Tribute | ആ ഒറ്റ വെടിയുണ്ട ജീവിതം മാറ്റിമറിച്ചു; നിശബ്ദ പോരാളിയായ പുഷ്പൻ ഓർമകളായി അസ്തമിക്കുമ്പോൾ

 
 Pushpan: A Martyr's Legacy
 Pushpan: A Martyr's Legacy

Photo: Arranged

● കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷം കിടപ്പിലായിരുന്നു.
● ഒരു തലമുറയെ പ്രചോദിപ്പിച്ച വ്യക്തിത്വം.
● കർഷക കുടുംബത്തിൽ ജനിച്ചു.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) രക്തസാക്ഷികളുടെ ഓർമ്മകൾ സി.പി.എമ്മെന്ന പാർട്ടിക്ക് മുൻപോട്ടുള്ള പ്രയാണത്തിൽ ഊർജ്ജവും കരുത്തുമാണ്. ജീവിച്ചിരിക്കെ രക്തസാക്ഷിയായി വാഴ്ത്തപ്പെട്ടിരുന്ന പുഷ്പൻ്റെ വിയോഗം പാർട്ടിക്ക് കരുത്തുപകരുകയാണ് ചെയ്യുന്നത്. നിസ്വാർത്ഥ ജീവിതത്തിൻ്റെയും ജീവത്യാഗത്തിൻ്റെയും പ്രതീകമായ പുഷ്പൻ ഇനി പാർട്ടിയുടെ വിപ്ലവ നക്ഷത്രം കൂടിയാണ്. കൂത്തുപറമ്പ് രക്തസാക്ഷികൾ ഇനി അഞ്ചല്ല ആറു പേരാണ്.

Pushpan: A Martyr's Legacy

'നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല, അവർ നിന്നെ നിശബ്ദനാക്കിയില്ല, നീ മൂകനല്ല നിന്റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു, അവർക്കു ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ', സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റി തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് നൽകിയ ഫലകത്തിലെ വരികൾ ഇതു തന്നെയാണ് പറയുന്നത്. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പനെന്ന സഖാവ് നേരത്തെ തന്നെ വിശേഷിക്കപ്പെട്ടിരുന്നു.

മൂന്നു പതിറ്റാണ്ടോളം കിടക്കയിൽത്തന്നെ കഴിയേണ്ടിവന്ന പുഷ്പനെക്കാൾ വലിയൊരു വൈകാരിക പ്രതീകം സിപിഎം എന്ന പാർട്ടിക്ക് കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വെടിയേറ്റ് വീണിട്ടും വെളിച്ചം മങ്ങിയില്ല, ആ കരുത്തും ആത്മവീര്യവും പിൽക്കാലത്ത് പാർട്ടിക്കും സാധാരണക്കാരായ പാർട്ടിപ്രവർത്തകർക്കും പകർന്ന ചൂടും ചെറുതായിരുന്നില്ല.

കർഷത്തൊഴിലാളി കുടുംബത്തിലായിരുന്നു പുഷ്പന്റെ ജനനം. എട്ടാം ക്ലാസ് വരെ മാത്രം നീണ്ട ഔപചാരിക വിദ്യാഭ്യാസം. ആ പ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും ജീവിതമാർഗം തേടി ബെം​ഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്കുകടയിൽ ജീവനക്കാരനായി. ഒരു അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ആ വരവ് ജീവിതത്തെ തന്നെ കീഴ്മേൽമറിച്ചു. പാർട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്ഐ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ ചൂടിൽ എരിപൊരികൊള്ളുന്ന സമയമായിരുന്നു. 

ആ തീച്ചൂളയിലേക്ക് പുഷ്പൻ എടുത്തുചാടുകയായിരുന്നു. 1994 നവംബർ 25, ആ വെള്ളിയാഴ്ചയാണ് എല്ലാം മാറിമറിഞ്ഞത്. സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്‌ഐ പദ്ധതിയിട്ടു. അപ്പോഴാണ് കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്ന ശാഖ ഉദ്‌ഘാടനത്തിന് മന്ത്രി എം വി രാഘവൻ എത്തിയത്. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ രാമകൃഷ്‌ണൻ പരിപാടിക്കെത്തിയില്ല. 

പക്ഷേ,അങ്ങനെ പിൻമാറാൻ എം വി രാഘവൻ ഒരുക്കമല്ലായിരുന്നു. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം സജ്ജമാക്കി. എതിർപക്ഷത്ത് രണ്ടായിരത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ. ഉച്ചയ്ക്ക് 12 മണിയോടെ പൊലീസ് തീർത്ത സംരക്ഷണവലയത്തിൽ മന്ത്രി പരിപാടി നടക്കുന്നിടത്തേക്ക് എത്തി. മുദ്രാവാക്യം മുഴക്കി ആർത്തിരമ്പിയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ തിരിച്ചു കല്ലേറുണ്ടായി. മന്ത്രി പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടയിൽ റോഡിൽ വെടിവെപ്പ് തുടങ്ങിയിരുന്നു. 

പൊലീസുകാർ ഒരുക്കിയ വലയത്തിനുളളിൽനിന്നു നിലവിളക്കുകൊളുത്തി മന്ത്രി ബാങ്ക് ഉദ്‌ഘാടനം നിർവഹിച്ചു, 13 മിനിറ്റ് പ്രസംഗിച്ചു. ആ പ്രസംഗവും ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ സംരക്ഷണത്തിൽ മന്ത്രി തിരികെ കണ്ണൂരിലേക്ക് പോയി. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവെപ്പ് ആരംഭിച്ചു. 

രണ്ടുമണിക്കൂറോളം നീണ്ട വെടിവെപ്പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷൻ, പ്രവർത്തകരായ വി മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചുവീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്ക് പരിക്കേറ്റു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. അതോടെ കഴുത്തിനു താഴേക്കു തളർന്നു. അന്നു മുതൽ ശയ്യാവലംബിയായി. പാർട്ടി പ്രവർത്തകരുടെ താങ്ങിലായിരുന്നു പിന്നീട് ജീവിതം നയിച്ചിരുന്നത്.

#Pushpan #Koothuparamb #CPM #KeralaPolitics #Martyr #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia