Tragedy | മക്കളെ തനിച്ചാക്കി അവര്‍ യാത്രയായി; മലപ്പുറത്ത് വീടിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വയോധികയും ദമ്പതികളുമടക്കം 3 പേര്‍ മരിച്ചു
മലപ്പുറം: (KVARTHA) പെരുമ്പടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ചത് അപകടമല്ലെന്നും ജീവനൊടുക്കിയതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു (Died). വീട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി (70), മകന്‍ മണികണ്ഠന്‍ (50), ഭാര്യ റീന (40) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഇവരുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മരിച്ച മൂന്നുപേര്‍ക്കും 90ശതമാനവും പൊള്ളലേറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടന്നാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്നതോടെയാണ് കുട്ടികള്‍ക്കും പരിക്കേറ്റത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലെ വിവരം. പെട്രോള്‍ അടങ്ങിയ കുപ്പി അടക്കം സ്ഥലത്തുനിന്നും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#housefire #malappuram #Kerala #tragedy #financialhardship #family #support