Obituary | ജമാഅത്തെ ഇസ്ലാമി നേതാവ് ഹൈദറലി ശാന്തപുരം നിര്യാതനായി
● 1943 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്താണ് ജനിച്ചത്. മൊയ്തീൻ - ആമിന ദമ്പതികളുടെ മകനാണ് ഹൈദറലി ശാന്തപുരം .
● 1968 മുതൽ 1972 വരെ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തി.
● എ ഗൈഡ് ഫോർ ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഗൈഡ് എന്നീ വീഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.
● ഖബറടക്കം ശാന്തപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മലപ്പുറം: (KVARTHA) ജമാഅത്തെ ഇസ്ലാമി നേതാവ് ഹൈദറലി ശാന്തപുരം (82) നിര്യാതനായി. പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡന്റ്, ശാന്തപുരം മഹല്ല് അസിസ്റ്റന്റ് ഖാദി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1943 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്താണ് ജനിച്ചത്. മൊയ്തീൻ - ആമിന ദമ്പതികളുടെ മകനാണ്.
മുള്ള്യാകുർശി അൽമദ്‌റസതുൽ ഇസ്‌ലാമിയയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം 1955 മുതൽ 1965 വരെ ശാന്തപുരം ഇസ്‌ലാമിയ കോളേജിൽ നിന്ന് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ കരസ്ഥമാക്കി. തുടർന്ന് 1965 മുതൽ 1968 വരെ അന്തമാനിൽ പ്രബോധകനായും ബോർഡ് ഓഫ് ഇസ്‌ലാമിക് എഡ്യുക്കേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 1968 മുതൽ 1972 വരെ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തി.
പ്രബോധനം വാരികയുടെ സബ് എഡിറ്റർ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മതകാര്യാലയത്തിനു കീഴിൽ യു.എ.ഇയിൽ പ്രബോധകൻ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000-2006), ശാന്തപുരം അൽ ജാമിഅ ദഅ്‌വ കോളേജ് പ്രിൻസിപ്പൽ (2006-2008), അധ്യാപകൻ, ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചനസമിതി, കേന്ദ്ര പ്രതിനിധി സഭ അംഗം (2007-2015) തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അൽ ജാമിഅ സുപ്രീം കൗൺസിൽ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ, പെരിന്തൽമണ്ണ ഇസ്‌ലാമിക് മിഷൻ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവിടങ്ങളിലും അംഗമായിരുന്നു.
ഹജ്ജ്, എന്ത്, എങ്ങനെ?, ഹജ്ജ് യാത്ര, സംസ്കരണ ചിന്തകൾ, ഉംറ ഗൈഡ്, വിശുദ്ധ ഖുർആൻ അമാനുഷിക ഗ്രന്ഥം, ഇസ്‌ലാമിക പ്രബോധനം വ്യക്തിതലത്തിൽ, പർദയണിഞ്ഞ കലാകാരികൾ, ഹജ്ജ് യാത്രികർക്ക് ചില നിർദ്ദേശങ്ങൾ തുടങ്ങിയവ പ്രധാന കൃതികളിൽ ചിലതാണ്. ഹറമിന്റെ സന്ദേശം, ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വകൾ, ഹജ്ജ്, ഉംറ, സിയാറത്ത് ഗൈഡ് എന്നിവ വിവർത്തന ഗ്രന്ഥങ്ങളാണ്. എ ഗൈഡ് ഫോർ ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഗൈഡ് എന്നീ വീഡിയോ കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.
മുഹമ്മദ് അബുൽ ജലാൽ മൗലവിയോടൊപ്പം ഫൈസൽ രാജാവിനെ കൊട്ടാരത്തിൽ സന്ദർശിച്ചതും യു.എ.ഇ. റേഡിയോ ഏഷ്യയിൽ 13 വർഷം പ്രഭാഷണം നടത്തിയതും ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. ഭാര്യ യു ടി ഫാത്വിമ. മക്കൾ: ത്വയ്യിബ, ബുശ്റ, ഹുസ്ന, മാജിദ, അമീന. ഖബറടക്കം ശാന്തപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
#HaiderAliShanthapuram, #Obituary, #JamaatEIslami, #IslamicScholar, #KeralaNews, #ReligiousLeader