Obituary | മലയാളത്തിന്റെ ഇതിഹാസം എം ടി വാസുദേവൻ നായർ അന്തരിച്ചു
● സർവ മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ
● ഒരു തലമുറയെ പ്രചോദിപ്പിച്ച എഴുത്തുകാരൻ
● ആദ്യകാലത്ത് കവിത എഴുതിയിരുന്ന എം. ടി. വാസുദേവൻ നായർ പിന്നീട് ഗദ്യരചനയിലേക്കു വഴിമാറി.
കോഴിക്കോട്: (KVARTHA) മലയാള സാഹിത്യത്തിലെ ഇതിഹാസവും കഥകളുടെ പെരുന്തച്ചനുമായ എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സർവ മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം.ടി., മലയാള സിനിമയുടെ ക്ലാസിക്കുകളിൽ ഒന്നായ 'നിർമ്മാല്യം' ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: കലാമണ്ഡലം സരസ്വതി. സിതാരയും അശ്വതിയും മക്കളാണ്.
ഒരു തലമുറയെ പ്രചോദിപ്പിച്ച എഴുത്തുകാരൻ എന്ന നിലയിൽ എം.ടി. വാസുദേവൻ നായരുടെ കൃതികൾ മലയാള സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകി. അദ്ദേഹത്തിന്റെ രചനകളിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക പ്രശ്നങ്ങളും ആഴത്തിൽ പ്രതിഫലിച്ചു. 'നാലുകെട്ട്', 'കാലം', 'ഇരുട്ടിന്റെ ആത്മാവ്' തുടങ്ങിയ കൃതികൾ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച രചനകളായി കണക്കാക്കപ്പെടുന്നു.
1933-ൽ പൊന്നാനിക്കടുത്ത കൂടല്ലൂരിൽ തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. ജനിച്ചു. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. കുട്ടിക്കാലം മുതലേ വായനയിലും എഴുത്തിലും അതീവ താല്പര്യമുണ്ടായിരുന്ന എം.ടി., വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകളും കഥകളും എഴുതിത്തുടങ്ങിയിരുന്നു. എം.ടി. നാരായണൻ നായരും, സ്കൂളിലെ സീനിയറും അയൽവാസിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരിയും എം.ടിയുടെ സാഹിത്യ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ആശയങ്ങളും പ്രചോദനവും എം.ടി.ക്ക് വലിയ പ്രോത്സാഹനമായിരുന്നു.
ആദ്യകാലത്ത് കവിതകളിലൂടെ സാഹിത്യരംഗത്തേക്ക് കടന്നുവന്ന എം.ടി, പിന്നീട് ഗദ്യരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 'വിജയരേഖ' എന്ന കൃതി അദ്ദേഹത്തിന്റെ കഥാകൃത്തായുള്ള വളർച്ചയിലെ ആദ്യ ചുവടുവയ്പായിരുന്നു. വിക്ടോറിയ കോളേജിലെ പഠനകാലം അദ്ദേഹത്തിന്റെ സാഹിത്യ വാസനയെ പരിപോഷിപ്പിച്ചു. 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യ കഥാസമാഹാരം അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1954-ൽ ലോക ചെറുകഥാ മത്സരത്തിൽ 'വളർത്തുമൃഗങ്ങൾ' എന്ന കഥ ഒന്നാമതെത്തിയതോടെ എം.ടി. സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി.
കോളേജ് പഠനത്തിന് ശേഷം എം.ടി. കുറച്ചുകാലം അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്തു. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യ രചനകളിൽ പ്രതിഫലിച്ചു. 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലിയിൽ പ്രവേശിച്ചതോടെ അദ്ദേഹം സാഹിത്യ ലോകത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ സ്ഥാനം ഉറപ്പിച്ചു. 1960-ൽ പ്രസിദ്ധീകരിക്കപ്പെട്ട 'നാലുകെട്ട്' എന്ന നോവൽ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
1965-ൽ 'മുറപ്പെണ്ണ്' എന്ന ചെറുകഥ തിരക്കഥയാക്കി സിനിമയിലേക്ക് പ്രവേശിച്ച എം.ടി., പിന്നീട് തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി മാറി. 'നിർമ്മാല്യം' എന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തിന് രാഷ്ട്രപതിയുടെ സ്വർണ മെഡൽ ലഭിച്ചു. അൻപതിലധികം സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്, അവയിൽ പലതും ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ജ്ഞാനപീഠം, പത്മഭൂഷൺ, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ജെ.സി. ദാനിയേൽ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചിട്ടുണ്ട്. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാല് തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് പതിനൊന്ന് തവണയും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും അദ്ദേഹത്തിന് ലഭിച്ചു.
'കാലം', 'നാലുകെട്ട്', 'അസുരവിത്ത്', 'രണ്ടാമൂഴം', 'മഞ്ഞ്', 'പാതിരാവും പകൽ വെളിച്ചവും' (നോവലുകൾ), 'ഇരുട്ടിന്റെ ആത്മാവ്', 'ഓളവും തീരവും', 'കുട്ട്യേടത്തി', 'സ്വർഗം തുറക്കുന്ന സമയം', 'വാനപ്രസ്ഥം', 'ദാർ-എസ്-സലാം', 'ഓപ്പോൾ', 'നിന്റെ ഓർമ്മയ്ക്ക്' (കഥകൾ), 'ഓളവും തീരവും', 'മുറപ്പെണ്ണ്', 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ', 'നഗരമേ നന്ദി', 'പഞ്ചാഗ്നി', 'നഖക്ഷതങ്ങൾ', 'അമൃതം ഗമയ', 'വൈശാലി', 'ഒരു വടക്കൻ വീരഗാഥ', 'പെരുന്തച്ചൻ', 'താഴ്വാരം', 'സുകൃതം', 'പരിണയം' (തിരക്കഥകൾ), 'കാഥികന്റെ കല', 'കാഥികന്റെ പണിപ്പുര' (ലേഖന സമാഹാരങ്ങൾ) എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്. എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാള സാഹിത്യത്തിനും സിനിമയ്ക്കും വലിയ നഷ്ടമാണ്.
