Sudheer Bose | മലയാള ചലച്ചിത്ര സംവിധായകന്‍ കെ എസ് സുധീര്‍ ബോസ് അന്തരിച്ചു
കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാള്‍.
അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം: (KVARTHA) ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ച പടിഞ്ഞാറേക്കോട്ട ചെമ്പകശ്ശേരി മഠത്തില്‍ ലെയ്ന്‍ കാലുപറമ്പില്‍ കെ എസ് സുധീര്‍ ബോസ് അന്തരിച്ചു. 53 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമാ നിര്‍മാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ് സുധാദേവിയുടെയും പരേതനായ വി കേശവന്‍ നായരുടെയും മകനാണ്. സഹോദരന്‍: കെ എസ് സുധീന്ദ്ര ബോസ് (ബജാജ് ഫിനാന്‍സ്, ഏരിയ മാനേജര്‍).
ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റന്‍ രാജു, ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവര്‍ത്തിച്ചു. 'ഉന്നം' എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടുവില്‍ ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു. അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കലാഭവന്‍ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2008-ല്‍ 'കബഡി കബഡി' എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേര്‍ന്ന് സുധീര്‍ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്. കലാഭവന്‍ മണിയുടെ പ്രശസ്തമായ 'മിന്നാമിനുങ്ങേ, മിന്നുംമിനുങ്ങേ...' എന്ന ഗാനം ആദ്യമായി വന്നത് 'കബഡി കബഡി'യിലൂടെയായിരുന്നു.