Kodiyeri is no more | കോടിയേരി ബാലകൃഷ്ണന്‍: നായനാര്‍ക്ക് ശേഷം സിപിഎമിലെ കണ്ണൂരിന്റെ ചിരിക്കുന്ന മുഖം

 


കണ്ണൂര്‍: (www.kvartha.com) നായനാര്‍ക്ക് ശേഷം സിപിഎമിലെ നേതൃതനിരയിലെ കണ്ണൂരിലെ ചിരിക്കുന്ന മുഖങ്ങളിലൊന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. നായനാരുടെ മുന്‍പിൽ ആള്‍ക്കൂട്ടത്തെ ചിരിയുടെ തിരമാലയുയര്‍ത്തി അടിമുടി ഇളക്കിമറിക്കുന്ന നര്‍മഭാവനയില്ലായിരുന്നുവെങ്കിലും കുറിക്കുകൊള്ളുന്ന നര്‍മഭാവന കോടിയേരിയുടെ കൈമുതലായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ മർമം നോക്കി നര്‍മത്തില്‍ പുരട്ടി മൂര്‍ച്ചയേറിയ വാക്കുകള്‍ പ്രയോഗിക്കുന്ന വ്യത്യസ്തമായ ഒരു പ്രസംഗശൈലി കോടിയേരിയുടെ തനതു ശൈലികളിലൊന്നായിരുന്നു. സിപിഎം ഉന്നത ഘടകകമായ പിബി അംഗമായപ്പോഴും സ്വന്തം നാടായ കോടിയേരി ഉള്‍ക്കൊള്ളുന്ന തലശേരിയുമായി ആത്മബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. തലശേരിയില്‍ നിന്നും വളര്‍ന്നുവന്ന എസ്എഫ്ഐയുടെ ഉശിരന്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
  
Kodiyeri is no more | കോടിയേരി ബാലകൃഷ്ണന്‍: നായനാര്‍ക്ക് ശേഷം സിപിഎമിലെ കണ്ണൂരിന്റെ ചിരിക്കുന്ന മുഖം

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ യുവ നേതാക്കളിലൊരാളായിരുന്നു കോടിയേരി. സിപിഎം ബ്രാഞ്ച് സെക്രടറി, ലോക്കല്‍ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്നു.1990- 95ല്‍ സിപി എം കണ്ണൂര്‍ ജില്ലാ സെക്രടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17--ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമിറ്റിയിലെത്തി. 2008ലെ 19--ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോകപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006--11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രടറി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയായിരുന്നു.

ഇകെ നായനാര്‍ക്കു ശേഷം നിറചിരിയുള്ള കണ്ണൂരിലെ നേതാക്കളിലൊരാളായാണ് കോടിയേരിയെ പാര്‍ടിക്കുള്ളിലും പുറത്തും വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസ് കാലത്താണ് കണ്ണൂരില്‍ കൂടുതലായി കോടിയേരി കണ്ണൂരില്‍ തങ്ങിയത്. അന്നേ ശാരീരിക അവശതകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും ഊര്‍ജ്ജ്വസലമായി കോടിയേരി സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന കോടിയേരിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെ പയ്യാമ്പലത്ത് സംസ്‌കരിക്കുമെന്നാണ് പാര്‍ടി നേതൃത്വം നല്‍കുന്ന സൂചന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia