Tragedy | കൊലപാതക കേസുകളിലെ പ്രതികളടക്കം മൈസൂറു സെന്‍ട്രല്‍ ജയിലിലെ 3 തടവുകാര്‍ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു
● വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെ അനുഭവപ്പെടുകയായിരുന്നു.
● കേക്കില്‍ ചേര്‍ക്കുന്ന എസന്‍സ് അമിത അളവില്‍ ഉള്ളില്‍ച്ചെന്നുവെന്ന് പൊലീസ്.
● ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കളോട് വിവരം പറഞ്ഞു.
ബെംഗളൂരു: (KVARTHA) കൊലപാതക കേസുകളിലെ പ്രതികളടക്കം മൈസൂറു സെന്‍ട്രല്‍ ജയിലിലെ മൂന്ന് തടവുകാര്‍ ശാരീരകാസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു. ജയിലിലെ പലഹാരനിര്‍മാണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്. കേക്കില്‍ ചേര്‍ക്കുന്ന എസന്‍സ് അമിത അളവില്‍ ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്നാണ് മൂവരും മരിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഒരുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ അധികൃതര്‍ അറിയാതെ എസന്‍സ് അമിത അളവില്‍ കുടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കളോട് ഇതു കുടിച്ച കാര്യം ഇവര്‍ അറിയിച്ചതായി ജയില്‍ സൂപ്രണ്ട് ബി എസ് രമേഷ് പറഞ്ഞു.
വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെ അനുഭവപ്പെട്ടതോടെ ജയില്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യത്യസ്ത കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.
#MysoreJail #PrisonDeath #FoodPoisoning #IndiaNews #KarnatakaNews #Tragedy