Mystery | പീഡനക്കേസില്‍ പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം
● 10 ദിവസമായി ഷാനു ഇസ്മയില്‍ ഇവിടെയാണ് താമസിക്കുന്നത്.
● പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
● സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൊച്ചി: (KVARTHA) നടിയുടെ പീഡനക്കേസില്‍ (Molestation Case) പ്രതിയായ സിനിമ - സീരിയല്‍ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി (Production Controller) പ്രവര്‍ത്തിച്ച് വന്നിരുന്ന ഷാനു ഇസ്മയില്‍ (Shanu Ismail) മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ഷാനു ഇസ്മയില്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് ഹോട്ടലുടമ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. എല്ലാ ദിവസവും ഷാനു, മുറിക്ക് പുറത്തിറങ്ങുമായിരുന്നു. എന്നാല്‍ ഏറെ വൈകിയും ഷാനുവിനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ റൂം എടുത്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് ഷാനു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. 2018 ല്‍ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
മരണത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#ShanuIsmail #MalayalamActress #MolestationCase #Death #Investigation #Kochi #KeralaNews