Obituary | പ്രശസ്ത ചിത്രകാരനും മനോരമ പത്രാധിപരുമായ കെ എ ഫ്രാന്‍സിസ് അന്തരിച്ചു

 


കണ്ണൂര്‍: (KVARTHA) മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ചിത്രകാരനും ലളിതകലാ അകാഡമി മുന്‍ ചെയര്‍മാനുമായ കെ എ ഫ്രാന്‍സിസ് (76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അകാഡമിയിലെ പൊതുദര്‍ശനത്തിന് ശേഷം ശനിയാഴ്ച കോട്ടയത്താണ് സംസ്‌കാരം. മലയാള മനോരമയില്‍ വിവിധ ചുമതലകളില്‍ അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവി സ്ഥാനത്ത് നിന്നു 2002ല്‍ ആണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്.

തൃശൂര്‍ കുറുമ്പിലാവില്‍ 1947 ഡിസംബര്‍ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്ഥാപകനും ആയ കെ.പി. ആന്റണിയുടെ മകനാണ്. തൃശൂരിലും കോഴിക്കോട്ടും തലശേരിയിലുമായി വിദ്യാഭ്യാസം. 1970ല്‍ മനോരമ പത്രാധിപസമിതിയിലെത്തി. ദീര്‍ഘകാലം കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്നു. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപര്‍ ലേഔട് ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് 1971ല്‍ മനോരമയ്ക്ക് നേടിക്കൊടുത്തു. 

Obituary | പ്രശസ്ത ചിത്രകാരനും മനോരമ പത്രാധിപരുമായ കെ എ ഫ്രാന്‍സിസ് അന്തരിച്ചു



കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സ് സെക്രടറി, ടെലിഫോണ്‍ കേരള സര്‍ക്കിള്‍ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ നിര്‍ണയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദി എസന്‍സ് ഓഫ് ഓം, ഇ വി കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികള്‍ രചിച്ചു. പ്രമുഖ താന്ത്രിക് ചിത്രകാരനെന്ന നിലയില്‍ കലാലോകത്ത് ഖ്യാതി നേടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാന്‍സിസിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. കേരള സാഹിത്യ അകാഡമിയുടെ സഞ്ചാര സാഹിത്യ പുരസ്‌കാരം (2014), ലളിതകലാ അകാഡമി സ്വര്‍ണപ്പതക്കം (2000), ലളിതകലാ പുരസ്‌കാരം (2015), ഫെലോഷിപ് (2021) തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. ഭാര്യ: തട്ടില്‍ നടയ്ക്കലാന്‍ കുടുംബാംഗമായ ബേബി. മക്കള്‍: ഷെല്ലി (ദുബൈ), ഡിംപിള്‍ (മലയാള മനോരമ തൃശൂര്‍), ഫ്രെബി. മരുക്കള്‍: ദീപ (അധ്യാപിക, ദുബൈ), ജോഷി ഫ്രാന്‍സിസ് കുറ്റിക്കാടന്‍, ജിബി.

Keywords: Painter, Editor of Manorama, KA Francis, Obituary, News, Kerala News, Painter and editor of Manorama KA Francis passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia