Ramachandran Mokeri | കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് വടക്കന്‍പാട്ടിന്റെ ശീലുകളും ചുവന്നമണ്ണിന്റെ വിപ്ളവീര്യവും രക്തത്തില്‍ കലര്‍ന്ന നാടകക്കാരന്; തെരുവിനെ ത്രസിപ്പിച്ച രാമചന്ദ്രന് മൊകേരിക്ക് വിട
Sep 5, 2022, 08:27 IST
തലശേരി: (www.kvartha.com) വടക്കെ മലബാറിന്റെ ഹൃദയതാളങ്ങളും വടക്കന്പാട്ടിന്റെശീലുകളും ചുവന്നമണ്ണിന്റെ വിപ്ളവീര്യവും രക്തത്തില്‍ കലര്‍ന്ന നാടകക്കാരനായിരുന്നു രാമചന്ദ്രന് മൊകേരി. ശിഷ്യന്മാരും അടുപ്പമുള്ളവരും ആസ്വാദകരും അദ്ദേഹത്തെ രാമചന്ദ്രന് മാഷെന്ന് വിളിച്ചു. ചെറുതിരിയായി മുനിഞ്ഞുകത്തുകയില്ല സൂര്യനായി തിളച്ചു മറിയുകയാണ് അദ്ദേഹം ജീവിതത്തില്‍ ചെയ്തത്.
കനത്തശമ്പളം വാങ്ങുന്ന ജോലി ചെയ്യുമ്പോഴും അതിന്റെ സൗകര്യങ്ങള്‍ അദ്ദേഹത്തെമോഹിപ്പിച്ചില്ല. ആ മനുഷ്യന് തെരുവ് തന്നെ ഒരു നാടകവേദിയായിരുന്നു. പച്ചയായ മനുഷ്യരും അവര്‍ നേരിടുന്ന രാഷ്ട്രീയ സമസ്യകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രമേയങ്ങള്‍. തെരുവില്‍ നിന്നുയരുന്ന ഒരു പ്രതിഷേധശബ്ദത്തിനും ഏകാധിപത്യത്തിന്റെയും പ്രതിലോമഭരണകൂട ഭീകരതയുടെയും കോട്ടകൊത്തളങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്നു ജീവിതത്തിലുടെ നീളം വിശ്വസിച്ച രാഷ്ട്രീയ മനുഷ്യനായിരുന്നു രാമചന്ദ്രന് മൊകേരിയെന്ന കലാകാരന്.
സഫ്ദാര്‍ ഹാശ്മിയെപ്പോലെ തെരുവില്‍ തന്റെനാടകവുമായി ജീവിക്കാനും അവിടെ തന്നെ ജീവിതത്തിന്റെ തിരശീലയിടാനുമായിരുന്നു ആഗ്രഹം. എന്നാല്‍ ഹല്ലാബോല്‍ അവതരിപ്പിക്കുമ്പോള്‍ തലയ്ക്കടിയേറ്റു ഹാശ്മി കൊല്ലപ്പെട്ടതുപോലെ അദ്ദേഹത്തിന് വിടപറയേണ്ടിവന്നില്ലെന്ന് മാത്രം.
തലശേരിയെന്ന ചുവന്നഭൂമി
തലശേരിയെന്ന ചുവന്നഭൂമിയുടെ സാംസ്കാരിക, രാഷ്ട്രീയ സ്പന്ദനങ്ങളുടെ താളം ഹൃദയത്തിലേറ്റ് വാങ്ങിയ നാടകക്കാരനും വിപ്ളവകാരിയുമായിരുന്നു രാമചന്ദ്രന്മൊകേരി. നാടകവും സാഹിത്യവും അകാഡമിക്കലായി പഠിക്കുമ്പോഴും അതില്‍ അഭിരമിക്കാതെ അതിശക്തമായ പൊളിച്ചെഴുത്തുകള്‍ അദ്ദേഹം നടത്തി.
ചന്ദുമേനോനും സഞ്ജയനും ഉഴുതുമറിച്ച തലശേരിയുടെ സാംസ്കാരിക ഭൂമിയില്‍ കാലുറച്ചു നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ചയും സര്ഗാത്മകകലാപങ്ങളും. അകാഡമിക് ബുദ്ധിജീവിയെന്നതിലുപരിയായി തെരുവില്‍ വ്യവസ്ഥിതിയോട് കലഹിക്കാനുള്ള ഉപകരണമായിരുന്നു രാമചന്ദ്രന് മൊകേരിക്ക് നാടകം. പൊരുതാനുള്ള ആയുധമാക്കി തന്റെ നാടകസങ്കല്‍പ്പങ്ങളെ അദ്ദേഹം നിരന്തരം നവീകരിച്ചു. തെരുവുനാടകങ്ങളുടെയും തെരുവ് സംഗീതത്തിന്റെയും സാധ്യതകളിലൂടെ സാമൂഹ്യ അനീതികള്‍ക്കെതിരെ അവസാനകാലം വരെ നാടകകലയിലൂടെ കലാപം തുടര്‍ന്നു.
