ലോഡ്ജില്‍ മാനേജര്‍ കുത്തേറ്റു മരിച്ച നിലയില്‍

 


ലോഡ്ജില്‍ മാനേജര്‍ കുത്തേറ്റു മരിച്ച നിലയില്‍
കൊലയാളികള്‍ പൊലീസ് വലയിലെന്ന് സൂചന
കോട്ടയം: നഗരമധ്യത്തിലെ സ്വകാര്യ ലോഡ്ജ് മാനേജരെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ കണ്ടത്തില്‍ ഗസ്റ്റ് ഹൗസ് മാനേജര്‍ പൊന്‍കുന്നം പതിനേഴാംമൈല്‍ തെക്കേമുറിയില്‍ ഗോപിനാഥന്‍നായര്‍ (62) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

ലോഡ്ജിലെ മറ്റൊരു മുറിയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി പാറമ്പുഴ സ്വദേശി സുകുമാരനാണ് ഗോപിനാഥന്‍ നായരെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ സംഭവം കോട്ടയം വെസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോഡ്ജില്‍ ഒന്നര മാസമായി താമസിച്ചിരുന്ന സംഘം അനാശാസ്യ പ്രവര്‍ത്തനത്തിന് ആളെ എത്തിക്കുന്നതിനെ ഗോപിനാഥന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ തിങ്കളാഴ്ച രാത്രി ഈ സംഘം ഗോപിനാഥന്‍ നായരുമായി വാക്കുതര്‍ക്കം ഉണ്ടാക്കി. തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പുലര്‍ച്ചെയോടെ വിട്ടയച്ചു. ഈ സംഘം ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ ലോഡ്ജില്‍ നിന്നു താമസം മാറാന്‍ ആലോചന നടത്തിയിരുന്നതായി പറയപ്പെടുന്നു. ഇതിനു ശേഷമാണ് ഉച്ചകഴിഞ്ഞ് ഗോപിനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോഡ്ജില്‍ നിന്ന മൂന്നു പേര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചത് ഗോപിനാഥന്റെ മൃതദേഹം ആദ്യമായി കണ്ട സുകുമാരന്‍ കണ്ടിരുന്നു. കൊല നടന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പോകരുതെന്നും പറഞ്ഞു സുകുമാരന്‍ ഇവരെ തടഞ്ഞെങ്കിലും മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൈയ്യില്‍ ഒരു ബാഗുണ്ടായിരുന്നതായും സുകുമാരന്‍ പറഞ്ഞു. ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ച ബൈക്കിന്റെ നമ്പറും പൊലീസിന് നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവം നടന്ന സമയത്ത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പുറത്ത് കേള്‍ക്കാത്തതിനാല്‍ കൊലക്ക് പിന്നില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുന്നവരെയടക്കം ചോദ്യം ചെയ്തു വരികയാണ്.

കോട്ടയം ഡി.വൈ.എസ്.പിയുടെ അഭാവത്തില്‍ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സുരേഷ് കുമാര്‍, കോട്ടയം വെസ്റ്റ് സി ഐ എ ജെ തോമസ്, പാമ്പാടി സി ഐ സാജു വര്‍ഗീസ്, ഫോറന്‍സിക് വിദഗ്ദ്ധന്‍ ഉമാദത്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

അങ്കണവാടി വര്‍ക്കറായ ശാരദയാണ് ഭാര്യ, ഏകമകന്‍: സുനില്‍, മരുമകള്‍: അനു. കാഞ്ഞിരപ്പള്ളി പോസ്റ്റോഫീസില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് വിരമിച്ച ഗോപിനാഥന്‍ നായര്‍ ആറ് മാസം മുമ്പാണ് കണ്ടത്തില്‍ ഗസ്റ്റ്ഹൗസില്‍ മാനേജരായി ജോലിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ലോഡ്ജിലെ താമസക്കാരായ സ്വകാര്യ ബസ് തൊഴിലാളികളായ രണ്ടുപേര്‍ ഗോപിനാഥന്‍ നായരുമായി വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നു.

Keywords: Kerala, Kottayam, Dies, Manager, Lodge, DYSP, Thirunakkara, Malayalam News, Kerala Vartha, Pathinezham mail, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia