Jaundice | മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.
വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു.
മലപ്പുറം: (KVARTHA) ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചേലേമ്പ്ര ഗ്രാമ പഞ്ചായത് പരിധിയിലെ 15 കാരിയാണ് വേങ്ങരയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച (30.06.2024) രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈദ്യരങ്ങാടി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചേലുപ്പാടം പള്ളിയിലെ കബര്‍സ്ഥാനില്‍ നടക്കും.
അതേസമയം, വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചുദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വൈകാതെ അത് പടര്‍ന്ന് 400 ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടരുകയായിരുന്നു.