Tribute | വിക്രം സാരാഭായി ഓർമയായിട്ട് 53 വർഷം; ഇന്ത്യൻ ബഹിരാകാശ കുതിപ്പിൻ്റെ പിതാവ്
● വിക്രം സാരാഭായിയുടെ 53-ാം ചരമവാർഷികം ഇന്ന്.
● ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.
● തുമ്പ, ശ്രീഹരിക്കോട്ട തുടങ്ങിയ ബഹിരാകാശ കേന്ദ്രങ്ങൾ സ്ഥാപിച്ചത് സാരാഭായിയാണ്.
(KVARTHA) ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ലോകപ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായി ഈ ലോകത്തോട് വിട പറഞ്ഞിട്ട് 53 വർഷം. 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു.
ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി. ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ, വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി എച്ച് ഡി നേടി.
തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ കേന്ദ്രമായി ഇത് മാറുകയുണ്ടായി. ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ ചെയർമാനായും അദ്ദേഹം നിയമിതനായി. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശിൽപി ഇദ്ദേഹമാണ്.
1963 നവംബർ 21ന് തുമ്പയിൽ നിന്ന് നൈക്ക് അപ്പാച്ചി എന്ന ചെറു റോക്കറ്റ് വിക്ഷേപിക്കുകയുണ്ടായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ പിന്നീട് 'വിക്രം സാരാഭായ് സ്പേസ് സെൻറർ' എന്ന് നാമകരണം ചെയ്യുകയുമുണ്ടായി.
1965ൽ ഐഎസ്ആർഒ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വിക്രം സാരാഭായി തന്നെയാണ് ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽപ്പിയും. പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായത് വിക്രം സാരഭായുടെ ഇത്തരത്തിലുള്ള ദീർഘവീക്ഷണമാണ്. അഹമ്മദാബാദിലെ ഐഐഎം, കൽപ്പാക്കത്തിലെ ബ്രീഡർ ടെസ്റ്റ് റിയാക്ടർ തുടങ്ങി പത്തോളം പ്രമുഖ സ്ഥാപനങ്ങളുടെ പിന്നിലെ ചിന്താശക്തിയും വിക്രം സാരാഭായി തന്നെയാണ്.
1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി. മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് ഭാര്യ.
പത്മഭൂഷനും പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിച്ചിട്ടുള്ള ആ ശാസ്ത്രജ്ഞൻ 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് തന്റെ അൻപത്തിരണ്ടാമത് വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നു.
#vikramsarabhai #isro #indianinspace #spaceexploration #science #india #space #tribute