Tribute | ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട; അരങ്ങൊഴിഞ്ഞത് അര നൂറ്റാണ്ടിലേറെ സംഗീതത്തില്‍ നിറഞ്ഞുനിന്ന താള വിസ്മയം 

 
Zakir Hussain, legendary Tabla virtuoso, dies at 73, confirms family
Zakir Hussain, legendary Tabla virtuoso, dies at 73, confirms family

Photo Credit: Instagram/Ustad Zakir Hussain

● പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. 
● നാല് തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
● മലയാളത്തിലെ 'വാനപ്രസ്ഥം' അടക്കമുള്ള സിനിമകള്‍ക്ക് സംഗീതം നല്‍കി. 

ദില്ലി: (KVARTHA) ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. 

സാക്കിര്‍ ഹുസൈന്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെ എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് രണ്ടാഴ്ച മുന്‍പ് സാക്കിര്‍ ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര നൂറ്റാണ്ടിലേറെ ലോകസംഗീതത്തില്‍ നിറഞ്ഞുനിന്ന താള വിസ്മയമാണ് വിടവാങ്ങിയത്. 

സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു. മരണ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ സാക്കിര്‍ ഹുസൈന്റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്നും ഞായറാഴ്ച രാത്രി വൈകി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. 

തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു. 

1951ല്‍ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു. 

ഐതിഹാസിക പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. 

കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്നു. പല തവണ കേരളം സന്ദര്‍ശിച്ചു. 2017 ല്‍ പെരുവനത്ത് എത്തിയ സക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു. മലയാളത്തിലെ 'വാനപ്രസ്ഥം' അടക്കമുള്ള ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കി. 

നാല് തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.

പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.

#ZakirHussain #Tabla #IndianClassicalMusic #RIP #WorldMusic #Musician #Percussionist #Obituary #Tribute #IndianMusic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia