മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയന്‍; കൊച്ചിയുടെ സ്വന്തം ഗായകന്‍ കൊച്ചിന്‍ ആസാദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

 


കൊച്ചി: (www.kvartha.com 13.11.2019) മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ പാടിയിട്ടുള്ള ആസാദ് മുഹമ്മദ് റാഫിയുടെ ശബ്ദം ചുണ്ടുകളില്‍ ആവാഹിച്ചെടുത്ത ഗായകന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നു പതിറ്റാണ്ടായി കൊച്ചി ഉള്‍പ്പടെ നിരവധി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു മട്ടാഞ്ചേരിക്കാരനായ ഈ ഗായകന്‍. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍ നടക്കും. ഭാര്യ സക്കീന. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്.

മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയന്‍; കൊച്ചിയുടെ സ്വന്തം ഗായകന്‍ കൊച്ചിന്‍ ആസാദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

'കേരള റാഫി' എന്നറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി സ്വദേശിയായ ആസാദ് അനശ്വര ഗായകനായ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചാണ് ആസ്വാദകഹൃദയങ്ങളില്‍ ഇടംപിടിച്ചത്. പിതാവ് പരേതനായ യൂസുഫും നന്നായി ഹിന്ദി പാട്ടുകള്‍ പാടിയിരുന്നു. ആസാദിനു റാഫി ഗാനങ്ങള്‍ പരിചയപ്പെടുത്തിയതും പിതാവാണ്. 1977-ല്‍ ബഹ്റൈനിലേക്കു പോയ ആസാദ് അവിടെയും സംഗീതപരിപാടികളില്‍ സജീവമായി.

1980ല്‍ മുഹമ്മദ് റാഫി അന്തരിച്ചതോടെ എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആസാദ് പാടി. തുടര്‍ന്നു നാട്ടിലെത്തിയ ശേഷം ആസാദ് ഗാനമേളകളില്‍ സജീവമായി. എസ് പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം കൊച്ചിയില്‍ പാടാനും അവസരം ലഭിച്ചിരുന്നു.

പാട്ടിന്റെ കാര്യത്തില്‍ ഗുരുക്കളാരുമില്ലെങ്കിലും താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത റാഫി സാഹിബിനെ മനസ്സില്‍ ഗുരുവായി പ്രതിഷ്ഠിച്ചയാളാണ് ആസാദ്. റാഫിയുടെ അഞ്ഞൂറിലേറെ പാട്ടുകള്‍ വിവിധ വേദികളില്‍ പാടാറുണ്ടെങ്കിലും ഓ ദുനിയാ കേ രഖ്വാലേ.... എന്ന ഗാനമാണ് ഏറെ ഇഷ്ടമെന്ന് ആസാദ് പറഞ്ഞിരുന്നു. ഗസല്‍ ഇഷ്ടമാണെങ്കിലും സിനിമകളില്‍ റാഫി പാടിയിട്ടുള്ള ഗസലുകള്‍ മാത്രമേ ആസാദ് പാടാറുള്ളൂ.

കൊച്ചിന്‍ ആസാദ് എന്ന ഗായകന്‍ ജീവിക്കാന്‍ വേണ്ടി കത്രികയും എടുത്തിട്ടുണ്ട്. ബഹ്റൈനില്‍ 23 വര്‍ഷം ഹെയര്‍കട്ടിങ് സലൂണില്‍ ജോലിയെടുത്തപ്പോഴും സംഗീതം അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു.

കത്രികയും സംഗീതവും തമ്മില്‍ ബന്ധമുണ്ടോയെന്നു ചോദിച്ചാല്‍ കൊച്ചിന്‍ ആസാദ് പറയും: രണ്ടും തന്റെ ജീവനാണെന്ന്. ബഹ് റൈനിലെ മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ പാട്ടുപാടാന്‍ എന്നും ആസാദ് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അവിടെ നിരവധി സ്റ്റേജ് ഷോകളിലും പങ്കാളിയാകാന്‍ ആസാദിന് അവസരം കിട്ടി.
തിരിച്ചു നാട്ടിലെത്തിയ ആസാദ് 2003ല്‍ പാലസ് റോഡില്‍ ജന്റ്സ് ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. ഗാനമേളയുള്ള ദിവസങ്ങളില്‍ നേരത്തേ കടപൂട്ടിയിറങ്ങും. പാടുന്നതു മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ മാത്രം. മട്ടാഞ്ചേരിയിലെ മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുന്ന റാഫിനൈറ്റില്‍ സ്ഥിരമായി പാടാറുള്ള ആസാദ് മറ്റു പല ട്രൂപ്പുകളിലും പാടാറുണ്ട്. 

ഹാജി ഈസ ഹാജി മൂസ സ്‌കൂളില്‍ പത്താംക്ലാസ് വരെ പഠിച്ചെങ്കിലും സംഗീതഭ്രമത്താല്‍ പഠനം മുടങ്ങി. പിന്നെ, ബാപ്പ സ്വന്തമായി നടത്തിയിരുന്ന ബോംബെ ഹെയര്‍ കട്ടിങ് സലൂണില്‍ ഹെയര്‍കട്ടിങ് പഠിച്ചു. ചുണ്ടിലൂറുന്ന ഈരടികള്‍ക്കു കത്രികയുടെ ശബ്ദം താളമായി.


Keywords:  Singer Cochin Azad passes away, Kochi, News, Singer, Cinema, Obituary, Dead, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia