മലയാളിയായ കള്ളുഷാപ്പ് ഉടമ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു

 


മലയാളിയായ കള്ളുഷാപ്പ് ഉടമ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു
Sasidharan
മംഗലാപുരം: മലയാളിയായ കള്ളുഷാപ്പ് ഉടമ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. ധര്‍മ്മസ്ഥലയില്‍ മെയ് ഏഴിന് രാത്രി 10 മണിയോടെയാണ് സംഭവം. കുദ്രിയയില്‍ കള്ളുഷാപ്പ് നടത്തുന്ന ശശിധരന്‍(52)ആണ് മരിച്ചത്. രാത്രി കള്ളുഷാപ്പ് അടച്ച് വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ പോകുമ്പോഴാണ് ഇയാളെ ഘാതകര്‍ വെട്ടിവീഴ്ത്തിയത്.

മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ള ശശിധരന്‍ പ്രദേശത്ത് നല്ല സ്വാധീനമുള്ള വ്യക്തിയാണ്. ലൈസന്‍സോടെയുള്ള മണല്‍ കടത്തും നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും കര്‍ണാകയിലേക്ക് കുടിയേറിയ ദിവാകരന്‍-പൊന്നമ്മ ദമ്പതികളുടെ മകനാണ് ശശിധരന്‍.

പതിവിന് വിപരീതമായി രാത്രി 10.30 മണിയായിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മല്ലിക മൊബൈലില്‍ വിളിച്ചപ്പോള്‍ നിരന്തരം മണിയടിക്കുന്നതല്ലാതെ മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് കള്ളുഷാപ്പിന് തൊട്ടടുത്തുള്ള നീലയ്യയെ വിളിച്ചപ്പോള്‍ പതിവ് പോലെ ഷാപ്പ് അടച്ച് വീട്ടിലേക്ക് പുറപ്പെട്ടുവെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് മല്ലിക നല്‍കിയ വിവരമനുസരിച്ച് ശശിധരന്റെ സഹോദരന്‍ നടത്തിയ തിരച്ചിലിലാണ് ചോരയില്‍ കുളിച്ച മൃതദേഹം റോഡില്‍ കണ്ടെത്തിയത്. സമീപത്ത് സഞ്ചരിച്ച സ്‌ക്കൂട്ടറുമുണ്ടായിരുന്നു.

വാളുകൊണ്ടുള്ള വെട്ടേറ്റാണ് ശശിധരന്‍ മരിച്ചതെന്ന് കേസന്വേഷിക്കുന്ന ബെല്‍ത്തങ്ങാടി പോലീസ് വെളിപ്പെടുത്തി. ശശിധരന്‍ സ്ഥിരമായി കൊണ്ട് നടക്കാറുള്ള കത്തി കാണാതായിട്ടുണ്ട്. ഒരു കൈ വെട്ടിനീക്കിയ നിലയിലാണ്. ഘാതകരുമായി പിടിവലി നടന്ന ലക്ഷണവുമുണ്ട്. തലയ്ക്കും മാരകമായ വെട്ടേറ്റിരുന്നു.

Keywords:  Mangalore, Obituary, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia