കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായിരുന്ന തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ (85) അന്തരിച്ചു. അരീക്കോടിനടുത്ത പത്തനാപുരത്തെ വസതിയില്‍ ഞായറാഴ്ച രാവിലെ 7.10 നായിരുന്നു അന്ത്യം.
മദ്‌റസാ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ ഇദ്ദേഹം കേരളത്തിലെ ആദ്യത്തെ മുഫത്തിശ്ശായിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസബോര്‍ഡ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളുടെ സ്ഥാപകാംഗമായി പ്രവര്‍ത്തിച്ച ഇദ്ദേഹം മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് സിലബസ് നിര്‍മിച്ചതില്‍ പ്രമുഖ പങ്ക് വഹിച്ചു.
മികച്ച പ്രഭാഷകനും കവിയും ഗ്രന്ഥകാരനുമായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് വയനാട്ടില്‍ ദേശീയ പ്രസ്ഥാനങ്ങളുമായി ഇടപഴകി പ്രവര്‍ത്തിച്ചു. ജില്ലയിലെ മുസ്‌ലിം കുടിയേറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന സഞ്ചാരികള്‍ക്കൊരു വഴികാട്ടി എന്ന പുസ്തകത്തിനു പുറമെ മുവാഫിഖും മസ്ബൂഖും, പവിഴങ്ങള്‍, സാദൂന്‍ യസീര്‍ ലിയൗമില്‍ അസീര്‍, ബുറാഖിന്‍ പുറത്ത് , തജ്‌വീദുത്തിലാവ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇസ്‌ലാമിക പ്രബോധന രംഗത്തെ തരുവണ അബ്ദുല്ല മുസ്‌ലിയാരുടെ സംഭാവനകളെ പരിഗണിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ 2010ലെ മഖ്ദൂമിയ അവാര്‍ഡിന് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നിരവധി ശിഷ്യഗണങ്ങളുണ്ടായിരുന്നു.
1927 ജൂലൈ ഏഴിന് വയനാട് തരുവണ കുട്ടപ്പറമ്പന്‍ അഹ്മദ്-മര്‍യം ദമ്പതികളുടെ മകനായാണ് അബ്ദുല്ല മുസ്‌ലിയാര്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തരുവണ പള്ളി ദര്‍സില്‍ സുപ്രസിദ്ധ സൂഫി വര്യനായ എടത്തില്‍ ഉസ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. കിഴക്കോത്ത് ഹുസൈന്‍ മുസ്‌ലിയാര്‍, പൊന്നാനി നൂറാനിങ്ങാനത്ത് ബാവ മുസ്‌ലിയാര്‍ , കാപ്പാട് പി കുഞ്ഞിഹസന്‍ മുസ്‌ലിയാര്‍ , മേപ്പിലാഞ്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍ , ചിറക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ ചെക്ക്യാട് എന്നിവരും ഗുരുനാഥന്‍മാരും പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, സി എം വലിയ്യുല്ലാഹി, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, വേങ്ങര കോയപ്പാപ്പ, കിഴിശ്ശേരി മൊയ്തീന്‍ മുസ്‌ലിയാര്‍ ആത്മീയ ഗുരുക്കളുമാണ്.
പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ മതധ്യാപകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് സമസ്തയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ രൂപവത്കരണത്തില്‍ സജീവ പങ്കുവഹിച്ചു. 1956ല്‍ ആദ്യത്തെ മുഫത്തിശായി നിയമിതനായ ശേഷം കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച് മദ്‌റസാ പ്രസ്ഥാനം ശക്തിപ്പെടുത്തി.
ഭാര്യമാരായ ഹലീമ, ആസിയ എന്നിവര്‍ 1972ലും 2006ലുമായി മരണപ്പെട്ടു. മക്കള്‍: ഇബ്‌റാഹീം അസ്ഹനി, ആഇശ, മര്‍യം, സ്വഫിയ്യ, മൈമൂന, റുഖിയ്യ, അസ്മ, ജമീല, സുഹ്‌റ, സല്‍മ, സാജിത, പരേതയായ ഫാത്തിമ. മരുമക്കള്‍: കായക്കൊടി ഇബ്‌റാഹീം മുസ്‌ലിയാര്‍, അലവി മുസ്‌ലിയാര്‍ വാക്കാലൂര്‍, മൂസക്കുട്ടി മുസ്‌ലിയാര്‍ ബീനാച്ചി, മുഹമ്മദലി മുസ്‌ലിയാര്‍ ചുണ്ട, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ പുന്നക്കല്‍, ഉസ്മാന്‍ സഖാഫി ചുണ്ട, സകരിയ്യ അഹ്‌സനി മലയമ്മ, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, ശിഹാബുദ്ദീന്‍ കൊടിയത്തൂര്‍, ഉബൈദുല്ല കൊടിയത്തൂര്‍, ഉമ്മുകുല്‍സും. സഹോദരങ്ങള്‍; ഇബ്‌റാഹീം, പരേതരായ ആലിമുസ്‌ലിയാര്‍ കുട്ടപ്പറമ്പന്‍, ആഇശ.
പത്തനാപുരം ചെറിയ ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എം ഐ ഷാനവാസ് എം പി, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി വെണ്ണക്കോട്, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസ്സന്‍ മുസ്‌ലിയാര്‍ , കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എ പി അബ്ദുല്ല ഹകീം അസ്ഹരി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കലാം മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
English summery: Islamic Scholar Tharuvana Abdulla Musliyar passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.