മറ്റു മൂന്ന് തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയതായിരുന്നു. കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കാണാതാവുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തിരച്ചില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ഒന്നരകിലോമീറ്ററിനപ്പുറം കനാലില്‍ തിങ്കളാഴ്ച രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു.
ജോയിയെ കണ്ടെത്താനായി സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ സംഘവും എന്‍ഡിആര്‍എഫും നേവിയും പൊലീസുമെല്ലാം തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.
ജോയിയുടെ ദാരുണമായ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് നന്ദിയും അറിയിച്ചിരുന്നു.