Funeral | കഥയുടെ കുലപതിക്ക് അന്ത്യവിശ്രമം; എം ടി വാസുദേവൻ നായർ ഇനി ഓർമകളിൽ
● എം ടിയുടെ അന്ത്യകർമ്മങ്ങൾ കോഴിക്കോട് മാവൂർ റോഡിൽ നടന്നു
● സാഹിത്യ, സിനിമാ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു
● നോവൽ, കഥ, തിരക്കഥ രംഗങ്ങളിൽ എം ടി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു
കോഴിക്കോട്: (KVARTHA) മലയാള സാഹിത്യത്തിലെ അനിഷേധ്യ സാന്നിധ്യവും, തലമുറകളുടെ ഹൃദയങ്ങളിൽ കഥയുടെ മാന്ത്രിക ലോകം തീർത്ത അതുല്യ പ്രതിഭയുമായ എം ടി വാസുദേവൻ നായർ ഓർമയായി. അക്ഷരങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ ചിരിയും ചിന്തയും ഒരുപോലെ നിറച്ച ആ പ്രതിഭയുടെ ഭൗതിക ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങി. എം ടി യുടെ അന്ത്യകർമ്മങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡിലെ ‘സ്മൃതി പഥ’ത്തിൽ അനവധി പേരുടെ സാന്നിധ്യത്തിൽ നടന്നു.
വസതിയായ 'സിതാര'യിൽ നിന്ന് 'സ്മൃതി പഥ'ത്തിലേക്കുള്ള അവസാന യാത്രയിൽ അനേകം പേർ പങ്കുചേർന്നു. വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെ സിതാരയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക് നീങ്ങി. എം.ടിയെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ജനങ്ങൾ കാത്തുനിന്നു. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം ടിയുടെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
നോവൽ, കഥ, സിനിമാ സംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ അദ്ദേഹം സ്പർശിക്കാത്ത മേഖലകൾ വിരളമായിരുന്നു. ഓരോ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് അനശ്വരത നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം അരനൂറ്റാണ്ടോളം കലാസാഹിത്യ രംഗത്ത് നിറഞ്ഞുനിന്നു. തർജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ആരാധകരുണ്ടായി. രോഗശയ്യയിലാകുന്നതുവരെ അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. എം ടി വാസുദേവൻ നായർ എന്ന ഇതിഹാസ സാന്നിധ്യം ഇനി ഓർമകളിൽ നിറയും.
#MTVasudevanNair #MalayalamLiterature #IndianLiterature #Obituary #Kerala #Legend