എം ടി മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെന്ന് മുഖ്യമന്ത്രി
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.
ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.
എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.
മന്ത്രി എം ബി രാജേഷിന്റെ അനുശോചന സന്ദേശം:
ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും.
ഇക്കഴിഞ്ഞ ദിവസം വിക്ടോറിയ കോളേജിലെ ഒരു പരിപാടിയിലും അവിടത്തെ പൂർവ വിദ്യാർത്ഥിയായിരുന്ന എം ടി യെക്കുറിച്ച് പരാമർശിച്ചിരുന്നു. എം ടി കാലദേശങ്ങൾക്കപ്പുറം വളർന്ന പ്രതിഭയാണ്. നിയമസഭയിൽ ഞാൻ പ്രതിനിധീകരിക്കുന്ന തൃത്താലയിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും, കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക സവിശേഷതകൾ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളിൽ ആവാഹിച്ചെങ്കിലും ഒരു വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സിൽ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്.
കേരളത്തിലെ ജന്മി-നാടുവാഴിത്ത സാമൂഹ്യഘടനയുടെ തകർച്ചയുടെ കാലത്ത്, ആ അന്തരാളഘട്ടത്തിൽ, പഴയ മാമൂലുകൾക്കെതിരെ ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് അദ്ദേഹം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടി കൃതികളിൽ ആ നിലപാട് തെളിഞ്ഞുകിടക്കുന്നത് കാണാൻ കഴിയും. കാലം, നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ കൃതികളിൽ അന്നത്തെ സാമൂഹ്യാന്തരീഷം മനസ്സിലാക്കാൻ കഴിയും. രണ്ടാമൂഴം പോലുള്ള, ഇതിഹാസത്തിൽ നിന്നുള്ള പുനരാഖ്യാനങ്ങൾ ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വിരളമാണ്.
എം ടിയെ പോലുള്ള ബഹുമുഖ പ്രതിഭകൾ അപൂർവമാണ്. സാഹിത്യത്തിലെന്നപോലെ മലയാള സിനിമയിലും പെരുന്തച്ചനായിരുന്നു അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത 'നിർമാല്യം' മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി. നിർമാല്യം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എം ടിയുടെ തിരക്കഥകൾ മലയാള സിനിമയുടെ ഘടനയെത്തന്നെ മാറ്റിമറിച്ചു. ആധുനികതയിലേക്ക് മലയാള സിനിമയെ നയിച്ച സിനിമാകാരനായിരുന്നു എം ടി. മലയാള കഥാസാഹിത്യത്തിൽ രണ്ടു തലമുറയിലെ പ്രമുഖരായ കഥാകാരന്മാരെയും കഥാകാരികളെയും വളർത്തിയെടുത്ത മഹാനായ പത്രാധിപരുമായിരുന്നു അദ്ദേഹം.
ഞാൻ നിയമസഭാ സ്പീക്കറാകുന്നതുവരെ എം ടിയെ സാഹിത്യകൃതികളിലും അകലെനിന്നും മാത്രമേ കണ്ടിട്ടുള്ളൂ. പൊന്നാനി എം എൽ എ സ. നന്ദകുമാറാണ് ഒരു ദിവസം പറഞ്ഞത്, ചില കാര്യങ്ങൾ രാജേഷുമായി സംസാരിക്കാൻ എം ടി ആഗ്രഹിക്കുന്നുവെന്ന്. അങ്ങനെയാണ് തിരൂർ തുഞ്ചൻ പറമ്പിൽ പോയി എംടിയെ കണ്ടത്. അവിടേക്ക് പോകുമ്പോഴും ആശങ്കയുണ്ടായിരുന്നു, എം ടി അധികം സംസാരിക്കില്ല, എങ്ങനെയായിരിക്കും കൂടിക്കാഴ്ച എന്ന്. എന്നാൽ അധികം സംസാരിക്കാത്ത എം ടി അന്ന് രാവിലെ മുതൽ ഉച്ച വരെ സംസാരിച്ചു. സാഹിത്യം, രാഷ്ട്രീയം, കല, കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട് വീട്, തുഞ്ചൻ പറമ്പ് ഒക്കെ സംസാര വിഷയങ്ങളായി. എന്റെ നാടിന്റെ എം എൽ എ ആണല്ലോ എന്നാണ് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്വന്തം നാടിന്റെ ജനപ്രതിനിധി എന്ന നിലയിലാണ് പരിഗണിച്ചത്. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് അന്ന് പിരിഞ്ഞത്. കോഴിക്കോടിനെ യു എൻ സാഹിത്യ പൈതൃക നഗരമായി പ്രഖ്യാപിച്ച വേളയിൽ അദ്ദേഹത്തിന് പുരസ്കാരം നൽകാനും അവസരം ലഭിച്ചു. എ പ്രദീപ്‌കുമാറുമൊന്നിച്ച് കോഴിക്കോട്ട് എം ടിയുടെ വീട്ടിൽ പോയും അദ്ദേഹത്തെ കണ്ടു.
എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർത്ഥത്തിൽ അനാഥമാണ്. അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ ആ ഓർമകളെ നമുക്ക് ചേർത്തുനിർത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
#MTVasudevanNair #MalayalamLiterature #MalayalamCinema #MTPassesAway #RIPMT #IconicWriter