Found Dead | കോളജ് അധ്യാപകനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ജീവനൊടുക്കിയതാണെന്ന് പൊലീസ്
എറണാകുളം: (KVARTHA) മഴുവന്നൂരില്‍ കോളജ് അധ്യാപകനെ (College Professor) വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ (Found Dead) കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് (Police). മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി എസ് ചന്ദ്രലാലി (41) ജീവനൊടുക്കിയതാണെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു.
ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാല്‍, സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ചന്ദ്രലാലിയെ വീടിന് സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഉച്ചയോടെ ചന്ദ്രലാല്‍ പറമ്പിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വൈകീട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്.
മൂന്നു മാസംമുന്‍പാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേര്‍പാടില്‍ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. രണ്ടാഴ്ചയായി കോളജില്‍നിന്ന് അവധിയെടുത്തിരുന്നു.
റൂറല്‍ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പൊലീസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: വിനയ (കൂത്താട്ടുകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗെസ്റ്റ് അധ്യാപിക). മക്കള്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മീരജ, രണ്ടാം ക്ലാസ് വിദ്യാര്‍ഥി മിരവ്. #Kerala, #mentalhealth, #professor, #death, #police, #Mazhuvannoor
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)