എഴുപതുകളിലും എണ്‍പതുകളിലും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരിക മുന്നേറ്റങ്ങളില്‍ സജീവ സാന്നിധ്യം ആയിരുന്നു. ഗുരുവായൂരപ്പന് കോളജില്‍ അധ്യാപകനായിരിക്കെ സാംസ്കാരിക വേദി നടത്തിയ ജനകീയ വിചാരണയിലും തീവ്ര വിപ്ലവമുന്നേറ്റങ്ങളിലും ജയില്‍ വാസവും അനുഭവിച്ചു പില്ക്കാലത്ത് ഒറ്റയാന് വഴിയിലൂടെയായിരുന്നു മാഷിന്റെ യാത്ര.
ജാതി വ്യവസ്ഥയുടെ നിഷ്ടൂരതകളില് യാതനയനുഭവിക്കുന്ന അധ:കൃതന്റെ ശബ്ദമായിരുന്നു അവസാനനാളുകളില്‍ മൊകേരിക്ക് ഗിത്താറിന്. ആദിവാസി ഊരുകളിലും, തെരുവുകളിലും, രോഹിത് വെമുലയെക്കുറിച്ചു അദ്ദേഹം പാടി. ജാതിമത ചിന്തകള്‍ സമഗ്രമാക്കിയ പുതിയ കേരളത്തെയും അദ്ദേഹം കണക്കിന് കൊട്ടി.
നാടകം തന്നെ ജീവിതം
ആദ്യകാലത്ത് തലശേരിയിലെ നാടകപ്രവര്‍ത്തനത്തിലും സജീവസാന്നിധ്യമായിരുന്നു. ബിഇഎംപി സ്കൂളില്‍ അവതരിപ്പിച്ച 'അമ്മ', സ്പാര്ടകസ് തുടങ്ങിയ നാടകങ്ങള്‍ ആദ്യകാല സഹപ്രവര്‍ത്തകരുടെ മനസില്‍ മായാതെയുണ്ട്. സാഹിത്യകാരന് എന്‍ ശശിധരനുമായി ചേര്‍ന്ന് ആവിഷ്കരിച്ച 'സ്വാതന്ത്ര്യം നിഷേധിക്കുന്നവരോട്' നാടകവും രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. രക്തസാക്ഷികള്‍, ഒഞ്ചിയത്തിന്റെ കഥ തുടങ്ങിയ നാടകങ്ങള്‍ ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
ചലച്ചിത്ര നിരൂപകന് ഒ പി രാജ് മോഹനൊപ്പം ചേര്‍ന്ന് കണ്ണൂര്‍ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
ചൊക്ലി ഒളവിലത്ത് താമസമാക്കിയ ശേഷം രാജേന്ദ്രന് തായാട്ടിന്റെ തലശേരി പഴയബസ്സ്റ്റാന്റിലെ ഹരിതം ബുക്സായിരുന്നു ഇടത്താവളങ്ങളിലൊന്ന്. പാനൂരിനടുത്ത മൊകേരി കൂരാറ എകെജി നഗറിലെ കുനിയില്‍ വാച്ചാലി ഗോവിന്ദന്റെയും ദേവിയുടെയും മകനായാണ് ജനനം.
ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോണ്‍ അബ്രഹാമിന്റെ അമ്മഅറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
മലയാള നാടകവേദിയില്‍ തനതായ പാത വെട്ടിത്തെളിഞ്ഞ ആദ്യപഥികരിലൊരാളാണ് രാമചന്ദ്രന് മൊകേരി. നാടകത്തെ പ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റി. നിരവധി ഷേക്സ്പിയര് നാടകങ്ങള്‍ സംവിധാനം ചെയ്തു. നാടക രചയിതാവ്കൂടിയാണ്. ഗുരുവായൂരപ്പന് കോളേജില്‍ ഇന്ഗ്ലീഷ് അധ്യാപകനായും ജോലിചെയ്തു.
അന്താരാഷ്ട്ര നാടകോത്സവങ്ങളില്‍ നാടകം അവതരിപ്പിച്ചുതിരുവങ്ങാട് സ്പോര്‍ടിങ്ങ് യൂത്സ് ലൈബ്രറിക്കുവേണ്ടി 'രക്തസാക്ഷികള്‍' എന്ന നാടകം വി എം കൃഷ്ണന്നമ്പൂതിരിയോടൊപ്പം സംവിധാനം ചെയ്തു. ഒഞ്ചിയം കുഞ്ഞിരാമന് മാസ്റ്റര്‍ രചിച്ച 'ഒഞ്ചിയത്തിന്റെ കഥ' നാടകവും സംവിധാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്.
ഭാര്യ: ഉഷാകുമാരി (അധ്യാപിക). രണ്ട് മക്കള്‍. പാനൂര്‍ ഒളവിലം പാത്തിക്കലിലെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.