Obituary | ഉത്തരമലബാറിൻ്റെ സാംസ്കാരിക നായകന് വിട; പി അപ്പുക്കുട്ടൻ മാസ്റ്റർ ഓർമയായി

 
P. Appukuttan Master, Cultural Leader, North Malabar
P. Appukuttan Master, Cultural Leader, North Malabar

Photo: Arranged

● കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്നു.
● പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
● നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചു.
● വിവിധ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കണ്ണൂർ: (KVARTHA) ഉത്തര മലബാറിൻ്റെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും പ്രമുഖ പ്രഭാഷകനും കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയുമായിരുന്ന പയ്യന്നൂരിലെ പി അപ്പുക്കുട്ടൻ മാസ്റ്റർ (85) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. 

അധ്യാപകൻ, സാംസ്‌കാരിക പ്രവർത്തകൻ, വാഗ്മി, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ, കലാസ്വാദകൻ എന്നീ നിലകളിൽ അദ്ദേഹം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് തീരാനഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അന്നൂർ വില്ലേജ് ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം 11 മണിയോടെ മൂരിക്കൊവ്വൽ ശ്മശാനത്തിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം സംസ്കരിക്കും.

വാഗ്ധോരണികൊണ്ടും അഗാധമായ അറിവുകൊണ്ടും പി അപ്പുക്കുട്ടൻ മാസ്റ്റർ സദസ്സുകളെ വിസ്മയിപ്പിച്ചിരുന്നു. നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. സാധാരണക്കാരൻ്റെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ. അന്നൂർ രവിവർമ കലാനിലയത്തിലൂടെ അദ്ദേഹം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചു. 1996 മുതൽ 2001 വരെ അഞ്ചു വർഷക്കാലം കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചു. ഈ കാലയളവിൽ കേരളത്തിലെ നാടക കലയെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. 

കൂടാതെ, കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ജനറൽ സെക്രട്ടറിയായും അഞ്ചു വർഷം പ്രവർത്തിച്ചിട്ടുണ്ട്
1939 ഓഗസ്റ്റ് 10ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാൾ - എ പി പാർവതി അമ്മ ദമ്പതികളുടെ മകനായിട്ടാണ് പി. അപ്പുക്കുട്ടൻ മാസ്റ്റർ ജനിച്ചത്. അന്നൂർ യു.പി സ്കൂൾ, പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എസ്.എസ്.എൽ.സിക്ക് ശേഷം കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂളിൽ നിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1959ൽ വെള്ളോറ യു.പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1962-ൽ പി.എസ്.സി നിയമനം ലഭിച്ചതിനെ തുടർന്ന് ഗവ. ഹൈസ്കൂളിൽ അധ്യാപകനായി. എ.കെ.കൃഷ്‌ണൻ മാസ്‌റ്ററുടെ ശിക്ഷണത്തിൽ വിദ്വാൻ പരീക്ഷ പാസായ ശേഷം ഹൈസ്കൂൾ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നിന്ന് അദ്ദേഹം വിരമിച്ചു. വിരമിച്ച ശേഷവും പയ്യന്നൂരിൻ്റെ സാംസ്കാരിക രംഗത്ത് അദ്ദേഹം നിറസാന്നിധ്യമായിരുന്നു.

പരേതയായ സി പി വത്സലയാണ് ഭാര്യ. മക്കൾ: സി പി സരിത, സി പി ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി പി പ്രിയദർശൻ (ഗൾഫ്). മരുമക്കൾ ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസിസ്റ്റന്റ് പ്രൊഫസർ ഐ.ഐ.എം ഇൻഡോർ), ഹണി (ദുബൈ).

പി അപ്പുക്കുട്ടൻ മാസ്റ്ററുടെ മരണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി. അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.

കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിൻ്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലും അപ്പുക്കുട്ടൻ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്‍റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


P. Appukuttan Master, a cultural icon from North Malabar, passed away at the age of 85. He made significant contributions to literature, theatre, and education.

#PAppukuttanMaster #CulturalIcon #NorthMalabar #Theatre #KeralaArts #SamskaraLeader

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia