Accident | മാവിലാ കടപ്പുറത്ത് 30 തൊഴിലാളികള്‍ സഞ്ചരിച്ച മീന്‍പിടുത്ത ബോട് കടലില്‍ മുങ്ങി ഒരാള്‍ മരിച്ചു; കാണാതായവര്‍ക്കായി തിരച്ചില്‍
● അപകടത്തില്‍പെട്ടത് ലെയലന്‍ഡ് കംപനിയുടെ വലിയ ബോട്.
● 30 മീന്‍പിടുത്ത തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
● തൊഴിലാളികളില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം.
വലിയപറമ്പ്: (KVARTHA) മാവിലാ കടപ്പുറത്ത് മീന്‍പിടുത്ത ബോട് കടലില്‍ മുങ്ങി ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ഒപ്പം മറ്റ് മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും തിരച്ചിലിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കരയില്‍ നിന്ന് കാണാവുന്ന ദൂരത്തായാണ് അപകടമുണ്ടായത്. മീന്‍പിടുത്ത ബോടില്‍ 30 മീന്‍പിടുത്ത തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ അന്യ സംസ്ഥാനത്തുനിന്നുമുള്ള മീന്‍പിടുത്ത തൊഴിലാളികളാണ് അധികവും ബോടില്‍ ഉണ്ടായിരുന്നതെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു.
ശരീഫ് മടക്കരയുടെ ഉടമസ്ഥയിലുള്ള ലെയലന്‍ഡ് കംപനിയുടെ വലിയ ബോടാണ് അപകടത്തില്‍പെട്ടത്. ബോട് അപ്പാടെ കടലില്‍ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന റെസ്‌ക്യൂ അംഗം പറഞ്ഞു.
തൊഴിലാളികളില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരെങ്കിലും ബോടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. എല്ലാവരെയും കരയ്‌ക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം, വെള്ളത്തില്‍ താഴ്ന്നതോടെ, ബോട് മുങ്ങിയ സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
#Kerala #fishingaccident #boatcapsize #Mavila #rescueoperation #CoastGuard #maritimedisaster