Obituary | ഭാവഗായകൻ പി ജയചന്ദ്രൻ ഓർമയായി; വിടവാങ്ങിയത് അനശ്വര സംഗീത പ്രതിഭ
● 1944 മാർച്ച് 3ന് എറണാകുളത്താണ് ജനനം.
● ആറു പതിറ്റാണ്ടോളം സംഗീത രംഗത്ത് സജീവം.
● തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പാടിയിട്ടുണ്ട്.
തൃശൂർ: (KVARTHA) മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ, ഭാവഗായകൻ എന്നറിയപ്പെടുന്ന പി ജയചന്ദ്രൻ (81) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന ആ മാന്ത്രിക സ്വരം ഇനി ഓർമകളിൽ ഒതുങ്ങും. അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീത ലോകത്തിന് തീരാനഷ്ടമാണ്.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്താണ് പി ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ സംഗീതത്തിൽ അതീവ താല്പര്യം കാണിച്ചിരുന്നു. 1958-ൽ സംസ്ഥാന യുവജനമേളയിൽ വെച്ച് യേശുദാസിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഒരു നിർണായക നിമിഷമായിരുന്നു. അന്ന് യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം നേടിയപ്പോൾ, ജയചന്ദ്രൻ മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരവും നേടി. ഈ കൂടിക്കാഴ്ച പിന്നീട് ഇരുവരുടെയും സംഗീത ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം 1966-ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി ജോലിക്ക് പ്രവേശിച്ചെങ്കിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിക്കുകയായിരുന്നു. പി ഭാസ്കരൻ-ചിദംബരനാഥ് ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ജയചന്ദ്രൻ ആദ്യമായി പാടിയതെങ്കിലും, ആദ്യം പുറത്തിറങ്ങിയത് ‘കളിത്തോഴൻ’ എന്ന ചിത്രത്തിലെ ഗാനമാണ്.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. ഈ ഗാനം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ഓരോ ഗാനത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രണയം, വിരഹം, ഭക്തി തുടങ്ങിയ വിവിധ ഭാവങ്ങളിലുള്ള ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. ലളിതവും മനോഹരവുമായ ആലാപന ശൈലി അദ്ദേഹത്തെ മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തനാക്കി.
അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് 1986-ൽ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കര സർവ ശരണ്യവിഭോ’ എന്ന ഗാനത്തിന് ലഭിച്ച മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം. അഞ്ചു തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1972-ൽ ‘പണിതീരാത്ത വീട്’ എന്ന സിനിമയിലെ ‘നീലഗിരിയുടെ സഖികളേ’, 1978-ൽ ‘ബന്ധന’ത്തിലെ ‘രാഗം ശ്രീരാഗം’, 2000-ൽ ‘നിറ’ത്തിലെ ‘പ്രായം നമ്മിൽ മോഹം നൽകി’, 2004-ൽ ‘തിളക്ക’ത്തിലെ ‘നീയൊരു പുഴയായ്’, 2015-ൽ ‘ജിലേബി’യിലെ ‘ഞാനൊരു മലയാളി’ എന്ന ഗാനവും ‘എന്ന് നിന്റെ മൊയ്തീനി’ലെ ‘ശാരദാംബരം’എന്നീ ഗാനങ്ങൾ ആ പുരസ്കാരങ്ങൾക്ക് അർഹമായി.
തമിഴിൽ ‘കിഴക്ക് സീമയിലെ’ എന്ന ചിത്രത്തിലെ ‘കട്ടാഴം കാട്ടുവഴി’ എന്ന ഗാനത്തിന് തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1997-ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും 2021-ൽ കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്.
#PJayachandran #MalayalamMusic #Obituary #IndianMusic #Kerala #Bhavagayakan