കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടപോലെ: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പെടെയുള്ള സിനിമാ ലോകം

 


കൊച്ചി: (www.kvartha.com 22.02.2022) കരള്‍രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍ അന്തരിച്ച മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള സിനാമാ ലോകം.

ലളിത എന്ന പേരില്‍ അറിയപ്പെടുന്ന മഹേശ്വരി അമ്മ തന്റെ 74-ാം ജന്മദിനത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ചൊവ്വാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയ ജീവിതത്തിലേക്ക് വന്ന ലളിതയുടെ സംഭാഷണവും ആകര്‍ഷണീയമായ അവതരണവും ആളുകളെ കൈയിലെടുത്തു. നാടകത്തിലൂടെയായിരുന്നു സിനിമയില്‍ എത്തിയത്. മികച്ച സഹസനടിക്കുള്ള ദേശീയ അവാര്‍ഡ് ലളിതയെ തേടി എത്തിയിരുന്നു. അമരം (1990), ശാന്തം (2000) എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.

നാല് തവണ സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ലളിതയുടെ കഴിവ് വളരെ അപാരമാണ്. തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അകാദമിയുടെ അധ്യക്ഷയും ആയിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ 500 ലധികം സിനിമകളില്‍ ലളിത അഭിനയിച്ചു.

1948-ല്‍ കായംകുളത്ത് ജനിച്ച ലളിത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ നാടകങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സമര്‍പിതരായ കേരള പീപിള്‍സ് ആര്‍ട്സ് ക്ലബിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. സിനിമയിലെത്തിയപ്പോള്‍ തന്റെ നാടകസംഘമായ കെപിഎസിയുടെ പേര് സ്വീകരിച്ച് കെപിഎസി ലളിത എന്നറിയപ്പെട്ടു.

കെപിഎസിയുടെ നാടകമായ കൂട്ടുകുടുംബം സിനിമയാക്കിയപ്പോള്‍ (1969) ആ ചിത്രത്തിലൂടെയാണ് ലളിത വെള്ളിത്തിരയിലെത്തിയത്. സംവിധായകന്‍ കെ എസ് സേതുമാധവനായിരുന്നു ലളിതയ്ക്ക് ആ പേര് നല്‍കിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ലളിതയുടെ നിര്യാണത്തില്‍ മലയാള സിനിമാലോകം അനുശോചനം അറിയിച്ചു. മലയാളത്തിന്റെ സൂപര്‍സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ ലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 'തനിക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍' എന്ന് പറഞ്ഞു. മതിലുകള്‍, കനല്‍ക്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ ലളിതയ്ക്കൊപ്പം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

തന്റെ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടുവെന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്. ലളിതയുടെ വിയോഗം മലയാള സിനിമയ്ക്കും മലയാളി പ്രേക്ഷകര്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മാതൃതുല്യയായിട്ടാണ് മഞ്ജു വാര്യര്‍ ലളിതയെ ഓര്‍ക്കുന്നത്. 'ഞാന്‍ ചേച്ചി (മൂത്ത സഹോദരി) എന്ന് വിളിച്ചെങ്കിലും അവര്‍ എന്റെ അമ്മയായിരുന്നു,' എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. കീര്‍ത്തി സുരേഷും ലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി, 'ഇതിഹാസമായ കെപിഎസി ലളിത അമ്മായിയുടെ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം.' എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.

കേരള ലളിത സംഗീത നാടക അകാദമി ചെയര്‍പേഴ്സനെന്ന നിലയിലുള്ള ലളിതയുടെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അവര്‍ നിരവധി പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം കുറിച്ചു. ലളിതയുടെ വേര്‍പാട് മലയാള സിനിമയിലെ ഒരു യുഗത്തിന് അന്ത്യം കുറിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ആദരാഞ്ജലിയില്‍ പറഞ്ഞു.

1998-ല്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഭരതനാണ് ലളിതയുടെ ഭര്‍ത്താവ്. മകള്‍ ശ്രീക്കുട്ടി. മകന്‍ നടനും സംവിധായകനുമായ സിദ്ധാര്‍ഥ്.

ലളിതയുടെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയില്‍ നടക്കും.

കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടപോലെ: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പെടെയുള്ള സിനിമാ ലോകം


 

Keywords: KPAC Lalitha passes away: Mammootty, Mohanlal, Prithviraj pay tribute, Kochi, News, Cinema, Actress, Dead, Mammootty, Mohanlal, Prithvi Raj, Manju Warrier, Kerala, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia