Tribute | സഫ്‌ദർ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തിന് 36 വർഷം; തെരുവ് നാടകത്തിലെ തീജ്വാലയായ കലാകാരൻ

 
Safdar Hashmi performing a street play
Safdar Hashmi performing a street play

Photo Credit: X/CPI(M) Puducherry

● സഫ്ദർ ഹാഷ്മിയുടെ 36-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു.
● തെരുവ് നാടകത്തിലൂടെ സാമൂഹിക വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു.
● ഒരു തെരുവ് നാടകം അവതരിപ്പിക്കവെ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ന്യൂഡൽഹി: (KVARTHA) തെരുവുനാടകമെന്ന കലാരൂപത്തിനുവേണ്ടി ജീവിച്ച് അതുവഴി തന്റെ രാഷ്ട്രീയ സന്ദേശങ്ങൾ ലോകവുമായി സംവദിക്കൽ ജീവിതവ്രതമായി എടുത്ത തെരുവ് നാടക കലാകാരനായിരുന്നു സഫ്ദർ ഹാഷ്മി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുർ എന്ന സ്ഥലത്ത് വെച്ച്  തന്റെ ജനനാട്യ മഞ്ച് എന്ന തെരുവ് കല ഗ്രൂപ്പിന് വേണ്ടി ഹല്ലാ ബോൽ എന്ന തെരുവു നാടകം കളിക്കവേ  ഗുണ്ടാ ആക്രമണത്തിനിരയായി സഫ്ദർ ഹഷ്മി തന്റെ 45-ാമത്തെ വയസ്സിൽ രക്തസാക്ഷിയായിട്ട് ജനുവരി രണ്ടിന് 36 വർഷം. 

സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭീരുക്കളായ ഗുണ്ടാ കൊലയാളികളെ വെല്ലുവിളിച്ച് സഫ്‌ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ മോളായ്‌ശ്രീ ഹാഷ്മി അതേ വേദിയിൽ തന്റെ ഭർത്താവിന് പൂർത്തിയാക്കാൻ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത് സഫ്ദറിനുള്ള ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി ആയിരുന്നു. 

കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരനും, സിഐടിയു നേതാവുമായിരുന്നു സഫ്‌ദർ ഹാഷ്മി. 1973-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ 'ജന നാട്യ മഞ്ച്' എന്ന തെരുവുനാടക ഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദർ ഹാഷ്മി, തന്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുമ്പിൽ അവതരിപ്പിച്ചു. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായിട്ടുണ്ട്. 

1954-ൽ ഡൽഹിയിലാണ് സഫ്ദർ ജനിച്ചത്. 1975-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോളജ് കാലത്ത് സഫ്ദർ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (SFI) അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷനിൽ ചേരുന്നത്. 1973-ൽ സ്ഥാപിതമായ ജന നാട്യ മഞ്ച് (ജനം) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് സഫ്ദർ ഹാഷ്മി. സിപിഎം  അംഗമായിരുന്നു .

അദ്ധ്യാപകനായി ജോലിയെടുത്തിട്ടുള്ള സഫ്ദർ നിരവധി കലാലയങ്ങളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസ് ഇൻഫർമേഷൻ ഓഫീസറായും സഫ്ദർ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചിട്ടുണ്ട്. 1983-ഓടു കൂടി സഫ്ദർ ഔദ്യോഗിക ജീവിതത്തിനോട് വിടപറയുകയും മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി സജീവ തെരുവു നാടക കലാകാരനായും മാറുകയുണ്ടായി. ജന നാട്യ മഞ്ച് എന്ന നാടക സംഘത്തിൽ ഒരു സജീവ പ്രവർത്തകനായി മാറിയ സഫ്ദർ, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങൾ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. 

അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളിൽ ഏറെ ജനശ്രദ്ധയാകർഷിച്ച നാടകങ്ങളിൽ ചിലതാണ്; മഷീൻ, ഓരത്, ഗാവോം സെ ഷെഹർ തക്, രാജ ക ബാജ, ഹത്യാർ തുടങ്ങിയവ. ഇതിൽ ചില നാടകങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്‌ദർ ഹാഷ്മി കൊലക്കേസിൽ, നീണ്ട 14 വർഷങ്ങൾക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും 2003 നവംബറിൽ കോടതി വിധിക്കുകയുണ്ടായി. 

തന്റെ രാഷ്ട്രീയ ആദർശം ജനങ്ങൾക്കു മുമ്പാകെ എത്തിക്കാനുള്ള  പ്രചരണ ആയുധമായി തെരുവുനാടകം എന്ന കലാരൂപത്തെ വളർത്തിയെടുത്ത സഫ്ദർ ഹാഷ്മി കൊളുത്തിയ ദീപശിഖ ഇന്നും പതിനായിരങ്ങൾ ഏറ്റുവാങ്ങി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.

#SafdarHashmi #streettheater #IndianTheater #socialactivism #JanNatyaManch #HallaBol

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia