Thaikandi Kunjabdulla | തൈക്കണ്ടി കുഞ്ഞബ്ദുല്ല ഇനി ഓര്മ; അസ്തമിച്ചത് കോഴിക്കോട് അനുഭവിച്ച ചീക്കോന്നിന്റെ ആതിഥ്യപ്പെരുമ
വാണിമേല്‍: (www.kvartha) കണ്ണങ്കണ്ടി ബിസിനസ് ഗ്രൂപിലൂടെ പുകള്‍പെറ്റ ചീക്കോന്ന് ഗ്രാമത്തിന് കീര്‍ത്തി കിരീടം ചൂടിച്ച ആതിഥേയന് ഇനി ഓര്മ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് നഗരത്തിലെത്തുന്ന പൊതുപ്രവര്‍ത്തകരെ ആദരവോടെ വരവേറ്റ് സൗജന്യ ഭക്ഷണ, താമസ സൗകര്യം ഒരുക്കിയിരുന്നു ചൊവ്വാഴ്ച വിടപറഞ്ഞ മാവൂര്‍ റോഡിലെ വെസ്റ്റേണ്‍ ടൂറിസ്റ്റ് ഹോം ഉടമ തൈക്കണ്ടി കുഞ്ഞബ്ദുല്ല.
അദ്ദേഹത്തിന്റെയും സഹോദരന് പരേതനായ അഹമ്മദിന്റെയും ആതിഥ്യമര്യാദ അനുഭവിച്ചവരില്‍ വിവിധ പാര്‍ടികളിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയങ്ങളില്‍ നിറഞ്ഞുനിന്ന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉണ്ട്. വിവിധ പാര്‍ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, ദേവഗിരി കോളജിലെ കെഎസ്യു യൂനിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
മാധ്യമം ഡെപ്യൂടി എഡിറ്ററായിരുന്ന കെ ബാബുരാജ്, മലയാള മനോരമയില്‍ നിന്ന് വിരമിച്ച പി ദാമോദരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ മനസില്‍ ഇടം നേടിയ പത്രപ്രവര്‍ത്തകരാണ്. വണ്ടിക്കൂലിക്ക് കാശില്ലാതെയും ഉടുതുണിക്ക് മറുതുണിയില്ലാതേയും ഒരുകാലം നഗരത്തിലെത്തിയിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭക്ഷണവും താമസസൗകര്യവും യാത്രച്ചെലവിന് പണവും നല്‍കിയാണ് അദ്ദേഹം സ്വീകരിച്ചത്.
മാവൂര്‍ റോഡ് ഇന്ദിരാഗാന്ധി റോഡായി വികസിക്കും മുമ്പ് പാതയോരത്ത് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയവരായിരുന്നു ഏറെയും ആശ്രയിച്ചത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്, മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മുന്‍ സ്പീകര്‍ ജി കാര്ത്തികേയന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍മന്ത്രി പി ശങ്കരന്, പി എം സുരേഷ് ബാബു തുടങ്ങിയവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം 1978-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിക്കും കെ കരുണാകരനുമൊപ്പം ഉറച്ചുനിന്നു.
ഐ വിഭാഗത്തില്‍പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ന് അഭയ കേന്ദ്രം തന്നെയായിരുന്നു വെസ്റ്റേണ്‍ ടൂറിസ്റ്റ് ഹോം. നിര്യാണം അറിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, വി എം ചന്ദ്രന്, പ്രമോദ് കക്കട്ടില്‍ തുടങ്ങി ഒട്ടേറെ പേര് വീട്ടിലെത്തി. എംപിമാരായ കെ മുരളീധരന്, എം കെ രാഘവന് എന്നിവര്‍ അനുശോചനമറിയിച്ചു. ഭാര്യ: സുബൈദ. മക്കള്‍: സൈഫ് തൈക്കണ്ടി, ശഹറുന്നിസ. മരുമക്കള്‍: ജാഫര്‍ തൈക്കണ്ടി, ഹഫ്സത്.
Keywords: News, Kerala, Kozhikode, Obituary, Remembrance of Thaikandi Kunjabdulla.