Inquiry | കാട്ടാന ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷകമ്മീഷന്‍
● ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.
● ന്യൂനപക്ഷ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു.
● പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇടുക്കി: (KVARTHA) ജില്ലയിലെ മുള്ളരിങ്ങാട് അമയല്‍ത്തൊട്ടിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധവി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കുടുംബാംഗങ്ങളെ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇടുക്കി പാക്കേജില്‍ പ്രത്യേക പദ്ധതിയുണ്ടാകുമെന്നും ഇതിന് വനംവകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥലത്തെത്തിയ മന്ത്രിയ്ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും നേരെ ജനങ്ങള്‍ വലിയ രോഷപ്രകടനമാണ് നടത്തിയത്.
അതിനിടെ, കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറത്ത് ഹര്‍ത്താല്‍ നടക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. മരിച്ച അമറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡു തിങ്കളാഴ്ച നല്‍കും. കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് അമറിന്റെ മരണത്തോടെ ഇല്ലാതായത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പ്രദേശത്ത് കാട്ടാന ശല്യമുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇവിടെ സോളാര്‍ വേലി സ്ഥാപിക്കാനും ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കാനും നടപടി വേണമെന്ന് ജനപ്രതിനിധികള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
#Kerala #elephantattack #wildlife #protest #minoritycommission #forestdepartment #India