Accident | ഹെഡ്‌ഫോണ്‍ ചെവിയില്‍വെച്ച് റെയില്‍വേ ട്രാക്കില്‍ ഇരുന്ന വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം
● 20കാരന്‍ മാതാപിതാക്കളുടെ ഏക മകനായിരുന്നു.
● മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിന്‍ വന്നത് അറിഞ്ഞില്ല.
● സുഹൃത്ത് അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഭോപ്പാല്‍: (KVARTHA) ഹെഡ്‌ഫോണ്‍ ചെവിയില്‍വെച്ച് റെയില്‍വേ ട്രാക്കില്‍ ഇരുന്ന 20 കാരന് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം. ബിബിഎ വിദ്യാര്‍ത്ഥിയായ മന്‍രാജ് തോമറാണ് (Manraj Tomar-20) മരിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിന്‍ വന്നത് വിദ്യാര്‍ത്ഥി അറിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തിന്റെ കൂടെ മന്‍രാജ് തോമറും റെയില്‍വേ ട്രാക്കില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്നു. മന്‍രാജ് തോമര്‍ മൊബൈല്‍ ഫോണില്‍ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മന്‍രാജ് തോമര്‍ ഹെഡ്ഫോണ്‍ വെച്ച് ഫോണില്‍ എന്തോ സ്‌ക്രോള്‍ ചെയ്യുകയായിരുന്നുവെന്നും അതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. മന്‍രാജിന് എതിര്‍ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. അതിനാല്‍ സുഹൃത്ത് അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ട്രെയിന്‍ തട്ടിയതിന് പിന്നാലെ മന്‍രാജ് തോമര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബോഡി ബില്‍ഡിംഗും റീല്‍ നിര്‍മ്മിക്കുന്നതും ഇഷ്ടമായിരുന്ന മന്‍രാജ് തോമര്‍ മാതാപിതാക്കളുടെ ഏക മകനാണെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു.
#trainaccident #headphones #safety #awareness #mobilephone