പി എം കെ ഫൈസി മോങ്ങം വാഹനാപകടത്തില്‍ മരിച്ചു

 


പി എം കെ ഫൈസി മോങ്ങം വാഹനാപകടത്തില്‍ മരിച്ചു
മലപ്പുറം/ എര്‍ണാകുളം: പ്രമുഖ പണ്ഡിതനും ചിന്തകനുമായ പി എം കെ ഫൈസി മോങ്ങം (52) അന്തരിച്ചു. പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാര്‍ ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ടി കെ എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചാണ് പി എം കെ ഫൈസിക്ക് അന്ത്യം സംഭവിച്ചത്.

 രാവിലെ ആറരയോടെ ദേശീയ പാതയിലെ ആല കോതപറമ്പ് ഭാഗത്ത് വെച്ച് ചാറ്റല്‍ മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. രാവിലെ 11 മണിയോടെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പി മുഹമ്മദ്കുട്ടി ഫൈസി എന്നാണ് യഥാര്‍ത്ഥ നാമം. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണി മുതല്‍ മോങ്ങം ഉമ്മുല്‍ഖുറാ ക്യാമ്പസില്‍ നടക്കും. തുടര്‍ന്ന് മോങ്ങം വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. പരേതരായ പൂന്തല മുഹമ്മദ് ഷായുടേയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനായി 1956 ഓഗസ്റ്റ് പത്തിനാണ് ജനനം.

1977ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദവും 1993ല്‍ ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് ദഅ്‌വയില്‍ ബിരുദവും നേടി. 1984ല്‍ അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച അദ്ദേഹം ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശ്രദ്ധേയമായ അന്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിറാജ് ദിനപത്രം, സുന്നി വോയ്‌സ്, സുന്നത്ത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സഹ പത്രാധിപര്‍ ആയിരുന്ന അദ്ദേഹം മുഈനി, അബൂ മഹ്‌റൂഫ് എന്നീ തൂലികാ നാമങ്ങളിലും എഴുതാറുണ്ട്. സിറാജുല്‍ ഹുദ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു ദര്‍സ് പഠനം.

വില്യാപള്ളിയിലെ കൊളത്തൂര്‍, മാലാറക്കല്‍, പുല്ലാളൂര്‍ പരപ്പാറ, ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാം അറബി കോളജ്, വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളജ്, മര്‍കസ് ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

യു പി മുഹമ്മദ് മൊല്ല മോങ്ങം, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, ടി പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തൃപ്പനച്ചി, സി എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, കുഞ്ഞു മുസ്‌ലിയാര്‍ വളമംഗലം, വി പി സൈത് മുഹമ്മദ് നിസാമി, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, വി പി ഇബ്‌റാഹിം മുസ്‌ലിയാര്‍ മോളൂര്‍, വി പി ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ വലപ്പുഴ, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹള്‌റത്ത്, ഡോ. സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക, ഡോ. മുസ്തഫ അശ്ശഖ്അ, ഡോ. അബ്ദുല്‍ അസീസ് ഇസ്സത്ത് എന്നിവര്‍ ഗുരുനാഥന്‍മാരാണ്. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ ആത്മീയ ഗുരുക്കന്‍മാരാണ്.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ് ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
മരണ വാര്‍ത്തയറിഞ്ഞ് സുന്നി പ്രവര്‍ത്തകരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ മോങ്ങത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി.

ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫ്വീസ. മക്കള്‍: മഅ്‌റൂഫ്, സുആദ, സുവൈബത്ത്, സുഹൈല, ജസീല, ഹിശാം അഹ്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി ചുങ്കത്തറ, ശറഫുദ്ദീന്‍ സഅദി കാരക്കുന്ന്, സമീന കോട്ടക്കല്‍.

( Updated)

Keywords: Ernakulam, P.M.K Faisy, Obituary, Accident, death, Kodungallur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia