Tragedy | കാറിനുള്ളില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; അപകടം കളിച്ചുകൊണ്ടിരിക്കെ
● 2 വയസ് മുതല്‍ 7 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചത്.
● അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
● മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.
അഹമ്മദാബാദ്: (KVARTHA) കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതല്‍ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍. ഗുജറാത്തിലെ അംറേലി (Amreli) ജില്ലയിലെ രാന്ധിയ (Randhiya) ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു ദാരുണസംഭവം നടന്നത്.
അംറേലിയിലെ പോലീസ് സൂപ്രണ്ട് ഹിംകര്‍ സിംഗ് പറയുന്നത്: 7ഉം 4ഉം വയസ്സുള്ള രണ്ട് സഹോദരിമാരും 5ഉം 2ഉം വയസ്സുള്ള രണ്ട് സഹോദരന്മാരുമാണ് ഇരകള്‍. കുട്ടികളുടെ മാതാപിതാക്കള്‍ രാവിലെ 7.30ഓടെ ഫാം ഉടമ ഭാരത്ഭായ് മന്ദാനിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ പോയപ്പോഴായിരുന്നു സംഭവം.
മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോള്‍ തങ്ങളുടെ നാല് കുട്ടികള്‍ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികള്‍ അതിന്റെ താക്കോല്‍ ഉപയോഗിച്ച് ഫാം ഉടമയുടെ കാറിന്റെ ലോക്ക് അണ്‍ലോക്ക് ചെയ്ത് അകത്ത് കയറി, പക്ഷേ ഡോറുകള്‍ ഓട്ടോ ലോക്ക് ചെയ്തപ്പോള്‍ കുടുങ്ങി. വാതിലുകളുടെ പൂട്ട് തുറക്കാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് അവര്‍ മരിച്ചത്.
വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. വൈകുന്നേരം ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് കാറിനുള്ളില്‍ നാല് കുട്ടികളെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഫാം ഉടമയാണ് വിവരം ഗ്രാമ സര്‍പഞ്ചിനെയും പോലീസിനെയും അറിയിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അമ്‌റേലി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും അംറേലി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#childrendead #caraccident #tragedy #Gujarat #India #accident