MS Swaminathan | ഇന്‍ഡ്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

 


ചെന്നൈ: (KVARTHA) ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്‍ഡ്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

സ്വാമിനാഥന്റെ 1960 കളിലും 1970 കളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ കാര്‍ഷികരംഗത്ത് വിപ്ലവം സൃഷ്ടിച്ചു, വ്യാപകമായ ക്ഷാമം അകറ്റാനും ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും രാജ്യത്തെ സഹായിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (എംഎസ്എസ്ആർഎഫ്) സ്ഥാപകൻ.

മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ (ഇന്നത്തെ യൂനിവേഴ്‌സിറ്റി കോളജില്‍) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിക്കുകയും കോയമ്പതൂര്‍ കാര്‍ഷിക കോളജില്‍ (ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.

1947-ല്‍ അദ്ദേഹം ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് യുനെസ്‌കോ ഫെലോഷിപോടു കൂടി നെതര്‍ലന്‍ഡ്സില്‍ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതര്‍ലന്‍ഡ്സിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗന്‍ അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റിയില്‍ അദ്ദേഹം അംഗമായിരുന്നു. പിന്നീട് 1950-ല്‍ അദ്ദേഹം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അഗ്രികള്‍ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റിയൂടില്‍ പഠിക്കാന്‍ ചേര്‍ന്നു. 1952-ല്‍ പി എച് ഡി ബിരുദം നേടി. വിസ്‌കോണ്‍സിന്‍ യൂനിവേഴ്സിറ്റിയിലെ പോസ്റ്റ്-ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ് സ്വീകരിച്ചു.

MS Swaminathan | ഇന്‍ഡ്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു



Keywords: News, National, National-News, Obituary, Obituary-News, Chennai News, MS Swaminathan, Father of India's Green Revolution, Died, MS Swaminathan Research Foundation (MSSRF) Founder, MS Swaminathan, father of India’s green revolution, dies in Chennai.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia