Tribute | സാഹിത്യത്തിലൂടെ ചലച്ചിത്ര കിളിവാതിൽ തുറന്നിട്ട മഹാപ്രതിഭ: മലയാളികളുടെ മാർക്വേസായി എംടി
● മലയാള സാഹിത്യത്തിന്റെ പെരുന്തച്ചനെന്നറിയപ്പെടുന്ന എം.ടി.
● എഴുത്തിലൂടെ മലയാളികളുടെ ജീവിതത്തെ സ്പർശിച്ചു.
● സിനിമയിലും എം.ടി അടയാളപ്പെടുത്തിയത് വലിയൊരു അധ്യായം.
● തന്റെ തൊണ്ണൂറ്റിയൊന്നാമത്തെ വയസിൽ ലോകത്തോട് വിട പറഞ്ഞു.
ഭാമനാവത്ത്
(KVARTHA) അകത്തൊന്നുമില്ലാത്ത ഓട്ട പാത്രങ്ങൾ തട്ടിയും മുട്ടിയും അർത്ഥമില്ലാതെ ഒച്ചയെടുക്കുന്ന കേരളത്തിൽ തുളുമ്പാത്ത നിറകുടമായിരുന്നു എം ടിയെന്ന മഹാപ്രതിഭ. തൻ്റെ മൗനത്തിലൂടെ സാന്നിദ്ധ്യം അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തനിക്ക് നേരെ വന്ന വിമർശനങ്ങൾക്കുപോലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. പലതും അതിരുകടന്നത് വ്യക്തിപരമായ അവഹേളനത്തിൻ്റെ നിറം കലർന്നതുമായിരുന്നു. എന്നാൽ പറയേണ്ട കാര്യം കൃത്യസമയത്ത് പറയാനും പ്രതികരിക്കാനുമുള്ള കരുത്തും ആർജവവും അദ്ദേഹം കാണിച്ചു.
ഭരണകൂടങ്ങളെപ്പോലും പിടിച്ചു കുലുക്കാനുള്ള കൊടുങ്കാറ്റിൻ്റെ പ്രഹരശേഷി അതിനുണ്ടായിരുന്നു. എം ടിയുടെ വാക്കുകൾക്കും നിലപാടുകൾക്കും കാരിരുമ്പിൻ്റെ മൂർച്ചയും കരുത്തുമുണ്ടായിരുന്നു. മലയാളികൾ കാതോർത്തു നിൽക്കുന്ന എഴുത്തുകാരൻ്റെ സുവ്യക്തവും ധീരവുമായ വാക്കുകളായിരുന്നു അത്. എം ടി യുടെ വിയോഗത്തോടെ എല്ലാത്തിനും ദൃക്സാക്ഷിയായ മഹാമേരുവായ മഹാ പ്രതിഭയുടെ വിയോഗമാണ് മലയാളിക്ക് നഷ്ടമായിരിക്കുന്നത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായിരുന്നു എം ടി വാസുദേവൻ നായരെന്ന എഴുത്തുകാരനായ ബഹു പ്രതിഭ.
ഉത്തരാധുനിക കാലത്ത് പോലും മലയാളി വായനക്കാർ അദ്ദേഹത്തിൻ്റെ പുസതകങ്ങൾ വ്യാപകമായി വായിക്കുന്നത് ആ കഥാപാത്രങ്ങൾ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുകയും സംവദിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. കാലത്തിനിപ്പുറവും മനുഷ്യ മനസിനെ വിടാതെ വരിഞ്ഞു മുറുക്കുന്നതായിരുന്നു സാഹിത്യത്തിലെയും സിനിമയിലെയും ജീവിത ഗന്ധം പേറുന്ന അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ. പച്ച മണ്ണിൽ ചവിട്ടി നിൽക്കുന്ന ജീവിതത്തിൽ ഒറ്റപ്പെടുകയും ക്ഷോഭിക്കുകയും വെറുക്കുകയും അപകർഷതാബോധം അനുഭവിക്കുകയും ചെയ്യുന്ന ഭ്രാന്തമായി സ്നേഹം തേടുന്നവരുമാണ്.
ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധനും കുട്ട്യേടത്തിയുമൊക്കെ മലയാളിക്ക് ഒരിക്കലും അന്യരായിരുന്നില്ല ജീവിതത്തിൻ്റെ അനിവാര്യമായ ഭാഗം തന്നെയായിരുന്നു. ലോകസാഹിത്യത്തിൽ മാർക്കേസ് എങ്ങനയായിരുന്നോ അതായിരുന്നു മലയാളികൾക്ക് എം ടി. പത്രാധിപരായും ചലച്ചിത്രകാരനായും നാടകക്കാരനായും ബാലസാഹിത്യകാരനുമായൊക്കെ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളിൽ അദ്ദേഹം എഴുതിയ ചെറുകുറിപ്പുകൾ പോലും വായനക്കാർ ആവേശപൂർവം സ്വീകരിച്ചു.
പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്‌നം കണ്ട് ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയുടേത്. സാഹിത്യം തൊഴിലാക്കാമെന്നോ എഴുത്തിനു പ്രതിഫലമുണ്ടെന്നോ അറിവില്ലായിരുന്ന ബാല്യമായിരുന്നു അത്. ആരും കാണാതെ, നോട്ടുപുസ്‌തകങ്ങളിൽ നിന്നു കീറിയെടുത്ത താളുകളിൽ എഴുതിക്കൂട്ടി. സാഹിത്യത്തിലും എഴുത്തിലുമൊന്നും പിന്തുടരാവുന്ന കുടുംബ പശ്ചാത്തലമില്ലായിരുന്നു. ഓരോ വായനയിലും സ്വന്തം ലോകത്തെ വിപുലമാക്കിക്കൊണ്ട് സർഗവേദനയറിഞ്ഞ ബാല്യം ആ കാഥികനെ പുതിയതായി രൂപപ്പെടുത്തി.
വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കടന്നുവന്നു. എന്തുകൊണ്ട് എഴുത്തുകാരനായി എന്ന ചോദ്യത്തിന് എംടിക്ക് പറയാനുള്ളത് 'ബൈബിളിലെ കൃഷിക്കാരൻ എറിയുന്ന വിത്തുകളെ ഓർക്കാം. പലേടത്തും വീണ വിത്തുകളുലെ വിധി പല തരത്തിലാണ്. ചിലർ പട്ടാളക്കാരും കച്ചവടക്കാരും ഒക്കെ ആവുന്നതുപോലെ മറ്റു ചിലർ എഴുത്തുകാരുമാവുന്നു. ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല. ഇതൊരു പ്രകൃതി നിയമമായിരിക്കാം', എന്നാണ്. ഇത് എം ടിയുടെ കഥാ ലോകത്തെയും കഥാപാത്രങ്ങളുടെ സാമൂഹിക സ്വഭാവത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയും ആയിത്തീരുന്നുണ്ട്.
എംടി യുടെ ആദ്യ കഥയായ 'വളർത്തുമൃഗങ്ങൾ' മുതലേ തിരസ്‌കൃതരും പീഡിതരുമായ കഥാപാത്രങ്ങളെ കാണാം. പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ പ്രതിനിധികളാണ് എംടിയുടെ ഓരോ കഥാപാത്രങ്ങളും. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓപ്പോളിലെ ഓപ്പോളും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഇങ്ങനെ സാമൂഹ്യ വ്യവസ്ഥിതി ചൂഷണം ചെയ്‌തിട്ടുള്ള മനുഷ്യരുടെ പ്രതിരൂപങ്ങളാണ്.
വിശപ്പിന്റെ പലരൂപങ്ങൾ മലയാള സാഹിത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാരൂരിന്റെയും ബഷീറിന്റെയും കഥകളിൽ വിശപ്പിന്റെ കഠിനതയുണ്ട്. എംടി കഥകളിലേക്കെത്തുമ്പോൾ വിശപ്പ് ഒരു തീക്ഷ്‌ണമായ വികാരമായി മാറുകയാണ്. പാരമ്പര്യവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷമായും വിശപ്പ് എഴുത്തിൽ പടരുന്നു. 'കുറുക്കന്റെ കല്യാണ'ത്തിലെ കുട്ടിയും 'സ്വർഗം തുറക്കുന്ന സമയ'ത്തിലെ കുട്ടി നാരായണനും 'കർക്കിടക'ത്തിലെ ഉണ്ണിയും പള്ളിവാളിലെ 'കോമരവും' ഇത്തരത്തിൽ വിശപ്പിനെ അനുഭവിച്ചറിഞ്ഞവരാണ്. അപകർഷതയും അപമാനവും നിറഞ്ഞതാണ് എംടിയുടെ കഥാപാത്രങ്ങളിലെ വിശപ്പ്. ഇത് തന്റെ ജീവിതത്തിൽ നിന്നും പകർത്തിയെടുത്തതാണ്.
എംടിയുടെ കഥകൾ വള്ളുവനാടിനെയും വള്ളുവനാട്ടിന്റെ സവർണ മധ്യവർഗ ജീവിതത്തെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിമർശിക്കപ്പെട്ടു. തനിക്കറിയാവുന്ന പ്രദേശത്തെയും മനുഷ്യരെയും പറ്റി താൻ എഴുതിക്കൊണ്ടിരിക്കുന്നു എന്ന മറുപടിയിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ കഥാകാരൻ ആ വിമർശനങ്ങളെ നേരിട്ടത്. ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും കഥാതന്തുക്കൾ കണ്ടെത്തുമ്പോഴും നാടൻ പാട്ടുകളിൽ നിന്നുവരെ കലയുടെ ഭാഷ്യങ്ങൾ ചമയ്ക്കുമ്പോഴും എം ടി അവയെ സ്വാനുഭവമാക്കുന്നു. അമേരിക്കയുടെയും വാരണാസിയുടെയും പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോഴും എംടിയുടെ ആരൂഢം നിളാ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമമായി നിൽക്കുന്നുണ്ട്.
മലയാള സാഹിത്യവും സിനിമയും എം.ടിക്ക് അപ്പുറവും ഇപ്പുറവുമെന്നും വ്യക്തമായി അടയാളപ്പെടുത്താൻ തൻ്റെ സർഗാത്മകയിലുടെ അദ്ദേഹത്തിന് കഴിഞ്ഞു. ലോകസാഹിത്യത്തിലെ നവതരംഗങ്ങളെ തിരിച്ചറിയാനും അതിൻ്റെ സ്ഫുലിംഗങ്ങൾ പ്രസരിപ്പിക്കുന്ന മലയാളത്തിലെ പുതുതലമുറ എഴുത്തുകാരെ തിരിച്ചറിയാനും അദ്ദേഹത്തിന് കഴിഞ്ഞു. എം.ടിയുടെ ഈ ദീർഘവീക്ഷണമാണ് മലയാളത്തിന് ഒട്ടേറെ പ്രതിഭകളായ എഴുത്തുകാരെ സമ്മാനിച്ചത്. സാഹിത്യത്തിലെ പെരുന്തച്ഛനായിരുന്നു അദ്ദേഹം. വരും തലമുറയെ ഉളിയെറിഞ്ഞു കൊല്ലുകയല്ല വളർത്തിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്.
മലയാള സിനിമയിൽ എംടിയുടെ കഥാപാത്രങ്ങളിലൂടെ വളർന്നവരാണ് ഇന്നത്തെ പ്രമുഖ താരങ്ങളിൽ മിക്കവരും. എം.ടി സാഹിത്യത്തിൻ്റെ ദൃശ്യഭാഷ്യങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ സംവിധായകർ പോലും എം ടിയുടെ തിരക്കഥകൾക്കായി കാത്തു നിന്നു. വാക്കുകളെ നക്ഷത്രങ്ങളാക്കുന്ന എം ടിയുടെ സാഹിത്യം ഏതു രൂപത്തിലും വ്യാഖ്യാനിക്കുന്ന ദൃശ്യഭംഗികൾ നിറഞ്ഞതായിരുന്നു. മലയാളികൾക്ക് മാത്രമല്ല ലോകസാഹിത്യത്തിന് തന്നെ ഒരുപാട് ഈടുറ്റ സംഭാവനകൾ ബാക്കി വെച്ചാണ് തൻ്റെ തൊണ്ണൂറ്റിയൊന്നാമത്തെ വയസിൽ എം ടി വിട പറയുന്നത്. ഒരു പുരുഷായുസു കൊണ്ടു മറ്റാർക്കും ചെയ്യാൻ കഴിയാത്ത സുകൃതങ്ങൾ ചെയ്തു കടന്നുപോയ എം.ടി അനശ്വരനായി മാറിയിരിക്കുകയാണ്. ആ മഹാപ്രതിഭയ്ക്കു മുൻപിൽ തലകുനിക്കാം, നന്ദി പറയാം. പ്രീയ എം ടി വിട.
#MTVasudevanNair #MalayalamLiterature #MalayalamCinema #IndianWriter #RIP #Malayalam #Kerala