പൈപ് ലൈനിലെ വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; ഒരാള്‍ മരിച്ചു, 60 പേര്‍ ആശുപത്രിയില്‍; പരാതി കൊടുത്താലും നടപടിയില്ലെന്ന് നാട്ടുകാര്‍

 



ഹൈദരാബാദ്: (www.kvartha.com 09.04.2022) മലിനജലം കുടിച്ചതിന് പിന്നാലെ ഒരാള്‍ മരിക്കുകയും കുട്ടികളടക്കം 60 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപോര്‍ട്. ആന്ധ്രയിലെ ദപൂരിലെ വഡ്ഡേര ബസ്തിയിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ഭീമയ്യ ആണ് മരിച്ചത്. 

ഭീമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചതായി ഭാര്യാ സഹോദരിയായ വി വെങ്കിട്ടമ്മ പറഞ്ഞു. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം മുതല്‍ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. രാത്രി വൈകി, ശരീരവേദനയും ബലഹീനതയും ഉണ്ടായതായി ഭീമയ്യ പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭീമയ്യയുടെ ആണ്‍മക്കളായ ചിന്നു ബാബു (രണ്ട്), പാണ്ടു ( ഒമ്പത്) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വെങ്കിട്ടമ്മ പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദിച്ചപ്പോള്‍, പൊലീസില്‍ വിശ്വാസമില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ഒരു മാസമായി കുടിവെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. 'ഞങ്ങള്‍ എച്എംഡബ്ല്യുഎസ് ആന്‍ഡ് എസ്ബി ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍, വെള്ളം ശേഖരിക്കുന്നതിന് മുമ്പ് കുറച്ച് വെള്ളം പുറത്തേക്ക് വിടാന്‍ അവര്‍ ആവശ്യപ്പെട്ടു,' നാട്ടുകാര്‍ പറഞ്ഞു.

കുടിവെള്ളം സുരക്ഷിതമാണെന്ന് ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് (എച്എംഡബ്ല്യുഎസ് ആന്‍ഡ് എസ്ബി) പറഞ്ഞു. കുടിവെള്ളം മലിനമായിരുന്നെന്ന ആരോപണവും നിഷേധിച്ചു. എന്നാല്‍ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ബോര്‍ഡ് മറുപടി നല്‍കിയിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും 48 മണിക്കൂറിന് ശേഷം റിപോര്‍ട് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് ബദല്‍ കുടിവെള്ള സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. 'കഴിഞ്ഞ മാസം പരാതി ലഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രശ്നം പരിഹരിച്ചിരുന്നു. ഇടുങ്ങിയ റോഡുകളില്‍ വെള്ളവും മലിനജല കണക്ഷനും ഉണ്ടായിരുന്നു,' എച്എംഡബ്ല്യുഎസ് ആന്‍ഡ് എസ്ബി ഹഫീസ്പേട് ഡിവിഷന്‍ ഓപറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ജനറല്‍ മാനേജര്‍ എസ് രാജശേഖര്‍ പറഞ്ഞു.

പൈപ് ലൈനിലെ വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; ഒരാള്‍ മരിച്ചു, 60 പേര്‍ ആശുപത്രിയില്‍; പരാതി കൊടുത്താലും നടപടിയില്ലെന്ന് നാട്ടുകാര്‍


വ്യാഴാഴ്ച പ്രദേശത്തെ 40 ഓളം കണക്ഷനുകള്‍ എന്‍ജിനീയര്‍മാരുടെ സംഘം പരിശോധിച്ചതായും വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ജലത്തിന്റെ ഗുണനിലവാരം നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, വിശദമായ അന്വേഷണത്തിനായി ഞങ്ങള്‍ ജല സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്,' അദ്ദേഹം വ്യക്തമാക്കി.

2009 മെയ് മാസത്തില്‍, ഭോലക്പൂരില്‍ മലിന വെള്ളം കുടിച്ച് 14 പേര്‍ മരിച്ചിരുന്നു. പ്രദേശത്തെ കുടിവെള്ള പൈച് ലൈനുകളിലേക്ക് മലിനജലം കയറിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Keywords:  News, National, India, Hyderabad, Hospital, Health, Treatment, Death, Obituary, Man dies, 60 hospitalised after drinking contaminated water
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia