Karthyayani Amma | രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു; 'ഒരവസരം കിട്ടിയപ്പോള്‍ പ്രായം വകവെയ്ക്കാതെ മുന്നിട്ടിറങ്ങി നൂറുകണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി'

 


തിരുവനന്തപുരം: (KVARTHA) രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. ചൊവ്വാഴ്ച (10.10.2023) രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഒന്നാം പിണറായി സര്‍കാറിന്റെ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ ഒന്നാം റാങ്ക് ജേതാവാണ് കാര്‍ത്യായനിയമ്മ. അന്ന് കാര്‍ത്യായനിയമ്മയ്ക്ക് 96 വയസായിരുന്നു.

2018 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച കാര്‍ത്യായനിയമ്മ ഡല്‍ഹിയിലെത്തി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രങ്ങളും വാര്‍ത്തയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരുന്നു.

53 അംഗ രാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വിലിന്റെ അംബാസഡറായി കാര്‍ത്യായനിയമ്മയെ തിരഞ്ഞെടുത്തിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ 96-ാം വയസ്സില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് കാര്‍ത്യായനിയമ്മയായിരുന്നു.

നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാര്‍ത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്‌കാരം വാങ്ങിയ ശേഷവും പുരസ്‌കാരവുമായി നേരിട്ട് കാണാന്‍ വന്നിരുന്നു.

കുട്ടിക്കാലം മുതല്‍ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാല്‍ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയില്‍ വരാന്‍ പറ്റാതിരുന്ന അവര്‍, ഒരവസരം കിട്ടിയപ്പോള്‍, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് പ്രചോദനമായത്.

കേരളത്തിന്റെ അഭിമാനമാണ് കാര്‍ത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Karthyayani Amma | രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു; 'ഒരവസരം കിട്ടിയപ്പോള്‍ പ്രായം വകവെയ്ക്കാതെ മുന്നിട്ടിറങ്ങി നൂറുകണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി'



Keywords: News, Kerala, Kerala-News, Obituary, Obituary-News, Kerala News, Thiruvananthapuram, Literacy Mission, Death, Karthyayani Amma,Ppassed Away, CM, Pinarayi Vijayan, Condoled, Karthyayani Amma passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia